wayanad local

വെണ്ണിയോട് ദേശസാല്‍കൃത ബാങ്ക് വേണം: കര്‍ഷക പുരോഗമന സമിതി



കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ദേശസാല്‍കൃത ബാങ്ക് അനുവദിക്കാന്‍ ഭരണസമിതി മുന്‍കൈയെടുക്കണമെന്നു വെണ്ണിയോട് കര്‍ഷക പുരോഗമന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു. വയോജനങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സബ്‌സിഡികള്‍, പെന്‍ഷനുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് ദേശസാല്‍കൃത ബാങ്കുകളെയാണ് ആശ്രയിക്കേണ്ടത്. കോട്ടത്തറ പഞ്ചായത്തിലെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് വെണ്ണിയോട് ടൗണിനെയാണ്. എന്നാല്‍, ഇവിടെ ദേശസാല്‍കൃത ബാങ്ക് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ പ്രയാസപ്പെടുന്നു. വെണ്ണിയോട് ടൗണില്‍ ദേശസാല്‍കൃത ബാങ്ക് ആരംഭിക്കുന്നതിനു വേണ്ടി കെട്ടിടവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കാന്‍ വ്യാപാരികളും കെട്ടിട ഉടമകളും സന്നദ്ധരാണ്. വെണ്ണിയോട് ടൗണില്‍ ദേശസാല്‍കൃത ബാങ്ക് ആരംഭിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷക പുരോഗമന സമിതി. സമരത്തിന്റെ ആദ്യഘട്ടമായി നാളെ രാവിലെ ഒമ്പതു മുതല്‍ വെണ്ണിയോട് ടൗണില്‍ സമരം സംഘടിപ്പിക്കും. കാര്‍ഷിക പുരോഗമന ചെയര്‍മാന്‍ പി എം ജോയ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി വെണ്ണിയോട് പ്രദേശത്തെ മുഴുവന്‍ കടകളും അടച്ചിട്ട് മൂന്നു മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയും പഞ്ചായത്ത് ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളും നടത്തും. വെണ്ണിയോട്, കരിഞ്ഞകുന്ന് പ്രദേശത്തെ കുരങ്ങുശല്യം കാരണം നേന്ത്രവാഴകൃഷി ഉള്‍പ്പെടെ നശിക്കുകയാണ്. പ്രദേശവാസികളുടെ സൈ്വരജീവിതം തകര്‍ക്കുന്ന രീതിയില്‍ കുരങ്ങുശല്യം വര്‍ധിച്ച സാഹചര്യത്തില്‍ വനംവകുപ്പ് കുരങ്ങുകളെ കൂടുവച്ച് പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒക്ക് ഭീമഹരജി നല്‍കും. ഭാരവാഹികളായ ഗഫൂര്‍ വെണ്ണിയോട്, കെ കെ മുഹമ്മദലി, ഡോ. പി വി കുര്യാക്കോസ്, മൊയ്തൂട്ടി വൈപ്പടി, വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് സെക്രട്ടറി ടി ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it