Flash News

വെനിസ്വേല : സുപ്രിംകോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം



കാരക്കാസ്: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനിസ്വേലയില്‍ സുപ്രിംകോടതിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച രാവിലെ സുപ്രിംകോടതി മന്ദിരത്തിനു നേരെ ഹെലികോപ്റ്ററിലെത്തിയ സംഘം വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലന്‍ സൈനികോദ്യോഗസ്ഥനായ ഓസ്‌കര്‍ പ്രസ്സാണ് പോലിസ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടുകളില്ല. ഭീകരാക്രമണമാണ് നടന്നതെന്നും സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തുമെന്നും പ്രസിഡന്റ് നിക്കോളാസ് മദുറോ പറഞ്ഞു. ആക്രമണം നടത്തിയതെന്ന് കരുതുന്ന സൈനികോദ്യോഗസ്ഥന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇതിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് രംഗത്തുവന്നു. പോലിസ്, സൈനികര്‍, ജനങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് തങ്ങളെന്നും രാജ്യത്ത് സമാധാനം കൊണ്ടുവരാനും ക്രിമിനല്‍ ഭരണകൂടത്തിനെതിരേയുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ വെനിസ്വേലയിലെ ഇടതുസര്‍ക്കാരിനെതിരേ പ്രതിഷേധങ്ങള്‍ നടന്നുവരുകയാണ്. സര്‍ക്കാരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പൊതു തിരഞ്ഞെടുപ്പാണ് പ്രക്ഷോഭം നടത്തുന്നവരുടെ ആവശ്യം. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെയാണ് മദുറോയുടെ നേതൃത്വത്തിലുള്ള ഇടത്‌സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ന്നത്.
Next Story

RELATED STORIES

Share it