വെടിനിര്‍ത്തലിന് പാകിസ്താന്‍ ആവശ്യപ്പെട്ടതായി ബിഎസ്എഫ്

ജമ്മു: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കണമെന്ന് പാകിസ്താന്‍ റേഞ്ചേഴ്‌സ് ആവശ്യപ്പെട്ടതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്). ശനിയാഴ്ചയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് കമാന്‍ഡര്‍ ടെലിഫോണില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടത്. രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്ലാക്രമണങ്ങളും വെടിവയ്പും തുടര്‍ന്നതോടെയാണ് ഇന്ത്യ വന്‍ തോതില്‍ തിരിച്ചടിച്ചതെന്നു ബിഎസ്എഫ് വ്യക്തമാക്കി.
റോക്കറ്റ് തൊടുത്ത് പാക് ബങ്കറുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഏതു പ്രദേശത്തു നിന്നുള്ളവയാണെന്നു വ്യക്തമാക്കാന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെയാണു ബങ്കറുകള്‍ തകര്‍ത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മുവിന് സമീപം പാക് വെടിവയ്പില്‍ കഴിഞ്ഞ വാരം രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ പാക് വെടിവയ്പ് പരമ്പരയാണ് ഇതെന്നും ബിഎസ്എഫ് വ്യക്തമാക്കി. ജനുവരിയിലാണ് ആദ്യ രണ്ടു വെടിവയ്പുകള്‍.
Next Story

RELATED STORIES

Share it