വെടിമരുന്ന് എവിടെ നിന്ന് എത്തിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് അടങ്ങുന്ന വെടിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്ന് ഹൈക്കോടതി. ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി ഉബൈദ് ഇക്കാര്യം ആരാഞ്ഞത്.
തമിഴ്‌നാട്ടില്‍ പോയി അന്വേഷണസംഘം നിരോധിത രാസ വസ്തുവിന്റെ ഉറവിടം പരിശോധിച്ചെന്നും 28ാം പ്രതിയായ ജിബുവാണ് ഇത് എത്തിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തമിഴ്‌നാട്ടില്‍ റെയ്ഡിനെത്തിയപ്പോഴേക്കും രാസവസ്തു അവിടെ നിന്ന് നീക്കം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അലൂമിനിയം പൗഡറും ചിപ്‌സും ചാര്‍കോളുമാണ് പ്രതി നല്‍കിയത്. ഇത് വിതരണം ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടതില്ല. നല്‍കുന്ന അളവ് സംബന്ധിച്ചും നിയന്ത്രണമില്ല. അതേസമയം, അളവില്‍ കവിഞ്ഞ് വെടിക്കെട്ടിനുള്ള വസ്തുക്കള്‍ വിതരണം ചെയ്തുവെന്നാണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും പ്രതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
തുടര്‍ന്ന് വെടിക്കെട്ടിനുള്ള വസ്തുക്കള്‍ അനുവദനീയമായ അളവില്‍ വിതരണം നടന്നിട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, പൊട്ടാസ്യം ക്ലോറേറ്റ് ആര് നല്‍കിയെന്നത് സംബന്ധിച്ച വിവരം കോടതിക്ക് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപോര്‍ട്ടിലും ഇല്ലെന്ന പ്രതിയുടെ വാദം കോടതി ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. അന്ന് ഇത് സംബന്ധിച്ച വിശദമായ വിവരം നല്‍കാനും ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it