വെളുപ്പ് ചര്‍ച്ചയാവാത്തത് എന്താണ്?

എ എസ് അജിത്ത് കുമാര്‍

പി എസ് ജയ എന്ന കലാകാരി സ്വന്തം ശരീരത്തില്‍ കറുത്ത പെയിന്റടിച്ച് കറുപ്പിനെക്കുറിച്ചുള്ള പൊതുബോധത്തിനെതിരായ ഒരു കലാപ്രതിഷേധം നടത്തിയത് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു. ദലിത് സമുദായവൃത്തങ്ങളില്‍നിന്നടക്കം ശക്തമായ പ്രതികരണങ്ങള്‍ തന്നെയുണ്ടായി. പി എസ് ജയ എന്തുകൊണ്ട് 'കറുപ്പ്' തിരഞ്ഞെടുത്തു എന്നതു മുതല്‍ തന്നെ ചര്‍ച്ചചെയ്യേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ഒരു പ്രശ്‌നം എന്ന നിലയിലല്ലെങ്കില്‍ സമൂഹത്തില്‍ തെളിഞ്ഞു നിലനില്‍ക്കുന്ന ഒരു പ്രശ്‌നം എന്ന നിലയില്‍ എന്തുകൊണ്ട് കറുപ്പിനെ മാത്രം കാണുന്നു? കറുപ്പ് ഈ രീതിയില്‍ ഒരു പ്രത്യേകതയായി കാണുന്നതിലൂടെ ഒരിക്കലും ഒരു പ്രത്യേകതയായി അല്ലെങ്കില്‍ എടുത്തുകാണിക്കുന്ന ഒന്നായി പ്രകടിപ്പിക്കപ്പെടാതെ സ്വാഭാവികം എന്ന പേരില്‍ നിലനില്‍ക്കുന്ന 'വെളുപ്പി'നെ കാണാതെപോവുന്നു. വെളുപ്പിന്റെ ഈയൊരു സ്വാഭാവികമായ സാന്നിധ്യത്തിലേക്കല്ലേ ശ്രദ്ധതിരിയേണ്ടത്?
ജയയുടെ പ്രതിഷേധം പ്രത്യേകമായി അടയാളപ്പെടുത്തുന്നത് കറുപ്പിനെയാണ്. കറുപ്പിനെ ദലിത് ജീവിതാനുഭവവുമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടുത്തുന്നുമുണ്ട്. ദലിത് എന്നതിന് ഒരു പര്യായപദംപോലെ കറുപ്പിനെ ഉപയോഗിക്കുന്ന യുക്തിയെ ദലിത് പക്ഷത്തുനിന്ന് ചോദ്യംചെയ്യപ്പെട്ടു. കറുപ്പിനെ ഒരു ദുരനുഭവം അല്ലെങ്കില്‍ വിധി എന്ന നിലയിലാണ് ജയയുടെ അനുഭവവിവരണങ്ങളില്‍ കാണുന്നത്. ഇതില്‍ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്, കറുത്ത ശരീരങ്ങളുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ മാത്രമേയുള്ളൂ എന്ന ധാരണയുണ്ടാക്കുന്നു. ഈയൊരു നിറത്തിന്റെ അനുഭവങ്ങളോട് പല രീതിയില്‍ ഇടപെട്ടുകൊണ്ടാണ് പലരും ജീവിക്കുന്നത് എന്നത് മറന്നുപോവുന്നു. ഒപ്പം എല്ലാസമയത്തും കറുത്തനിറമുള്ളവരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമായി സ്വന്തം നിറം നില്‍ക്കുന്നു എന്ന മുന്‍വിധി ഇതിനുണ്ട് എന്നതാണ്. എല്ലാ സമയത്തും ഉള്ളില്‍ കറുപ്പിനെക്കുറിച്ച ചിന്തയുമായി നടക്കുകയാണോ കറുത്തനിറമുള്ളവര്‍? അല്ലെന്നാണ് എനിക്കു തോന്നുന്നത്. കറുപ്പുനിറം ഒരു പ്രശ്‌നമായി നിലവില്‍ കൊണ്ടുവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഈ ബോധമുണ്ടാവുന്നത്. അല്ലാതെ എപ്പോഴും അതിനെക്കുറിച്ച് ആശങ്കപ്പെട്ടുനടക്കുന്നവരാണെന്നു പറയാന്‍ കഴിയില്ല. രണ്ടാമതായി, കറുപ്പ് ഈ നിലയ്ക്ക് ഒരു വലിയ പ്രശ്‌നമാക്കുന്നതിലൂടെ വെളുപ്പ് എന്നതിന്റെ സാമൂഹിക സൃഷ്ടി/വ്യാവഹാരികമായ സൃഷ്ടി എന്നതിനെ അത് അഭിസംബോധന ചെയ്യുന്നില്ല എന്നതാണ്.
അമേരിക്കയിലും യൂറോപ്പിലുമുള്ള വര്‍ണവെറി, വംശീയത എന്നിവയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തവര്‍ണത്തിന്റെ നിര്‍മിതിയെക്കുറിച്ചുള്ള പഠനങ്ങള്‍. വെളുത്തവര്‍ഗക്കാരുടെ പ്രിവിലേജ്, ആധുനിക വെളുത്ത ഐഡന്റിറ്റികള്‍ എങ്ങനെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത് എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. വര്‍ണം, വംശം എന്നിവയുമായി ബന്ധപ്പെട്ട് മറ്റെല്ലാ സാമൂഹികഗണങ്ങളെയും അപരരായി നിര്‍മിക്കുമ്പോഴും വെളുപ്പ് മാത്രം എങ്ങനെ സ്വാഭാവികമായതും സംസാരിക്കപ്പെടാത്ത ഒന്നായും നിലനില്‍ക്കുന്നു എന്നുള്ള അന്വേഷണങ്ങള്‍ ഇവ മുന്നോട്ടുവയ്ക്കുന്നു. ഇതേപോലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു സ്വാഭാവികതയായി നിലനില്‍ക്കുന്ന ജാതി, നിറം എന്നിവയുമായി ബന്ധപ്പെട്ട പ്രിവിലേജുകളെ കൂടുതല്‍ വെളിവാക്കേണ്ടതുണ്ട്. സംവരണവിരുദ്ധ വ്യവഹാരങ്ങളുടെ ചുവടുപിടിച്ച് സവര്‍ണസമുദായങ്ങള്‍ ജനറല്‍ കാറ്റഗറിയായി അവകാശപ്പെടുന്നതുകാണാം. പട്ടികജാതി-വര്‍ഗം എന്നതിനെയാണ് ഒരു പ്രത്യേകതയായി കാണുന്നത്. ജാതി അടയാളം ഇല്ലാത്തവരായി സ്വയം അവകാശപ്പെടുന്ന സവര്‍ണവിഭാഗങ്ങളില്‍ ഇതിനോടൊപ്പം സവര്‍ണരുടെ സവിശേഷ സാമൂഹികാനുകൂല്യങ്ങളെ മറച്ചുവയ്ക്കുന്നു എന്നത് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ നിലയ്ക്കു തന്നെയാണ് വെളുത്തനിറത്തിന്റെ കാര്യവും വരുന്നത്. ദലിതര്‍ തങ്ങളില്‍നിന്നു വ്യത്യസ്തമായ രൂപവും നിറവും ഉള്ളവരാണെന്ന ഒരു അപരത്വത്തിന്റെ നിര്‍മിതിയിലൂടെ സവര്‍ണജാതികള്‍ വെളുത്തവരും സൗന്ദര്യമുള്ളവരും മനുഷ്യരൂപത്തെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡിന് അടുത്തെത്തിയവരാണെന്നും സ്ഥാപിക്കുന്നു. പൊതുവായ നിറം വെളുപ്പാണെന്നും അതില്‍നിന്നുള്ള വ്യതിയാനങ്ങള്‍ കുറവോ ആധിക്യമോ ഒക്കെയായി കറുപ്പിനെ കാണുന്നു. പി എസ് ജയ തന്നെ സ്വന്തം ശരീരത്തില്‍ കറുപ്പ് പൂശുമ്പോള്‍ ഇതാണു സംഭവിക്കുന്നത്. വെളുത്ത സ്വാഭാവികമായ ഒരു ശരീരത്തില്‍ കറുപ്പ് അധികമായി തേക്കേണ്ടിവരുന്നു. സാധാരണ വെളുത്തനിറമുള്ളവരോട് ''നീയങ്ങു കറുത്തുപോയല്ലോ'' എന്നു പറയുന്നതു തന്നെ ഈ സ്വാഭാവികമായ നിറം കുറഞ്ഞല്ലോ എന്ന നിലയ്ക്കാണ്. പണ്ട് നാട്ടിലെ ഒരു നായര്‍സ്ത്രീ മകനെ വഴക്കുപറയുന്നത് കേട്ടതോര്‍ക്കുന്നു. വൈകുന്നേരം കളിക്കാന്‍ പോയി വൈകിവന്ന കുട്ടിയോട് ആ സ്ത്രീ പറഞ്ഞത് ''വെയില്‍ കൊണ്ട് കറുത്ത് ഒരുമാതിരി പെലപ്പിള്ളേരെപോലെ വന്നുനില്‍ക്കുന്നു'' എന്നാണ്. വെളുപ്പിനെക്കുറിച്ചുള്ള ഈ ഉല്‍ക്കണ്ഠകള്‍ ജാതിയുമായി ബന്ധപ്പെട്ട് വെളുപ്പ് നിര്‍മിക്കപ്പെട്ടതിനെ സൂചിപ്പിക്കുന്നു.
സിനിമയിലും സാഹിത്യത്തിലും സംഗീതത്തിലും പത്രങ്ങളിലും ഭാഷയിലും എല്ലാം വെളുപ്പ് സ്വാഭാവികമാണെന്ന നിലയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമകളിലെ വെളുപ്പിനെക്കുറിച്ച് പ്രത്യേകം പറയാതെ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കറിയാം. ജാതി അഭിമാനത്തിന്റെ, ജാതി സ്വത്വത്തിന്റെ സ്വാഭാവികമായ ഒരു മാനമായി വെളുത്ത നിറം നില്‍ക്കുന്നതു കാണാം. ഇതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ ധാരാളം നടക്കുന്നതുകൊണ്ട് അതിലേക്കു കടക്കുന്നില്ല. എന്നാല്‍, ഈയടുത്ത കാലത്തെ ദലിത് പ്രതിനിധാനങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു. ആ ദലിത് ദൃശ്യത ദലിതരെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. പി എസ് ജയയുടെ പ്രകടനത്തിന്റെ വ്യവഹാരം തന്നെയാണ് ഇവയില്‍ പലതും കൈപ്പറ്റുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ 'കറുത്ത പല്ലുന്തിയ' ദലിതര്‍ എന്ന എത്‌നോഗ്രഫിക് മാതൃകകള്‍ ചായംപൂശല്‍പോലെ തന്നെ വെളുപ്പുനിറത്തെ/വെളുത്ത പ്രിവിലേജിനെ സ്വാഭാവികമാക്കി നിലനിര്‍ത്തുന്നുണ്ട്. ഇതില്‍ രസകരമായ ഒരു കാര്യം രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഈ 'ദലിത്' ചിത്രീകരണം റിയലിസമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ജയയുടെ കറുപ്പ് പ്രതിഷേധം കലയായി അവകാശപ്പെടുന്നു എന്നുള്ളതാണ്. കറുപ്പ് തേച്ച് പൊതുയിടത്തില്‍ നടക്കുന്നത് (ജീവനോടെയുള്ള ഇടപെടല്‍) കലയും എന്നാല്‍ കമ്മട്ടിപ്പാടത്തെ ദലിത് പ്രതിനിധാനം സിനിമയല്ലാതെ 'യഥാതഥം' ആയി കാണപ്പെടുന്നു.
ഈ അവസരത്തില്‍ ചിന്തിക്കേണ്ട ഒരു കാര്യം എന്തുകൊണ്ട് ഇപ്പോള്‍ ജയയുടെ പ്രതിഷേധവും കമ്മട്ടിപ്പാടവും ഉണ്ടാവുന്നു എന്നുള്ളതാണ്. ഇപ്പോള്‍ ശക്തമാവുന്ന ഒരു ഇടതു സവര്‍ണ ലിബറല്‍ രാഷ്ട്രീയത്തിന്റെ ഭാഗംതന്നെയാണിത് എന്നാണ് മനസ്സിലാവുന്നത്. മനുഷ്യസംഗമം, അസഹിഷ്ണുതാ സംവാദങ്ങള്‍ എന്നിവയുടെയൊക്കെ തുടര്‍ച്ചയായിരിക്കാം ഇത്. ജാതിവിരുദ്ധ വ്യവഹാരങ്ങള്‍, ലിബറല്‍ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയവ്യവഹാരങ്ങള്‍ എന്നിവ സവര്‍ണ പുരോഗമനകാരികള്‍ക്ക് ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയാണ് ഈ കലാപ്രകടനങ്ങള്‍ തെളിയിക്കുന്നത്. സ്വത്വരാഷ്ട്രീയത്തിനെതിരേ പ്രതികരിക്കുമ്പോഴും സ്വന്തം സ്വത്വവും സവിശേഷാനുകൂല്യങ്ങളും അസ്വസ്ഥമാക്കുന്നതുകൊണ്ടുതന്നെ ആ ധര്‍മസങ്കടങ്ങളാണ് പലരും പ്രകടിപ്പിക്കുന്നത്. എന്നാല്‍, പുതിയകാലത്തെ ദലിത് ദൃശ്യത ഒരു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കെപിഎസി നാടകങ്ങളിലും മറ്റും കണ്ടിരുന്ന കീഴാളജാതി വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങുന്നില്ല. ഈ കാലഘട്ടത്തില്‍ ദലിതരെ എങ്ങനെയാണ് 'ആവിഷ്‌കരിക്കുക' എന്ന പ്രതിസന്ധി തന്നെയാണ് പി എസ് ജയയുടെ പ്രകടനവും കമ്മട്ടിപ്പാടംപോലുള്ള സിനിമകളും പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചില വ്യക്തികളുടെ പ്രശ്‌നത്തിനപ്പുറം ഒരു ചരിത്രമുഹൂര്‍ത്തത്തിന്റെ പ്രതിസന്ധികളെയാണ് ഇവ അടയാളപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it