വെല്ലുവിളികള്‍ തേജസിനെ കരുത്തുറ്റതാക്കി: എന്‍ പി ചെക്കുട്ടി

പെരിന്തല്‍മണ്ണ: മാധ്യമ പ്രവര്‍ത്തന രംഗത്തുണ്ടായ വെല്ലുവിളികള്‍ തേജസിനെ ശക്തമാക്കിയതായി തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി. ടൗണ്‍ഹാളില്‍ മലപ്പുറം, പാലക്കാട് ജില്ലകളുടെ തേജസ് ഏജന്‍സി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ ജനദ്രോഹപരമായ സമീപനങ്ങളെ തുറന്നുകാണിക്കുന്നതിലൂടെ തേജസ് അതിന്റെ നിലപാടുകള്‍ ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷവും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ തേജസ് പ്രതിസന്ധികളെ അതിജീവിച്ച് അസൂയാവഹമായ മുന്നേറ്റമാണു നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വസ്തുതകളെ മായംചേര്‍ക്കാതെ വായനക്കാരിലേക്കെത്തിക്കുന്നത് തേജസിനെ മറ്റുപത്രങ്ങളില്‍നിന്നു വ്യത്യസ്തമാക്കിയതായി മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ പറഞ്ഞു. ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളെ തിരുത്തിക്കാനുള്ള ഇടപെടലുകളിലും തേജസ് വിജയിച്ചിരിക്കുന്നുവെന്ന് അധ്യക്ഷത വഹിച്ച അദ്ദേഹം പറഞ്ഞു. പത്രവിതരണ രംഗത്തെ പ്രശ്‌നങ്ങളില്‍ തൊഴിലാളികള്‍ക്കൊപ്പം നിന്ന പത്രമാണ് തേജസ് എന്ന് ന്യൂസ് പേപ്പര്‍ ഏജന്‍സീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി പി അബ്ദുല്‍ വഹാബ് ചെമ്മാട് പറഞ്ഞു. മുന്‍നിര പത്രങ്ങളെ അപേക്ഷിച്ച് പ്രതിസന്ധി ഘട്ടത്തിലും ഏജന്റുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തേജസ് തയ്യാറായത് നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ ബ്യൂറോ ചീഫ് സലീം ഐദീദ് തങ്ങള്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പി കെ സുജീര്‍, പാലക്കാട് ജില്ലാ ബ്യൂറോ ചീഫ് സനൂപ്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ അബ്ദുറഹ്മാന്‍ കൊളപ്പറ്റ, സലാം, പബ്ലിക്കേഷന്‍ മാനേജര്‍ വി എ മജീദ്, പര്‍ച്ചേസ് മാനേജര്‍ കെ അസീസ്, നിസാര്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ ഷാഫി, പെരിന്തല്‍മണ്ണ സബ് ബ്യൂറോ റിപോര്‍ട്ടര്‍ നഹാസ് എം നിസ്താര്‍,സര്‍ക്കുലേഷന്‍ മാനേജര്‍ എം എ മജീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it