വെല്ലുവിളി ഉയര്‍ത്തിയ താരം ഇന്‍സാഗിയെന്ന് ഒലിവര്‍ കാന്‍

ബെര്‍ലിന്‍: എതിര്‍ ഗോള്‍മുഖത്ത് ഒലിവര്‍ കാനാണെന്നറിഞ്ഞാല്‍ ലോകം മുഴുവനുമുള്ള സൂപ്പര്‍ താരങ്ങള്‍ ഭയന്നൊരു കാലമുണ്ടായിരുന്നു. ഈറ്റപ്പുലിയുടെ ശൗര്യത്തോടെ ദീര്‍ഘകാലം ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും കോട്ട കാത്ത താരമാണ് അദ്ദേഹം.
എന്നാല്‍ ഉജ്ജ്വലമായ കരിയറില്‍ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച താരം ഒരാള്‍ മാത്രമേയുള്ളൂവെന്ന് കാന്‍ വെളിപ്പെടുത്തി. ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസ സ്‌ട്രൈക്കറായ ഫിലിപ്പോ ഇന്‍സാഗിയായിരുന്നു അത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്കെതിരേ ജര്‍മനിയുടെ ഗോള്‍മുഖം സംരക്ഷിച്ച തന്നെ ഭയപ്പെടുത്തി യത് ഇന്‍സാഗി മാത്രമാണെന്നും 46കാരനായ കാന്‍ പറഞ്ഞു. കരിയറിനെക്കുറിച്ച് നാലു ലോകകപ്പുകളില്‍ കളിച്ച അദ്ദേഹം മനസ്സ്തുറക്കുന്നു.
? ഇന്‍സാഗിയെ മറ്റു താരങ്ങളില്‍ നിന്നു വ്യത്യസ്തനാക്കിയത് എന്തായിരുന്നു
റൊണാള്‍ഡോ, തിയറി ഹെന്റി എന്നിവരെല്ലാം ലോകോത്തര സ്‌ട്രൈക്കര്‍മാരായിരുന്നു. മികച്ച മെയ്‌വഴക്കവും ചടുലതയും അവസരങ്ങള്‍ മുതലാക്കാനുള്ള മിടുക്കും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്‍സാഗി ഇവരില്‍ നിന്നു വ്യത്യസ്തനാണ്. കളിക്കുമ്പോള്‍ ഇന്‍സാഗി എതിര്‍ ടീമിലുണ്ടെന്നുപോലും ചിലപ്പോള്‍ തോന്നില്ല. പക്ഷെ മല്‍സരം കഴിയുമ്പോഴേക്കും എതിര്‍ ടീം ഒന്നോ രണ്ടോ ഗോള്‍ നേടിയിട്ടുണ്ടാവും. അതിലൊരു ഗോള്‍ ഇന്‍സാഗിയുടെ പേരിലുമാവും. അപ്രവചനീയതയാണ് ഇന്‍സാഗിയുടെ പ്രത്യേകത. ഏതു നിമിഷവും അദ്ദേഹത്തിന്റെ ഷോട്ട് തടുക്കാന്‍ നമ്മള്‍ സജ്ജരായിരിക്കണം.
? സ്വന്തം കരിയറിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു
ജന്‍മസിദ്ധമായി കഴിവുകള്‍ ലഭിച്ച താരമല്ല ഞാ ന്‍. മറ്റു യുവതാരങ്ങളെപ്പോലെ തുടക്കകാലത്ത് ജര്‍മനിയിലെ മുന്‍നിര ക്ലബ്ബുകള്‍ക്കായി കളിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചില്ല. ഇന്നത്തെപ്പോലെ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ അക്കാലത്ത് മികച്ച ഫുട്‌ബോള്‍ അക്കാദമികളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും ഞാന്‍ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു.
കാള്‍സ്രുയെന്ന ക്ലബ്ബിലൂടെയാണ് ഞാന്‍ കരിയര്‍ തുടങ്ങിയത്. യൂത്ത് ടീമിലൂടെ തുടങ്ങിയ ഞാന്‍ പിന്നീട് സീനിയര്‍ ടീമിലുമെത്തി. ക്ലബ്ബിനായി യുവേഫ സൂപ്പര്‍ കപ്പിന്റെ സെമിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ബയേണ്‍ മ്യൂണിക്ക് എന്നെ ശ്രദ്ധിക്കാന്‍ കാരണം. ബയേണിലെത്തിയതോടെ ഞാന്‍ ലോകമറിയാന്‍ തുടങ്ങുകയും പിന്നീട് ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. പതിയെ പതിയെയാണ് ഞാന്‍ കരിയറില്‍ വളര്‍ന്നുവന്നത്. ഒരു രാത്രി കൊണ്ടു സീറോയില്‍ നിന്ന് ഹീറോയായ താരമല്ല ഞാന്‍.
? മറ്റൊരു ഒലിവര്‍ കാന്‍ ഇനിയുണ്ടാവുമെന്ന് കരുതുന്നുണ്ടോ
ഇന്നത്തെ താരങ്ങള്‍ തികച്ചും വ്യത്യസ്തരാണ്. ഇപ്പോഴത്തെ കളിക്കാരില്‍ ഭൂരിഭാഗം പേരും വരുന്നത് അക്കാദമികളില്‍ നിന്നാണ്. തികച്ച അഭിനിവേശത്തോടെയും ആത്മാര്‍ഥതോടെയുമാണ് ഞാന്‍ കളിച്ചത്. ഇതേ രീതിയില്‍ കരിയറിനെ കണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ താരങ്ങള്‍ക്ക് ഉയരങ്ങളിലെത്താനാവുകയുള്ളൂ.
കഴിഞ്ഞ ലോകകപ്പില്‍ ചാംപ്യന്‍മാരായ ജര്‍മന്‍ ടീമില്‍ ഇത്തരം നിരവധി കളിക്കാരുണ്ട്. ഇപ്പോഴത്തെ താരങ്ങള്‍ക്ക് കരുത്തും പോരായ്മകളുമുണ്ട്. മറ്റു താരങ്ങളില്‍ നിന്നു പുതിയ കാര്യങ്ങള്‍ പഠിക്കാനും അവര്‍ക്ക് അവസരമുണ്ട്.
Next Story

RELATED STORIES

Share it