Blogs

വെറുമൊരു പുലിയാമെന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ....

വെറുമൊരു പുലിയാമെന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ....
X
Beyond-the-Boundariesnew

യനാടന്‍ കാടുകളില്‍ സ്വഛന്ദവിഹാരം നടത്തിക്കൊണ്ടിരുന്ന ഒരു പുള്ളിപുലിയെ വനാതിര്‍ത്തി ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇരയെ കാട്ടി പ്രലോഭിപ്പിച്ച് ചതിപ്രയോഗത്തിലൂടെ കെണിയില്‍ വീഴ്ത്തിയിരിക്കുന്നു. അതും പോരാഞ്ഞിട്ട് ആ മിണ്ടാപ്രാണിയെ തൃശൂര്‍ മൃഗശാലയിലേക്ക് കാരാഗൃഹവാസത്തിനയച്ചിരിക്കുന്നു. പാവം പുലിയോടുള്ള വിദ്വേഷം, അതുകൊണ്ടും അവസാനിച്ചില്ല; 'ആടുതോമ 'യെന്ന് വിളിച്ച് പുലിയെ അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.


കാടുകടന്ന് നാട്ടിലെത്തി ആടുകളെ പിടിച്ചുതിന്നു എന്നതാണ് പുലിയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഒരു പല്ലു നഷ്ടപ്പെട്ടതിനാലാണത്രേ പുള്ളിക്കാരന്‍ കാടുപേക്ഷിച്ച് നാട്ടിലേക്കിറങ്ങിയത്. കാട്ടാനയ്ക്കു വരെ സര്‍ജറി നടത്തുന്ന നാട്ടില്‍ പല്ലു പോയ പുലിയ്‌ക്കൊരു വെപ്പുപല്ലുവെക്കാന്‍ ഇവിടെ ഒരുത്തനുമില്ലേ ?

ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന ഒരു  ചൊല്ല് മനുഷ്യര്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അത് പുലികള്‍ക്കറിയുമോ എന്നറിയില്ല. മാത്രവുമല്ല മാംസഭുക്കുകളായ പുലികള്‍ ഗതികെട്ടാല്‍ പുല്ലല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല എന്ന നിയമമുണ്ടോ എന്ന ക്രമപ്രശ്‌നവും ഉന്നയിക്കപ്പെട്ടിരിക്കുന്നു. ശരിയാണ്, പുലികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ കാടാണ്. പക്ഷേ, 'കാടെവിടെ മക്കളേ, കാട്ടുചോലയെവിടെ മക്കളേ' എന്നു തിരിച്ചുചോദിക്കാന്‍ പുലിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. 'നരനു മാത്രമല്ല പുലിക്കും നല്‍കിയിട്ടില്ലല്ലോ ഉള്ളുകാട്ടുവാന്‍ ഉപായമൊന്നുമേ ഈശ്വരന്‍'.

വ്യാപകമായ കൈയ്യേറ്റങ്ങള്‍ വഴി വനംവകുപ്പിന്റെ കണക്കുകളില്‍ പോലും വനഭൂമി വര്‍ഷംതോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉള്ളവയില്‍ തന്നെ അക്കേഷ്യാമരങ്ങളും തേക്കും വച്ചുപിടിപ്പിച്ചിരിക്കുന്നു. അവശേഷിക്കുന്ന പരിമിതമായ സ്വാഭാവികവനങ്ങളില്‍ നിന്നു വേണം ഇക്കണ്ട കടുവകളും പുലികളും അവയുടെ ഇരകളായ മാനും വരയാടും കാട്ടുപോത്തും ആനയും കരടിയും പുലരാന്‍. വനഭൂമി കൈയ്യേറ്റത്തിന്റെ ഇരയായ പുലി ഇരയെ പിടിക്കാന്‍ നാട്ടിലിറങ്ങി പിടിയിലായിട്ട് ഇരവാദത്തിന്റെ വക്താവായ കെ.ഇ.എന്‍ പോലും ഊശാന്താടിയില്‍ നിന്നു ചെറുവിരല്‍ അനക്കിയില്ല. സാധാരണഗതിയില്‍ അപഥസഞ്ചാരത്തിനു പിടിക്കപ്പെടുന്ന പുലികളെയും കടുവകളെയും രണ്ടോ മൂന്നോ ദിവസത്തെ ലോക്കപ്പ് വാസനത്തിനു ശേഷം ഉള്‍വനത്തില്‍ നല്ല നടപ്പിന് വിടാറാണ് പതിവ്. എന്നാല്‍ ഇത്തവണ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി സംഭവത്തെ കണക്കാക്കി ജീവപര്യന്തം തടവ് വിധിക്കാനുള്ള കാരണം പുറത്തുവന്നിട്ടില്ല.

നാട്ടിലിറങ്ങിയ പുലി 'മാന്യമായി' ഉപജീവനം തേടിയതല്ലാതെ മനുഷ്യരെ ആരെയെങ്കിലും- ഒരു കൊച്ചു കുഞ്ഞിനെപോലും- ആക്രമിച്ചതായി ആക്ഷേപിക്കപ്പെട്ടിട്ടല്ല. ഒട്ടേറെ മനുഷ്യരെ കടിച്ചുകീറി പരിക്കേല്‍പിച്ചുകൊണ്ടിരിക്കുന്ന നായ്ക്കള്‍ കൂട്ടത്തോടെ സൈ്വര്യവിഹാരം നടത്തുന്ന നാട്ടിലാണിതെന്നോര്‍ക്കണം. നായ്ക്കളെ ജീവനോടെയോ അല്ലാതെയോ പിടികൂന്നവരുടെ പിന്നാലെ പോലിസും മൃഗക്ഷേമ വകുപ്പും കേസും കൂട്ടവുമായി ഓടുകയാണ്. എന്നാല്‍, നായ്ക്കള്‍ കടിക്കാന്‍ വരുമ്പോള്‍ മരത്തില്‍ കയറി രക്ഷപ്പെടാന്‍ ഉപദേശിച്ച കേന്ദ്രമന്ത്രി മേനകാഗാന്ധി പോലും പുലിക്കു വേണ്ടി 'കമാ' എന്നുരിയാടിയില്ല.

മാംസഭുക്കായ ഒരു വന്യമൃഗം ഭക്ഷ്യദൗര്‍ലഭ്യത്താലോ മറ്റെന്തെങ്കിലും കാരണത്താലോ നാട്ടിലേക്കിറങ്ങിപ്പോയാല്‍ അതിനുള്ള ശിക്ഷ ആജീവനാന്ത കാരാഗൃഹവാസമോ മരണമോ ആണെന്ന് തീരുമാനിക്കാനുള്ള അധികാരം ആരാണ് നമുക്ക് നല്‍കിയത്? ഒരു റേഡിയോകോളര്‍ ഘടിപ്പിച്ച ശേഷം ഉള്‍വനത്തില്‍ ഒരു പ്രാവശ്യമെങ്കിലും നല്ല നടപ്പിന് പരീക്ഷണാടിസ്ഥാനത്തില്‍ അയക്കരുതോ?

നടുക്കഷണം: പുലികള്‍ നാട്ടിലിറങ്ങുന്നത് എല്ലായ്‌പ്പോഴും മനുഷ്യര്‍ക്ക് ദോഷകരമായി കൊള്ളണമെന്നില്ല. ചിലപ്പോള്‍ ഉര്‍വശിശാപം ഉപകാരവുമായേക്കാം. നാട്ടിലിറങ്ങുന്ന പുലികളുടെ മുഖ്യ ഇരകളിലൊന്ന് തെരുവുപട്ടികളാണ്. പുലികള്‍ തെരുവു നായ്ക്കളെ ഭക്ഷണമാക്കുക വഴി ജോസ് മാവേലിയും കൂട്ടരും അകപ്പെട്ട കേസുകൂട്ടങ്ങളിലൊന്നും പെടാതെ തന്നെ കേരളം അനുഭവിക്കുന്ന തെരുവുനായ പ്രശ്‌നം പരിഹരിക്കാം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കാല്‍കാശ് ചിലവുമില്ല.

(തേജസ് ദിനപത്രത്തിലെ സീനിയര്‍ സബ്എഡിറ്ററാണ് ലേഖകന്‍)
Next Story

RELATED STORIES

Share it