Flash News

'വെല്‍ജയം ബെല്‍ജിയം'; ഇംഗ്ലണ്ടിനെ വീഴ്ത്തി മൂന്നാംസ്ഥാനം ബെല്‍ജിയത്തിന്

വെല്‍ജയം ബെല്‍ജിയം; ഇംഗ്ലണ്ടിനെ വീഴ്ത്തി മൂന്നാംസ്ഥാനം ബെല്‍ജിയത്തിന്
X


സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്:  റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി ബെല്‍ജിയം. ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെല്‍ജിയം മുട്ടുകുത്തിച്ചത്. ആദ്യാവസാനം ആധിപത്യത്തോടെ പന്ത് തട്ടിയ ബെല്‍ജിയത്തിന് വേണ്ടി തോമസ് മ്യൂനിയറും നായകന്‍ ഈഡന്‍ ഹസാര്‍ഡുമാണ് വലകുലുക്കിയത്.
മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിത്തന്നെയാണ് ഇരു കൂട്ടരും ബൂട്ടണിഞ്ഞത്. ഇംഗ്ലണ്ടിനെ സൗത്ത്‌ഗേറ്റ് 3-5-2 ഫോര്‍മാറ്റില്‍ വിന്യസിച്ചപ്പോള്‍ 3-4-3 ഫോര്‍മാറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ പടപ്പുറപ്പാട്.
കളി തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബെല്‍ജിയം അക്കൗണ്ട് തുറന്നു. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് നാസര്‍ ചാഡ്‌ലി നല്‍കിയ ക്രോസിനെ അതിവേഗത്തിലെത്തിയ തോമസ് മ്യൂനിയര്‍ വലയിലെത്തിക്കുകയായിരുന്നു. 1-0ന് ബെല്‍ജിയം മുന്നില്‍. തുടക്കത്തിലേ തന്നെ ലീഡെടുത്തതോടെ ബെല്‍ജിയത്തിന്റെ ആത്മവിശ്വാസമുയര്‍ന്നു. ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച് ബെല്‍ജിയം നിര കരുത്തുകാട്ടിയെങ്കിലും കടുത്ത പ്രതിരോധം തീര്‍ത്ത് ഇംഗ്ലണ്ട് താരങ്ങള്‍ കോട്ടകാത്തു. 17ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം റോമലു ലുക്കാക്കു പാഴാക്കിക്കളഞ്ഞു. പോസ്്റ്റിനുള്ളിലേക്ക് ഓടിക്കയറിയ ലുക്കാക്കുവിനെ ലക്ഷ്യം വച്ച് ഡീബ്രൂയിന്‍ പാസ് നല്‍കിയെങ്കിലും പന്തിനെ പിടിച്ചെടുക്കുന്നതില്‍ ലുക്കാക്കുവിന് പിഴച്ചതോടെ പന്ത് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ അനായാസം പിടിച്ചെടുത്തു. ലഭിച്ച അവസരങ്ങളില്‍ തിരിച്ചടിക്കാന്‍ ഹാരി കെയ്‌നും സംഘവും വിയര്‍ത്തുകളിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. 20ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെ ഉയര്‍ന്നുവന്ന പന്തിനെ റഹിം സ്റ്റെര്‍ലിങ് ഹെഡ്ഡ് ചെയ്‌തെങ്കിലും ബെല്‍ജിയം ഗോളി കോര്‍ട്ടോയിസ് പന്ത് പിടിച്ചെടുത്തു.
റഷ്യന്‍ ലോകകപ്പിലെ നിലവിലെ ടോപ് സ്‌കോററും ഇംഗ്ലണ്ട് ടീം നായകനുമായി ഹാരി കെയ്‌നും നിരന്തരം അവസരം നഷ്ടപ്പെടുത്തി. 23ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് റഹിം സ്‌റ്റെര്‍ലിങ് കെയിന് പാസ് നല്‍കിയെങ്കിലും കെയ്ന്‍ തൊടുത്ത ഷോട്ട് പുറത്തേക്കുപോവുകയായിരുന്നു. പന്തടക്കത്തില്‍ ആധിപത്യം ഇംഗ്ലീഷ് നിരയ്‌ക്കൊപ്പമായിരുന്നെങ്കിലും അവസരം സൃഷ്ടിക്കുന്നതില്‍ ബെല്‍ജിയമായിരുന്നു മുന്‍പന്തിയില്‍. 34ാം മിനിറ്റില്‍ ഇംഗ്ലീഷ് ഗോള്‍പോസ്റ്റിലേക്ക് ഹസാര്‍ഡ് തൊടുത്ത വലംകാല്‍ ഷോട്ട് പ്രതിരോധത്തില്‍ത്തട്ടിത്തകര്‍ന്നു. 39ാം മിനിറ്റില്‍ ബെല്‍ജിയം നിരയില്‍ മാറ്റം വരുത്തി. നാസര്‍ ചാഡ്‌ലിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പകരം തോമസ് വര്‍മലീനെ കളത്തിലിറക്കുകയായിരുന്നു. ആക്രമം വിടാതെ പന്ത് തട്ടിയ ബെല്‍ജിയം പന്ത് തട്ടിയതോടെ പ്രതിരോധം മാത്രമായി ഇംഗ്ലീഷ് നിര ഒതുങ്ങി. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഒരു ഗോളിന്റെ ആധിപത്യത്തോടെയാണ് ബെല്‍ജിയം കളം വിട്ടത്.
ആദ്യ പകുതിയില്‍ 56 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഇംഗ്ലണ്ട് ആറ് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി ഏഴ് തവണ ബെല്‍ജിയവും ഗോള്‍ശ്രമം നടത്തി.
രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. റഹിം സ്റ്റെര്‍ലിങിനെയും ഡാനി റോസിനെയും പുറത്തിരുത്തിയ സൗത്ത്‌ഗേറ്റ് ജെസ്സി ലിംഗാര്‍ഡിനും റാഷ്‌ഫോര്‍ഡിനും അവസരം നല്‍കി. 49ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ ഹസാര്‍ഡിന്റെ കുതിപ്പ് പക്ഷേ ലക്ഷ്യത്തിലേക്കെത്തിയില്ല. 55ാം മിനിറ്റില്‍ ബെല്‍ജിയം ബോക്‌സിനുള്ളില്‍ നിന്ന് ലിംഗാര്‍ഡ് നല്‍കിയ ക്രോസിനെ ഹാരി കെയ്ന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ ബെല്‍ജിയത്തിന് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലുക്കാക്കു നഷ്ടപ്പെടുത്തി. ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക് നീട്ടിലഭിച്ച പന്തിനെ കൃത്യമായി നിയന്ത്രിക്കാന്‍ ലുക്കാക്കുവിന് സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പന്ത് കൈപ്പിടിയിലൊതുക്കി. തുടര്‍ച്ചായായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ 60ാം മിനിറ്റില്‍ ലുക്കാക്കുവിനെ തിരിച്ചുവിളിച്ച് പകരം ഡ്രൈസ് മെര്‍ട്ടന്‍സിനെ കളത്തിലിറക്കി. 70ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഗോളന്നുറപ്പിച്ച ഷോട്ട് തലനാരിഴയ്ക്ക് നഷ്ടപ്പെട്ടു. എറിക് ഡീര്‍ ഗോള്‍പോസ്റ്റിലേക്ക് നീട്ടി അടിച്ച പന്ത് ബെല്‍ജിയം ഗോളിയെ മറികടന്ന് ഗോള്‍ ലൈന് അടുത്തെത്തിയെങ്കിലും അതിവേഗമെത്തിയ ആല്‍ഡര്‍വെറില്‍ഡ് പന്ത് തട്ടിയകറ്റി ബെല്‍ജിയത്തെ രക്ഷിച്ചു.
ഇംഗ്ലണ്ട് ഗോള്‍മുഖം നിരന്തരം ആക്രമിച്ച ബെല്‍ജിയം 82ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് ഡിബ്രൂയിന്‍ നല്‍കിയ പാസുമായി കുതിച്ച ഹസാര്‍ഡ് വലങ്കാല്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ബെല്‍ജിയം 2-0ന് മുന്നില്‍. ആശ്വാസ ഗോളിനായി ലോഫ്റ്റസ് ചീക്കിനെ തിരിച്ചുവിളിച്ച് പകരം ഡെലെ അലിയെ ഇംഗ്ലണ്ട് കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. അധികം വൈകാതെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് മൂന്നാം സ്ഥാനക്കാരായി ബെല്‍ജിയം റഷ്യയോട് വിടപറഞ്ഞപ്പോള്‍ തോല്‍വിയോടെ ഇംഗ്ലീഷ് നിരയ്ക്ക് ബൂട്ടഴിക്കേണ്ടി വന്നു.
Next Story

RELATED STORIES

Share it