thiruvananthapuram local

വെട്ടിപിടിച്ച വനഭൂമിയില്‍ വഴി തെളിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍



സിയാദ് തൊളിക്കോട്

വിതുര: ബോണക്കാട് വനഭൂമി കൈയേറി  പൂജയും തീര്‍ഥാടനവും ഒക്കെ നടക്കുന്നത് അധികൃതരുടെ അറിവോ. വനം കൈയേറി കുരിശു സ്ഥാപിച്ചും പാറകള്‍ കൈയേറി വിഗ്രങ്ങള്‍ വച്ചതിനുമൊക്കെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതൊക്കെ  പഞ്ചായത്ത് അധികാരികളുടെ അറിവോടെയാണെന്ന് തേജസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കുരിശു മലയിലേക്ക് പോകാന്‍ അഞ്ച് കിലോമീറ്ററോളം മലവെട്ടി ഇടിച്ച് വഴി വെട്ടിയത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ്. കഴിഞ്ഞ വര്‍ഷം ഏഴു ദിവസം കൊണ്ട് 17 തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവിടെ വഴി തെളിക്കാന്‍ പണിയെടുത്തതായി ബോണക്കാട് വാര്‍ഡ് മെംബറും സമ്മതിക്കുന്നു. വനം ഇടിച്ച് വഴികളില്‍ കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജനവാസം ഇല്ലാത്ത പ്രദേശമായതിനാല്‍ കാട്ടുമൃഗങ്ങള്‍ എത്തി കുരിശുകളെ തകര്‍ക്കുന്നതും പതിവാണ്. എന്നാല്‍ ചെറിയ കുരിശുകള്‍ കാട്ടാനകള്‍ തകര്‍ത്താല്‍ പുതുതായി നിര്‍മിക്കുന്നത് ഏറെ വലുതായിരിക്കും. അഞ്ച് കിലോമീറ്റര്‍ വഴികളിലായി 16 കുരിശുകള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. വനത്തില്‍ പാറ കൈയേറി സ്ഥാപിച്ചിരിക്കുന്ന അമ്പലത്തിലെ വിഗ്രഹങ്ങളുടെ എണ്ണവും വര്‍ഷംതോറും കൂടുകയാണ്. സമീപത്തെ വനത്തിലും വിഗ്രഹം സ്ഥാപിച്ച് പൂജകള്‍ നടക്കുന്നുണ്ട്. ഇവിടെ വര്‍ഷത്തില്‍ പൊങ്കാലയും ഉല്‍സവവും നടക്കാറുണ്ട്. അതേസമയം ബോണക്കാട് വനം കൈയേറ്റത്തെ സംബന്ധിച്ച് തേജസ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പഠിച്ച് പ്രതികരിക്കാമെന്ന് പഞ്ചായത്ത് ഭരണകക്ഷിയായ എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വനഭൂമി കൈയേറിയിട്ടില്ലെന്നും തീര്‍ത്ഥാടനത്തിന് വേണ്ടിയാണ് വനത്തില്‍ കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ബോണക്കാട് വാര്‍ഡ് മെംബര്‍ സതീഷ് കുമാര്‍  പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി തീര്‍ഥാടനത്തിനായി ഉപയോഗിച്ചത് വന പ്രദേശമാണ്. കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത് മുഴുവനും വന പ്രദേശത്തും എസ്റ്റേറ്റിലുമാണ്. ഇതൊന്നും കാണാത്ത മട്ടിലാണ് പഞ്ചായത്ത് ഭരണ സമിതി. ഭൂമി കൈയേറ്റത്തിനു പുറമെ വന നശീകരണവും വ്യാപകമായി നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it