kozhikode local

വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപ്പിടിത്തം : 50 ലക്ഷത്തിന്റെ നാശനഷ്ടം



പയ്യോളി: ഇരിങ്ങല്‍ കോട്ടക്കലിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപ്പിടിത്തം. അഗ്നിബാധയില്‍ വെളിച്ചെണ്ണ മില്ല് ഭാഗികമായി കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. കോട്ടക്കലില്‍ കൊളാവിപ്പാലം റോഡിലെ റോളക്‌സ് അല്‍ഫ മില്ലിനാണ് തീപിടിച്ചത്. സമീപത്ത് കൊപ്ര ലോഡ് ചെയ്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറി തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. രാത്രിയും പകലുമായി പ്രവര്‍ത്തിക്കുന്ന ഇവിടെ പുലര്‍ച്ചെ മൂന്നോടെ തൊഴിലാളികള്‍ ഉറങ്ങാന്‍ പോയിരുന്നു. അതിനാല്‍ തൊഴിലാളികള്‍ക്ക് അപായമില്ല. പുലര്‍ച്ചെ അഞ്ചോടെ മില്ലിന്റെ കിഴക്ക് ഭാഗത്തെ സ്‌റ്റോറില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു.  തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പയ്യോളി പോലിസിലും വടകര ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. തുടര്‍ന്ന് പയ്യോളി സിഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള പോലിസും വടകര ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൂടാതെ ജില്ലയിലെ  നാദാപുരം, തലശ്ശേരി, പേരാമ്പ്ര, കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്്‌സിനെയും വിളിച്ചു വരുത്തി. ഇവരും നാട്ടുകാരും ചേര്‍ന്ന് ആറ് മണിക്കൂറോളം കഠിന പരിശ്രമം ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ കോട്ടപുഴയില്‍ നിന്നാണ് ഫയര്‍ഫോഴ്‌സ് ജലം സംഭരിച്ചത്. കൂടാതെ സമീപത്തെ വീടുകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുകയും ചെയ്തു. വടകരയിലെ വ്യവസായ പ്രമുഖരായ എം കെ ഷംസീര്‍, എം കെ സുനീര്‍, എം കെ മന്‍സൂര്‍, എം കെ സമീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. 50 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥര്‍ പറഞ്ഞു. അഗ്നിബാധ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല. ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, സ്റ്റേഷന്‍ ഓഫിസര്‍മാരായ എന്‍ കെ ശ്രീജിത്ത് (വടകര), വാസന്ത് (പേരാമ്പ്ര) എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it