World

വെനിസ്വേല: നിക്കോളാസ് മദ്യൂറോ വീണ്ടും പ്രസിഡന്റ്

കാരക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ നിക്കോളാസ് മദ്യൂറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആറു വര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും മദ്യൂറോയുടെ വിജയത്തെ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷ കക്ഷികളായ ഡെമോക്രാറ്റിക് യൂനിറ്റി റൗണ്ട് ടേബിള്‍  ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളായ ഹെന്‍ട്രിക്യൂ കാപ്രിലീസ്, ലിയോപോള്‍ഡോ ലൂപെസ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു മദ്യൂറോയുടെ നിയന്ത്രണത്തിലുള്ള  ഇലക്ടറല്‍ കമ്മീഷന്‍ വിലക്കിയിരുന്നു.
പ്രസിഡന്റ് മദ്യൂറോ 58 ലക്ഷം വോട്ടുകള്‍ നേടിയതായി നാഷനല്‍ ഇലക്ടറല്‍ കൗണ്‍സില്‍ അറിയിച്ചു. എതിരാളി മുന്‍ സൈനിക ഓഫിസറും ഗവര്‍ണറുമായ ഹെന്റി ഫാല്‍കണ്‍ 18 ലക്ഷം വോട്ടുകളാണ് നേടിയത്. 46.1 ശതമാനം പേര്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. 48 ശതമാനം പേര്‍ വോട്ട് ചെയ്യുമെന്നായിരുന്നു എംയുഡിയുടെ അവകാശവാദം. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 80 ശതമാനമായിരുന്നു പോളിങ്. ഈ വര്‍ഷം ഡിസംബറില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മദ്യൂറോ ഇടപെട്ട് നേരത്തേ നടത്തുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന വെനിസ്വേലയ്‌ക്കെതിരേ യുഎസിന്റെ  ഉപരോധ ഭീഷണി നിലനില്‍ക്കുകാണ്. മുന്‍ ബസ് ഡ്രൈവറായ ഈ 55കാരന്‍ 2013ല്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തോടെയാണ് അധികാരത്തിലെത്തിയത്.
Next Story

RELATED STORIES

Share it