'വെല്‍ബാക്ക്' ആഴ്‌സനല്‍

ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് 10 മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സ്റ്റാര്‍ ഫോര്‍വേഡ് ഡാനി വെല്‍ബാക്ക് ഉജ്ജ്വല തിരിച്ചുവരവില്‍ ആഴ്‌സനലിന് നാടകീയ ജയം.
ഇഞ്ചുറിടൈമില്‍ വെല്‍ബാക്ക് നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ ആഴ്‌സനല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ 2-1ന് തോല്‍പ്പിച്ചു. ഒന്നാംപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ആഴ്‌സനല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ഗോളടിവരീന്‍ ജാമി വാര്‍ഡിയിലൂടെയാണ് (45ാം മിനിറ്റ്) ലെസ്റ്റര്‍ മുന്നിലെത്തിയത്. എന്നാല്‍, 54ാം മിനിറ്റില്‍ ഡാനി സിംപ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ലെസ്റ്ററിന് വിനയായി. ഈ അവസരം മുതലെടുത്ത ആഴ്‌സനല്‍ 70ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിലൂടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒപ്പമെത്തി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ ഇഞ്ചുറി ടൈമിലെ അഞ്ചാം മിനിറ്റില്‍ മെസ്യൂദ് ഓസിലിന്റെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ വെല്‍ബാക്ക് ഗോളാക്കി മാറ്റുകയായിരുന്നു.
ജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലെസ്റ്ററുമായുള്ള പോയിന്റ് അകലം രണ്ടാക്കി കുറയ്ക്കാനും ആഴ്‌സനലിന് സാധിച്ചു. ലീഗിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ 6-0ന് ആസ്റ്റന്‍ വില്ലയെയും ചെല്‍സി 5-1ന് ന്യൂകാസിലിനെയും തോല്‍പ്പിച്ചു.
അതേസമയം, സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് 4-2ന് അത്‌ലറ്റികോ ബില്‍ബാവോയെയും ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്‍ 2-1ന് ജിനോവയെയും യുവന്റസ് 1-0ന് നപ്പോളിയെയും ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട് 1-0ന് ഹാനോവറിനെയും തോല്‍പ്പിച്ച് മുന്നേറ്റം നടത്തിയപ്പോള്‍ ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയെ ലില്ലെ ഗോള്‍രഹിതമായി പിടിച്ചുകെട്ടി.
Next Story

RELATED STORIES

Share it