malappuram local

വെന്തോടന്‍പടിയുടെ കഥ പറയാന്‍ ഇനി മാനുകാക്കയില്ല

കാളികാവ്: മതസൗഹാര്‍ദത്തിന്റെ വിളനിലമായ വെന്തോടന്‍പടിയുടെ പോയകാല ചരിത്രം പറയാന്‍ ഇനി മാനുകാക്കയില്ല. പുഴുത്തുണ്ണി മുഹമ്മദ് എന്ന മാനുകാക്ക ഓര്‍മയായി. 106 വയസ്സായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുള്ള അദ്ദേഹം പള്ളിശ്ശേരി മഹല്ല് പരിധിയിലെ ഏറ്റവും പ്രായംകൂടിയ ആളായിരുന്നു.
ബ്രിട്ടീഷ് നിര്‍മിത കമ്പനിയായ പുല്ലങ്കോട് ആസ്പ്പിന്‍ വാള്‍ കമ്പനിയിലെ സൂപ്പര്‍വൈസറായി ദീര്‍ഘകാലം ജോലിചെയ്ത മാനുകാക്ക നല്ലൊരു കര്‍ഷകന്‍ കൂടിയായിരുന്നു. പ്രായം സമ്മാനിച്ച ജീവിതാനുഭവങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതില്‍ പിശുക്ക് കാണിക്കാന്‍ അദേഹം ഒരുക്കമായിരുന്നില്ല. മലബാറിലെ  ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ നൂറു നൂറു കഥകള്‍, കിഴക്കന്‍ ഏറനാട്ടിലെ തൊഴിലാളി സമരങ്ങള്‍, സഖാവ് കുഞ്ഞാലിയുടെ പോരാട്ടങ്ങള്‍ ഇങ്ങനെ ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജീവിതമായിരുന്നു മാനു കാക്കയുടേത്.
രാഷ്ട്രീയവും സാമൂഹികവുമായ  നിരവധി ചരിത്രങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കിയിരുന്ന വയോധികനുമായിരുന്നു. വാര്‍ധക്യത്തിന്റെ അവശതകള്‍  അദേഹത്തെ ഊന്നുവടിയിലേയ്്ക്ക് ഒതുക്കിയപ്പോഴും നാട്ടുകാര്‍ക്കിടയില്‍ ഒരാളായി നാടിന്റെ കാരണവരായി കളിയും കാര്യവും പറഞ്ഞ് അവസാന നാള്‍വരെ ഊര്‍ജസ്വലനായിരുന്നു.
Next Story

RELATED STORIES

Share it