വെട്ടിക്കുറച്ച ഇന്ത്യന്‍ ക്വാട്ട ഈ വര്‍ഷംപുനസ്ഥാപിക്കില്ല: ഹജ്ജ് കോണ്‍സല്‍

നിഷാദ് അമീന്‍

ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ടയില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം. മക്ക മസ്ജിദുല്‍ ഹറാമിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2013ല്‍ ഇന്ത്യന്‍ ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം കുറവു വരുത്തിയത് ഈ വര്‍ഷവും പുനസ്ഥാപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2016ലെ ഇന്ത്യന്‍ ഹാജിമാരുടെ ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അടങ്ങിയ 'ഹജ്ജ്- 1437' കരാറില്‍ മാര്‍ച്ച് 10ന് ഇന്ത്യയും സൗദിയും ഒപ്പുവയ്ക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുകയാണ്. ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൗദിയിലെത്തും. സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ് മന്ത്രി ബന്ദര്‍ ബിന്‍ മുഹമ്മദ് ഹജ്ജാര്‍ ആയിരിക്കും കരാറില്‍ ഒപ്പുവയ്ക്കുക. വിദേശകാര്യ മന്ത്രാലയത്തിലെ ഹജ്ജ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ കേന്ദ്രസംഘത്തിലുണ്ടാവുമെന്ന് ഹജ്ജ് കോണ്‍സല്‍ ഗള്‍ഫ് തേജസിനോട് പറഞ്ഞു.
ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട, താമസ-യാത്രാ സൗകര്യങ്ങള്‍, ഇന്ത്യയിലെ ഹാജിമാരുടെ ആദ്യസംഘം എത്തുന്ന തിയ്യതി, തിരിച്ചുപോക്ക് തുടങ്ങിയ കാര്യങ്ങളാണ് കരാറില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1,36,020 പേരായിരിക്കും ഹജ്ജിനെത്തുക. കേന്ദ്ര ഹജ്ജ്കമ്മിറ്റിക്ക് കീഴില്‍ 100,020 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 36,000 പേരും ഹജ്ജ് നിര്‍വഹിക്കും. കേരളത്തി നിന്ന് ഇത്തവണയും 6240 പേരാണ് എത്തുക. ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന മുഴുവന്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കും പുണ്യനഗരിയില്‍ മശാഇര്‍ മെട്രോ ട്രെയിന്‍ യാത്രാ സൗകര്യം ലഭിക്കും.
കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരായി പുനസ്ഥാപിക്കുമോയെന്ന കാര്യവും ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതോടെ അറിയാനാവും. കരിപ്പൂരില്‍ ജംബോ സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരി വിമാനത്താവളം വഴിയായിരുന്നു ഹാജിമാരുടെ വരവും പോക്കും. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമായിരിക്കും പ്രധാനമായും ഹജ്ജ് സര്‍വീസ് നടത്തുക. മക്കയില്‍ ഈ വര്‍ഷം 36,000 ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഗ്രീന്‍ കാറ്റഗറിയില്‍ താമസ സൗകര്യം ലഭിക്കും. ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ശേഷിക്കുന്ന 64,000 ഹാജിമാര്‍ക്ക് അസീസിയയിലായിരിക്കും താമസം ഒരുക്കുക. ഹാജിമാര്‍ക്കുള്ള സംസം വെള്ളം സൗജന്യമായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിച്ചുനല്‍കും.
മതാഫ് വികസനം നടക്കുന്നതിനാല്‍ മൂന്ന് വര്‍ഷത്തേക്ക് വിദേശ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനവും സൗദിയില്‍ നിന്നുള്ള ഹാജിമാരുടെ ക്വാട്ടയില്‍ 50 ശതമാനവും കുറവു വരുത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഹറമിലും മിനായിലുമുണ്ടായ ഇരട്ട അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ക്വാട്ട ഉയര്‍ത്താതെ സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാണ് ശ്രമം.
Next Story

RELATED STORIES

Share it