വെനിസ്വേലന്‍ പ്രസിഡന്റിനെതിരേ ഹിതപരിശോധന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

കാരക്കാസ്: വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ ഹിതപരിശോധനയിലൂടെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. തലസ്ഥാനം കാരക്കാസില്‍ നടന്ന പ്രതിഷേധ റാലിക്കിടെ പ്രതിപക്ഷ പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. ആയിരത്തോളം വരുന്ന പ്രക്ഷോഭകര്‍ പോലിസിനു നേര്‍ക്ക് കല്ലേറു നടത്തി. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം വിളിച്ചും വെനിസ്വേലന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടിയും പ്രതിഷേധിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭകരുടെ നേതാക്കളിലൊരാളും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഹെന്റിക് കാപ്രിലെസിനു നേര്‍ക്ക് പോലിസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രതിപക്ഷത്തിനു സ്വാധീനമുള്ള പടിഞ്ഞാറന്‍ നഗരം ടാചിറയില്‍ ഞങ്ങള്‍ക്ക് വിശപ്പുകൊണ്ട് മരിക്കേണ്ടെന്ന് പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം മദ്യൂറോയുടെ രാജിക്കായി പ്രചാരണമാരംഭിച്ചത്. ഹിതപരിശോധനയ്ക്കായുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് സമിതി മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. ഹിതപരിശോധനയാവശ്യപ്പെട്ട് 18 ലക്ഷത്തോളം പേര്‍ ഒപ്പുവച്ച അപേക്ഷ ഈ മാസം രണ്ടിന് പ്രതിപക്ഷം സമര്‍പ്പിച്ചിരുന്നു. 2013ല്‍ അധികാരത്തിലെത്തിയ മദ്യൂറോ എണ്ണ ഉല്‍പാദക രാജ്യമായ വെനിസ്വേലയെ സാമ്പത്തിക അസ്ഥിരതകളിലേക്കു നയിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it