kozhikode local

വെല്ലുവിളികള്‍ മറികടന്ന് മഴവില്ലായി കുടുംബശ്രീ കുഞ്ഞുങ്ങള്‍

കോഴിക്കോട്: വെല്ലുവിളികള്‍ മറികടന്നു മഴവില്ലായി തെളിഞ്ഞു കുടുംബശ്രീയുടെ കുഞ്ഞുങ്ങ ള്‍. ലോക ഭിന്നശേഷീ വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ബഡ്‌സ്-ബിആര്‍സി ജില്ലാ കലോല്‍സവം 'മഴവില്ല്-2015 പങ്കാളിത്തം കൊണ്ടും നടത്തിപ്പുകൊണ്ടും വന്‍വിജയമായി.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ള കുടുബശ്രീ ബഡ്‌സ് സ്‌കൂളുകളിലും ബാലുശ്ശേരി, ഉണ്ണികുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, വേളം, നരിപ്പറ്റ, തൂണേരി, തിരുവള്ളൂര്‍, ആയഞ്ചേരി, അഴിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളിലുമുള്ള 300ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. വിവിധ രചനാ മല്‍സരങ്ങള്‍, നാടോടിനൃത്തം, പ്രച്ഛന്നവേഷം, ഒപ്പന, സംഘനൃത്തം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ പങ്കെടുത്തു. ഈ മാസം മൂന്നിന് സ്‌കൂളുകളിലും സെന്ററുകളിലും നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ വിജയിച്ച കുട്ടികളാണ് ജില്ലാതല മല്‍സരത്തിനെത്തിയത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ബന്ധുക്കളും വരെ പങ്കെടുത്തു.
അവശതയുടെ പേരില്‍ കലാസാഹിത്യരംഗത്തുനിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളുടെ സര്‍ഗശേഷീവികസനം ലക്ഷ്യം വച്ചാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലോല്‍സവം സംഘടിപ്പിച്ചത്. നാടന്‍പാട്ടുകളുടെ ഈരടികളില്‍ ചുവടുവച്ചും മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ മൂളിയും നൃത്തം ചവിട്ടിയും അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ശാരീരികവും മാനസികവുമായ പോരായ്മകള്‍ക്ക് അവര്‍ താല്‍ക്കാലികമായി വിട നല്‍കുക യായിരുന്നു. കലോല്‍സവം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ കുടുംബശ്രീ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുള്ള പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഉദ്ഘാടനത്തിനെത്തിയ മേയറെ സ്വന്തമായി നിര്‍മിച്ച ബൊക്കെ നല്‍കി വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. വിവിധ ധനകാര്യസ്ഥാപനങ്ങളും സുമനസ്സുകളും സംഭാവനയായി നല്‍കിയ തുക ഉപയോഗിച്ച് ജില്ലാമിഷന്‍ വാങ്ങിനല്‍കിയ സൈക്കിളുകള്‍ മേയര്‍ ബഡ്‌സ് സ്‌കൂളുകള്‍ക്കും ബിആര്‍സികള്‍ക്കും വിതരണം ചെയ്തു.
കുടുംബശ്രീയുടെ 37 സ്‌നേഹനിധി വീടുകളില്‍ ഒന്ന് ഏറ്റവും ദരിദ്രരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കു നല്‍കി. കൂടാതെ സ്ഥാപനങ്ങളും വ്യക്തികളും സംഭാവനയായി നല്‍കിയ പഠനോപകരണങ്ങളും വിതരണം ചെയ്തു. കുട്ടികള്‍ നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും വരെ ഉണ്ടായിരു ന്നു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി പി മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ അധ്യക്ഷനായി.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ ടി അയ്യൂബ് (അഴിയൂര്‍), സി മുനീറത്ത് (മാവൂര്‍), പി അപ്പുക്കുട്ടന്‍ (കുരുവട്ടൂര്‍) നഗരസഭാ വൈസ് ചെയര്‍മാന്‍മാരായ മുഹമ്മദ് ഹസന്‍ (ഫറോക്ക്), സജ്‌ന ( രാമനാട്ടുകര), കുടുംബശ്രീ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് പി കുഞ്ഞമ്മദ്, ഗവേണിങ് ബോഡി അംഗം ജീജാദാസ്, സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ചന്ദ്രന്‍മാസ്റ്റര്‍, ലീഡ് ബാങ്ക് മാനേജര്‍ കെ ഭുവന്‍ദാസ്, കാവിലുംപാറ ഗ്രമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ബഡ്‌സ് - ബിആര്‍സി വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര വിതരണം കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ രാജന്‍ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it