വെട്ടും തടയുമായി രാഷ്ട്രീയനീക്കങ്ങള്‍

വെട്ടും തടയുമായി രാഷ്ട്രീയനീക്കങ്ങള്‍
X
slug--rashtreeyakeralamനിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നണികള്‍ ഗൗരവമായാണു കാണുന്നത്. പരമാവധി നേട്ടം കൊയ്യാനുള്ള തന്ത്രങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും നീക്കം നടത്തുമ്പോള്‍ എസ്എന്‍ഡിപിയെ കൂട്ടുപിടിച്ച് കേരളത്തിലേക്ക് ഒളിച്ചുകടക്കാനുള്ള പരീക്ഷണങ്ങളിലാണ് ബിജെപി. ഇവര്‍ക്കെല്ലാം ചെറുതല്ലാത്ത ഭീഷണിയായി എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍എംപി പോലെയുള്ള നവ രാഷ്ട്രീയപ്രസ്ഥാനങ്ങളും രംഗത്തുണ്ട്.
നവംബര്‍ രണ്ടിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. നവംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മുന്‍കാലങ്ങളിലേതുപോലെതന്നെ പ്രാദേശിക പ്രശ്‌നങ്ങളിലൂടെ കടന്നുപോയ പ്രചാരണരംഗത്ത് ഇത്തവണ ഹിന്ദുത്വശക്തികളുടെ വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ക്കെതിരായ ശബ്ദവും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രചാരണം അവസാനിപ്പിക്കുമ്പോഴും നില ഭദ്രമാക്കാന്‍ ഇരുമുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം പ്രതീക്ഷകളും ഇളകിയാടുകയാണ്. സീറ്റ് വിഭജനത്തില്‍ നേരിട്ട കല്ലുകടി സ്ഥാനാര്‍ഥി നിര്‍ണയത്തിലും തുടര്‍ന്നതോടെ മുന്നണികളിലെ ഘടകകക്ഷികളില്‍ ആഭ്യന്തരപ്രശ്‌നങ്ങളും രൂക്ഷമായി. ഇതിന്റെ പരിണത ഫലമായി നിരവധി റിബലുകളും രംഗപ്രവേശം ചെയ്തു. പലയിടത്തും പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചതോടെ ചിലരൊക്കെ പിന്‍വാങ്ങി. വിമതരെ ഒതുക്കാന്‍ അനുനയത്തിനൊപ്പം ഭീഷണിയും പാര്‍ട്ടിനേതൃത്വങ്ങള്‍ക്കും മുന്നണികള്‍ക്കും സ്വീകരിക്കേണ്ടിവന്നു. അതുകൊണ്ടും പൂര്‍ണ ഫലമുണ്ടായില്ല. മുന്നണികളില്‍ യുഡിഎഫിനും പാര്‍ട്ടികളില്‍ കോണ്‍ഗ്രസ്സിനുമാണ് ഏറ്റവും കൂടുതല്‍ വിമതരുള്ളത്. ഒപ്പം, മുസ്‌ലിംലീഗിനും സിപിഎമ്മിനുമുണ്ട് വിമതര്‍. യുഡിഎഫിന്റെ ഉറച്ച കോട്ടയായ മലപ്പുറം അടക്കമുള്ള പ്രദേശങ്ങളില്‍ ലീഗും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ ബലപരീക്ഷണത്തിനിറങ്ങിയിട്ടുണ്ട്.
2010ലെ ഭൂരിപക്ഷം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സോളാര്‍, ബാര്‍ കോഴ, കളമശ്ശേരി-കടകംപള്ളി ഭൂമിതട്ടിപ്പ്, പാറ്റൂര്‍ ഫഌറ്റ് തട്ടിപ്പ് തുടങ്ങിയ അഴിമതിയാരോപണങ്ങള്‍ പ്രതിപക്ഷം പ്രചാരണവിഷയമാക്കിയിട്ടും പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അരുവിക്കര ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ കോട്ട തകര്‍ത്തുകൊണ്ട് അരുവിക്കരയില്‍ ജയം നേടാമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പു മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ചുകയറാമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. എന്നാല്‍, വ്യക്തിബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും വിധിനിര്‍ണയിക്കുമെന്നതിനാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ അത്രകണ്ട് വിജയിക്കണമെന്നില്ല. 2010ല്‍ കോര്‍പറേഷനില്‍ മാത്രമാണ് എല്‍ഡിഎഫ് മേധാവിത്വം പുലര്‍ത്താനായത്. ഈ നാണക്കേടിന് ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ മറുപടി പറയുമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍ ക്ലച്ച് പിടിക്കാതെ വന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ മേഖലകളില്‍ സ്വാധീനമുറപ്പിച്ചുള്ള പ്രചാരണമാണ് സിപിഎം നടത്തിയത്. 2010ലെ തിരഞ്ഞെടുപ്പിലൂടെ മൂന്നു പഞ്ചായത്തുകളില്‍ ഭരണം കൈയാളിയ ബിജെപി നരേന്ദ്ര മോദിയുടെ ഗ്ലാമര്‍ ഉയര്‍ത്തിക്കാട്ടി കൂടുതല്‍ മേഖലകളിലേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. എസ്എന്‍ഡിപി, വിഎസ്ഡിപി തുടങ്ങിയ സമുദായസംഘടനകളെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാനുള്ള നീക്കത്തിലാണ് ബിജെപി. മൂന്നാംമുന്നണിയെന്ന സ്വപ്‌നവുമായി കഴിയുന്ന വെള്ളാപ്പള്ളി നടേശനുമായുള്ള ബിജെപി ബാന്ധവത്തിന്റെ ഫലവും തദ്ദേശ തിരഞ്ഞെടുപ്പോടെ വെളിവാകും. കേരളത്തിന്റെ മതേതര സമീപനം നോക്കിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത്ര വലിയ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നു വ്യക്തമാണ്. സംഘപരിവാര സംഘടനകള്‍ക്ക് വളരാന്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളയാനാണു സാധ്യത. സംഘപരിവാരത്തിന്റെ ശക്തികേന്ദ്രങ്ങളായ യുപിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഊഹാപോഹങ്ങളിലൂടെയാണ് അവര്‍ നേട്ടമുണ്ടാക്കുന്നത്. എന്നാല്‍, കേരളത്തില്‍ സ്ഥിതി മറിച്ചാണ്. ഉത്തരേന്ത്യയിലെ ആര്‍എസ്എസ് കലാപങ്ങള്‍ പോലും ഇതിനോടകം കേരളം ചര്‍ച്ചചെയ്തുകഴിഞ്ഞു. കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യമല്ലെന്നതിനാല്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ക്കും ഇവിടെ വേരുറപ്പിക്കാന്‍ കഴിയില്ലെന്നതു കാലം തെളിയിച്ചതാണ്. അതു മനസ്സിലാക്കിയതുകൊണ്ടാവാം ഗോവധവും ബീഫ് വിവാദവും ഉള്‍െപ്പടെയുള്ള വിഷയങ്ങള്‍ കേരളത്തില്‍ പ്രചാരണവിഷയമാക്കേണ്ടെന്ന ഉള്‍വിളിയും ബിജെപി നേതൃത്വത്തിനുണ്ടായത്.
മുന്നണിരാഷ്ട്രീയം മാറ്റിവച്ചാല്‍ നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടമാണ് ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കന്നിമല്‍സരത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ എസ്ഡിപിഐ സജീവമായി രംഗത്തുണ്ട്. പല തദ്ദേശസ്ഥാപനങ്ങളിലും സിപിഎമ്മിനും കോണ്‍ഗ്രസ്സിനും മുസ്‌ലിം ലീഗിനും വെല്ലുവിളി ഉയര്‍ത്തുന്ന പാര്‍ട്ടിയായി എസ്ഡിപിഐ വളര്‍ന്നിട്ടുണ്ട്. 1,500 സീറ്റില്‍ മല്‍സരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വരവറിയിച്ചിട്ടുണ്ട്. ദലിത്-പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിച്ച് നിര്‍ണായക ശക്തിയായി മാറുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും ലക്ഷ്യമിടുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്വാധീനശക്തിയായി ആര്‍എംപിയും ദലിത് മേഖലയില്‍ സ്വാധീനമുറപ്പിച്ച് ഡിഎച്ച്ആര്‍എമ്മും തിരഞ്ഞെടുപ്പില്‍ സജീവമാണ്.
അതിനിടെ, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍വേകളും പുറത്തുവന്നിട്ടുണ്ട്. ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വേ ഫലം. കൊട്ടിഘോഷിക്കപ്പെട്ട ബിജെപി-എസ്എന്‍ഡിപി ബന്ധം കാര്യമായി പ്രതിഫലിക്കില്ലെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. മാലിന്യസംസ്‌കരണം, തെരുവുനായശല്യം, റോഡ് വികസനം എന്നിവയാണ് നഗരവാസികള്‍ക്കിടയിലെ ചര്‍ച്ചാവിഷയമെന്നും സര്‍വേ പറയുന്നു. അതേസമയം, ബാര്‍ കോഴക്കേസില്‍ കഴിഞ്ഞദിവസമുണ്ടായ വിജിലന്‍സ് കോടതി വിധിയും തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സര്‍ക്കാരിനെയും യുഡിഎഫിനെയും കടന്നാക്രമിക്കാന്‍ എല്‍ഡിഎഫിന് കിട്ടിയ ആയുധമാണ് കോടതിവിധി. മറുപടി പറയാന്‍ യുഡിഎഫ് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ബീഫ് വിവാദത്തിലും ബിജെപി-എസ്എന്‍ഡിപി സഖ്യത്തിലും ഒതുങ്ങിനിന്ന പ്രചാരണം ഒടുവില്‍ ബാര്‍ കോഴക്കേസിലേക്ക് കേന്ദ്രീകരിക്കുമെന്നതും ശ്രദ്ധേയമാണ്. വാളെടുത്ത് എല്‍ഡിഎഫും പ്രതിരോധവുമായി യുഡിഎഫും നിലകൊള്ളുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കാവും ഇനി കേരളം സാക്ഷിയാവുക.
Next Story

RELATED STORIES

Share it