വെണ്ട പറഞ്ഞ കഥ

വെണ്ട പറഞ്ഞ കഥ
X


venda
കൂട്ടുകാരേ, ഞാനൊരു വെണ്ടക്കാച്ചെടിയാണ്. മറ്റുള്ളവരെപ്പോലെ ഞാനും പണ്ടൊരു വിത്തായിരുന്നു. വളര്‍ന്നു വലുതായി എല്ലാവര്‍ക്കും സന്തോഷമാവാന്‍ കൊതിച്ചിരുന്ന ഒരു വെണ്ടക്കാ വിത്ത്.
അന്നൊരു വൈകുന്നേരം സ്‌കൂളില്‍ വിത്തുവിതരണം ഉണ്ടായിരുന്നു. പൊന്നൂട്ടിക്ക് കിട്ടിയത് എന്നെയും കൂട്ടുകാരെയുമാണ്. അന്നേരത്തെ അവളുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. സ്‌കൂള്‍ വിട്ടപാടെ അവള്‍ ഓടി. എന്നെ പറമ്പിലെ ഒരൊഴിഞ്ഞ മൂലയില്‍ തടമെടുത്തു കുഴിച്ചിട്ടു. എന്നിട്ടു പറയ്യാ, ''നീ നല്ലോണം വളരണം. ഞാന്‍ നിനക്ക് വെള്ളോം വളോം വയറു നിറച്ചും തരാം. നീ വളര്‍ന്നു വലുതായിട്ട് വേണം നിന്‍െ വെണ്ടക്കകള്‍ എനിക്ക് കറുമുറാ കടിച്ചുതിന്നാന്‍.'' ഞാന്‍ ചിരിച്ചുപോയി.
ആ നനുത്ത മണ്ണിനടിയില്‍ നിന്നും ആകാശത്തേക്ക് മുളപൊട്ടി നൃത്തംവയ്ക്കാന്‍ ഞാന്‍ അതിയായി കൊതിച്ചു. ഇലകളും പൂക്കളും കായ്കളും ഞാന്‍ സ്വപ്‌നം കണ്ട് ദിവസങ്ങള്‍ കഴിച്ചു. അങ്ങനെ എത്രനാള്‍ കാത്തിരുന്നു...
പൊന്നൂട്ടി എന്നെ നന്നായി പരിചരിച്ചു. ഒരില വാടിയാല്‍, പുഴു തിന്നാല്‍ അവള്‍ ആധിപിടിച്ചു കരഞ്ഞു.
പക്ഷേ, ദുരന്തങ്ങള്‍ എപ്പോഴാണ് സംഭവിക്കുകയെന്ന് ആര്‍ക്കാണ് പ്രവചിക്കാനാവുക? നാളെ ഞാനുണ്ടാവില്ല. ഭൂമിക്കു മുകളില്‍ നിന്നു ഞാന്‍ എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടാന്‍ പോവുകയാണ്. രണ്ടു പേര്‍ ഇന്നലെ ഇവിടെ വന്നിരുന്നു. അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. ഇവിടെ ഒരു ചെരുപ്പ് കമ്പനി വര്വാത്രേ. അപ്പോ ഞാനും കൂട്ടുകാരും?!
ഹായ്! അതാ പൊന്നൂട്ടി വരുന്നു. അവള്‍ എന്റെ മുന്നില്‍ കണ്ണീരോടെ നിന്നു. എന്നിട്ടു പറയ്വാ: ''പേടിക്കാതെ, പേടിക്കാതെ. നിന്നെയും കൂട്ടുകാരേം ഞാന്‍ രക്ഷപ്പെടുത്താം. ആളുകള്‍ വലുതാവുന്തോറും ബുദ്ധീം വിവരോം കുറഞ്ഞുകുറഞ്ഞു വര്വാ.''
ഇങ്ങനെ കണ്ണീരോടെ പറഞ്ഞ് അവളെന്നെ പറിച്ചെടുത്തു. ഞാന്‍ വിതുമ്പി. ''പൊന്നൂട്ടീ, പതുക്കെ. വേദനിക്കുന്നു...''
പൊന്നൂട്ടി അരുമയോടെ എന്നെ കൊണ്ടുപോയി ഒരു വലിയ ചെടിച്ചട്ടിയിലേക്ക് മാറ്റിനടുകയാണിപ്പോള്‍.
ഒരു പുനര്‍ജന്മത്തിന്റെ സന്തോഷത്താല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. അതു മനസ്സിലാക്കിയോ എന്തോ, പൊന്നൂട്ടി ചിരിച്ചു.
Next Story

RELATED STORIES

Share it