thrissur local

വെളിച്ചക്കുറവും വെള്ളക്കുറവും വോട്ടര്‍മാരെ ദുരിതത്തിലാക്കി

മാള: വെളിച്ചക്കുറവും വെള്ളക്കെട്ടും ചെളി നിറഞ്ഞയിടവും വോട്ടര്‍മാരെ ദുരിതത്തിലാക്കിയപ്പോള്‍ രണ്ട് പോളിങ് ബൂത്തുകളില്‍ വോട്ടിങ് ലിസ്റ്റില്‍ പേരില്ലാത്തത് പ്രശ്‌നങ്ങള്‍ക്കും ഇടയാക്കി.
മാള പഞ്ചായത്തില്‍പ്പെട്ട വടമ, പഴൂക്കര, അഷ്ടമിച്ചിറ എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളിലാണ് വൈദ്യുതി മുടക്കം മൂലം വെളിച്ചക്കുറവ് വോട്ടര്‍മാരെ ദുരിതത്തിലാക്കിയത്. ഞായറാഴ്ചയിലെ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം താറുമാറായിരുന്നു.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവാത്തത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. പകരം സംവിധാനം ഏര്‍പ്പാടാക്കാത്തത് ഏറെ പ്രതിഷേധത്തിനും ഇടയാക്കി.
പുത്തന്‍ചിറ മങ്കിടിയിലെ ഗവ. എല്‍പി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാര്‍ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമാണ് അനുഭവിച്ചത്.
ഞായറാഴ്ചയും ഇന്നലെ പകലുമായി പെയ്ത മഴയില്‍ സ്‌കൂള്‍ ഗ്രൗണ്ടിലാകെ വെള്ളക്കെട്ടായിരുന്നു. പ്രായമായവരടക്കം ഇതുമൂലം ഏറെ ദുരിതമനുഭവിച്ചാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്.
വെള്ളൂര്‍ ഹൈസ്‌കൂളിനോട് ചേര്‍ന്ന ഗ്രൗണ്ടില്‍ ചെളി നിറഞ്ഞതും വോട്ടര്‍മാരെ ഏറെ ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രൗണ്ടില്‍ നിന്നും മണ്ണെടുത്തിരുന്നു.
മണ്ണെടുത്തപ്പോള്‍ ഇളകിക്കിടന്ന മണ്ണ് രണ്ട് ദിവസം പെയ്ത മഴയില്‍ ആകെ ചളി കൂടിയിരുന്നു. ചളി നിറഞ്ഞ ഗ്രൗണ്ടിലൂടെ പ്രായമേറെയായവരടക്കം ഏറെ ദുരിതപ്പെട്ട് എത്തിയാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്.
പൊയ്യ പഞ്ചായത്തിലെ പൊയ്യ എ കെ എം സ്‌കൂളിലെ ബൂത്തിലും മാളപള്ളിപ്പുറത്തെ രണ്ടാമത്തെ ബൂത്തിലും വോട്ടര്‍ പട്ടികയില്‍ നിരവധിയാളുകളുടെ പേരില്ലാതിരുന്നത് സംഘര്‍ഷത്തിനിടയാക്കി.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്ന നിരവധി പേര്‍ക്കാണ് ഇന്നലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ലാതിരുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ബഹളമേറിയപ്പോള്‍ പോലിസ് ഇടപെട്ടാണ് പ്രശ്‌നമൊതുക്കിയത്.
Next Story

RELATED STORIES

Share it