Kollam Local

വെളിത്തുരുത്തില്‍ തുറന്ന ബിവറേജസ് ഔട്ട്‌ലെറ്റ് സമരക്കാര്‍ പൂട്ടിച്ചു



ചവറ: കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ ജനകീയ മുന്നണി നടത്തിയ സമരത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി. കോടതി ഉത്തരവോടെ തുറന്ന് പ്രവര്‍ത്തിച്ച ബിവറേജ് ഔട്ട്‌ലെറ്റ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനം. നീണ്ടകര വെളിത്തുരുത്തിലെ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിലാണ് കനത്ത മഴയിലും പ്രതിഷേധം അരങ്ങേറിയത്. തട്ടാശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയതോടെയാണ് നീണ്ടകര പഞ്ചായത്തിലെ വെള്ളത്തുരുത്തിലേക്ക് മാറ്റാന്‍ ശ്രമം ഉണ്ടായത്. ജനവാസ മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ജനകീയ മുന്നണി രൂപീകരിച്ച് നാട്ടുകാര്‍ സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ വ്യത്യസ്ത സമര മാര്‍ഗങ്ങളിലൂടെ സജീവമായിരുന്നു. ഇതിനിടെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതി ലഭ്യമായതോടെ ബിവറേജ് അധികൃതര്‍ കോടതിയില്‍ നിന്നും ഔട്ട്‌ലെറ്റ് തുറക്കാന്‍ അനുമതി വാങ്ങുകയായിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച ഔട്ട് ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഔട്ട്‌ലെറ്റ് അടപ്പിക്കാന്‍ സംഘടിച്ചെത്തിയ പ്രതിഷേധക്കാരെ ഔട്ട്‌ലെറ്റിന് നൂറ് മീറ്റര്‍ അകലെ പോലിസ് തടഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ പിന്തിരിയാന്‍ കൂട്ടാക്കിയില്ല. പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും നടന്നു. കനത്ത മഴ പെയ്‌തെങ്കിലും ഔട്ട്‌ലെറ്റ് അടപ്പിച്ചിട്ടേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു സമരക്കാര്‍. ഒടുവില്‍ ചവറ സിഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇരു കൂട്ടരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധം ശക്തമായത് കാരണം ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it