Flash News

വെടിയുതിര്‍ത്തത് ബിജെപി നേതാവെന്ന് തെളിവുകള്‍

ഗ്വാളിയോര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിനിടെ വെടിവയ്പ് നടത്തിയത് ബിജെപി നേതാവാണെന്ന തെളിവുകളുമായി പോലിസും ദലിത് നേതാക്കളും. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ദലിത് പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തത് രാജാസിങ് ചൗഹാന്‍ എന്ന ബിജെപി നേതാവാണെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ദലിത് സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനിടെ നടക്കുന്ന വെടിവയ്പ് എന്ന നിലയിലായിരുന്ന കഴിഞ്ഞ ദിവസങ്ങളില്‍ പല മാധ്യമങ്ങളും ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് രാജാസിങ് ചൗഹാന്‍ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തന്നെ വെടിവയ്പ് സംഭവത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പോലിസ് നേരത്തേ നല്‍കിയ റിപോര്‍ട്ടുകള്‍ പ്രകാരം മധ്യപ്രദേശില്‍ ആറുപേരാണ് ബന്ദിനിടെ മരിച്ചത്. ഗ്വാളിയോറില്‍ അഞ്ചും മൊറേനയില്‍ ഒരാളും. ഇതില്‍ ഒരു മരണം പോലിസ് വെടിവയ്പിനിടെയാണെന്ന് പോലിസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗ്വാളിയോറിലെ സംഭവത്തില്‍ ദലിത് സംഘടനകളും പോലിസും അന്വേഷണം നടത്തിയത്.
സാമൂഹികമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും പ്രചരിച്ച ദൃശ്യത്തിന്റെ സഹായത്തോടെയാണ് വെടിവയ്പ് നടത്തിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാള്‍ക്കെതിരേ ഐപിസി 308 പ്രകാരം കേസെടുത്തിട്ടുണ്ട്. ദലിത് പ്രക്ഷോഭമായ ഭാരത ബന്ദിനെ ജാതിസംഘര്‍ഷമാക്കി മാറ്റുകയാണ് ബിജെപി ചെയ്യുന്നതെന്ന് ദലിത് നേതാക്കള്‍  ആരോപിച്ചു. മരിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ ഉയര്‍ന്ന ജാതി ഹിന്ദുക്കളാണെന്നു പ്രചരിപ്പിച്ച് ബിജെപി ജാതിവികാരം കത്തിക്കാന്‍ ശ്രമിക്കുകയാണ്. സമരത്തില്‍ നുഴഞ്ഞുകയറി ഉയര്‍ന്ന ജാതിക്കാരെ ആക്രമിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ദലിത് നേതാക്കള്‍ ആരോപിക്കുന്നു.
വെടിവയ്പ് നടത്തിയ രാജാസിങ് ചൗഹാന്‍ സ്‌കൂളില്‍ തന്റെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്നുവെന്നും ഇദ്ദേഹമാണ് വെടിവയ്പ് നടത്തിയതെന്നും ബിഎസ്പി നേതാവ് ദേവാഷിഷ് ജരിയ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.  ദലിത് ആക്റ്റിവിസ്റ്റായ അശോക് ഭാരതി സംഭവത്തില്‍ രാജാസിങ് ചൗഹാന്റെ ഇടപെടലുണ്ടായതായി വാര്‍ത്താമാധ്യമങ്ങളോടു പറഞ്ഞു. വെടിവയ്ക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തത് ബിജെപി പ്രവര്‍ത്തകനായ രാജാസിങ് ചൗഹാനാണെന്ന് അദ്ദേഹം പറഞ്ഞു.
പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രിംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരേയാണ് ദലിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്.
Next Story

RELATED STORIES

Share it