Religion

വെളിപ്പെടട്ടേ സ്ത്രീവ്യക്തിത്വം

ടി കെ ആറ്റക്കോയ/ഹൃദയ തേജസ്




ല്ലാ നിലയിലും പുരോഗതി കൈവരിച്ച ഈ കാലത്തും പുരുഷാധിപത്യത്തിന്റെ നുകത്തിനു കീഴില്‍ തന്നെയാണ് സ്ത്രീ സമൂഹം. ഈ ക്രൂരതകള്‍ സ്ത്രീകളല്ലാത്ത മറ്റേതെങ്കിലും വിഭാഗത്തോടായിരുന്നെങ്കില്‍ മനുഷ്യസമൂഹത്തിന് പൊതുവായി ബാധിക്കുന്ന വിനകളായി ലോകം ഏറ്റെടുക്കുമായിരുന്നു. ഫെമിനിസ്റ്റ് ചിന്തകയായ ചാര്‍ലോട്ടുബഞ്ചിന്റേതാണീ വാചകങ്ങള്‍. പുരുഷന്മാര്‍ക്കൊപ്പം തന്നെയാണ് പ്രകൃതി സ്ത്രീകള്‍ക്കും പദവി നിശ്ചയിച്ചിട്ടുള്ളത്. എന്നിരുന്നാലും അത്യപൂര്‍വമായി മാത്രമേ സ്ത്രീകള്‍ക്ക് ആ സ്ഥാനം ലഭ്യമാകുന്നുള്ളൂ. 'പുരുഷ പ്രജകള്‍ ധനാഗമമാര്‍ഗമാണെന്നും പെണ്‍കുട്ടികള്‍ ധനവിനിയോഗ നിമിത്തമാണെന്നുമുള്ള' ധാരണയാണ് നിലനില്‍ക്കുന്നത്. ഒരു കുടുംബത്തിലെ മകന്‍ മുതല്‍ക്കൂട്ടും മകള്‍ ബാധ്യതയുമായി കരുതിപ്പോരുന്നു. വീട്ടിലെ നല്ലതെന്തും ആണ്‍കുട്ടിക്ക്, അവന്‍ ബാക്കിയാക്കുന്നത് പെണ്‍കുട്ടിക്ക്. മകന്റെ ആഗ്രഹങ്ങള്‍ ഉടനടി നടത്തിക്കൊടുക്കും മകളുടെ വാക്കുകള്‍ അവഗണിക്കും. ഇതാണ് സാധാരണ കണ്ടുവരുന്ന രീതി.' ഇത്തരം അഭിപ്രായങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പ്രകടിപ്പിച്ചവയാണ്. എന്നാല്‍, വലിയ മാറ്റങ്ങളില്ലാതെ അതേയവസ്ഥ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉദാഹരണങ്ങള്‍ നിരവധി.
കടവും ധനവും എന്ന തലക്കെട്ടില്‍ ടാഗൂര്‍ എഴുതിയ കഥ സ്ത്രീധനഹത്യയെക്കുറിച്ചാണ്. ഒരു പിതാവ് വളരെ കഷ്ടപ്പെട്ടു തന്റെ മകളെ ഒരു യുവാവിന് വിവാഹം ചെയ്തുകൊടുക്കുന്നു. സ്ത്രീധനം കൊടുത്തു തീര്‍ക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയെ മര്‍ദ്ദിച്ചവശയാക്കുന്നു. ഊണും ഉറക്കവും വിശ്രമവുമില്ലാത്ത നീണ്ട നാളുകള്‍ക്കൊടുവില്‍ അവള്‍ മരിച്ചുവീഴുന്നു. ഭാര്യയുടെ മരണം അറിയിച്ച് അമ്മ മകനെഴുതിയ കത്തില്‍ കുറേകൂടി നല്ല നിലയില്‍ സ്ത്രീധനം കിട്ടുന്ന വിവാഹബന്ധം ആലോചിക്കുന്നുവെന്ന് സൂചിപ്പിക്കാനും മറന്നു പോയില്ലെന്ന് ടാഗൂര്‍ കഥയില്‍ പറയുന്നുണ്ട്. ടാഗൂറിന്റെ കാലഘട്ടത്തിലെന്ന പോലെ ഇന്നും ഭര്‍തൃഗൃഹങ്ങളില്‍ വധുക്കള്‍ മര്‍ദ്ദിക്കപ്പെടുന്നു.
വളരെ പ്രാഥമികമായ ആവശ്യങ്ങള്‍ക്കായിപ്പോലും സ്ത്രീകള്‍ സമരരംഗത്തിറങ്ങേണ്ടിവരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വനിതാദിനത്തില്‍ മുംബൈയിലെ ഒരു പേന നിര്‍മാണക്കമ്പനിക്കെതിരേ സ്ത്രീ തൊഴിലാളികള്‍ നിരാഹാര സമരം നടത്തി. ജോലിസമയത്ത് പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ അനുവാദം നല്‍കണമെന്നായിരുന്നു അവരുടെ ഒരാവശ്യം. സ്ത്രീകള്‍ എവ്വിധമെല്ലാമാണ് ആക്രമിക്കപ്പെടുന്നതെന്ന് ഇതില്‍ നിന്നും എളുപ്പം മനസ്സിലാവും.
ഭോപ്പാല്‍ ദുരന്തവും സിഖ് വിരുദ്ധ കലാപവും കശ്മീരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും സ്ത്രീകളെയാണ് കൂടുതല്‍ ബാധിച്ചത്. ആ ദുരന്തങ്ങളുടെ ഇരകളായ സ്ത്രീകള്‍ ഇന്നും സമരമുഖങ്ങളിലാണ്. വളരെ അടിസ്ഥാനപരമായ അവരുടെ അവകാശങ്ങള്‍ വകവച്ചുകൊടുക്കുന്നില്ല.
ജോലി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടാവും. ആവശ്യമായത്ര വെള്ളം പിടിച്ചുവയ്ക്കാന്‍ മതിയായ പാത്രങ്ങളുമില്ല. ഈ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തങ്ങളുടെ പ്രദേശത്ത് ഒരു വാട്ടര്‍ ടാപ്പെങ്കിലും സ്ഥാപിച്ചു കിട്ടാന്‍ ബന്ധപ്പെട്ടവരുടെ മുമ്പില്‍ യാചിക്കുന്നവരായി ആദിവാസികള്‍ക്കിടയിലും വനവാസികള്‍ക്കിടയിലും ഗോത്രവര്‍ഗക്കാര്‍ക്കിടയിലും ധാരാളം സ്ത്രീകളുണ്ട്. കുടിവെള്ളത്തിന് വേണ്ടിയുള്ള നിസ്സഹായരായ സ്ത്രീകളുടെ പരാതികള്‍ അവഗണിക്കപ്പെടുകയാണ്.
സരോജ് അയ്യര്‍ എഴുതിയ മനുഷ്യനാകാനുള്ള പ്രക്ഷോഭം എന്ന കൃതിയില്‍ സ്ത്രീകളുടെ ദുരിതങ്ങള്‍ സോദാഹരണം പരാമര്‍ശിക്കുന്നുണ്ട്. എനിക്കു ജീവിതം മതിയായി, എന്റെ കുഞ്ഞിനു വേണ്ടിയാണ് ഞാന്‍ മരിക്കാതിരിക്കുന്നത് എന്നു പറയുന്ന ഇരുപതുകാരിയുടെയും ഭര്‍ത്താവ് പൊള്ളിച്ചതു കാരണം പതിനൊന്ന് സര്‍ജറികള്‍ക്കു വിധേയയായി, ചികില്‍സ കഴിഞ്ഞുവന്നാല്‍ എവിടെ പോകുമെന്നറിയാതെ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെയും പെണ്‍കുഞ്ഞിനെ പ്രസവിച്ചതു കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ മറ്റൊരു വിവാഹം ആഗ്രഹിച്ചു എന്ന കാരണത്താല്‍ അച്ഛന്റെയും സഹോദരന്റെയും മര്‍ദ്ദനമേറ്റു മരിച്ച സുശീലയുടെയും അമ്മാവന്റെ മകനെ കല്യാണം കഴിക്കാന്‍ സന്നദ്ധയായതിനാല്‍ രണ്ടു വര്‍ഷം വീട്ടിലെ ഇരുട്ടുമുറിയില്‍ കഴിയേണ്ടിവന്ന ഗീതയുടെയും അക്രമിയായ ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെടാന്‍ തീയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച ആഷയുടെയും തുടങ്ങി നിരവധി യുവതികളുടെ തിക്താനുഭവങ്ങള്‍ ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു. കുട്ടി കരയുന്നു, അമ്മയോട് സംസാരിച്ചു, അയല്‍ക്കാരി വീട്ടില്‍ വന്നു, കറിയിലുപ്പില്ല എന്നീ കാരണങ്ങള്‍ പറഞ്ഞു സ്ത്രീകളെ പ്രയാസപ്പെടുത്തുന്ന പുരുഷന്‍മാര്‍ നിരവധിയാണ്. സ്ത്രീകള്‍ വ്യക്തികളായി പരിഗണിക്കപ്പെടുന്നില്ല. ഇതിനു തെളിവായി കല്‍പ്പറ്റ നാരായണന്‍ ഇങ്ങനെ പറയുന്നു. ''നിങ്ങള്‍ കേള്‍ക്കാറില്ലേ, വീട്ടു പടിക്കല്‍ വന്ന് പിരിവുകാരോ കച്ചവടക്കാരോ ആരുമില്ലേ എന്നു ചോദിക്കുമ്പോള്‍ അകത്തു നിന്നും സ്ത്രീകള്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നത്.''
Next Story

RELATED STORIES

Share it