വെടിക്കോപ്പു നിര്‍മിച്ചത് ആറ്റിങ്ങലില്‍; ആറു പേര്‍ കൂടി അറസ്റ്റില്‍

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റഡിയിലെടുത്ത ആറുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. വെടിക്കെട്ട് കരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ തൊഴിലാളികളായ അജിത്, വിഷ്ണു, അനില്‍, സജീവ്, ശിവകാശി സ്വദേശി ജോസഫ്, മകന്‍ ജോണ്‍സണ്‍ എന്നിവരാണ് അറസ്റ്റിലായത്. പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
പുറ്റിങ്ങല്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പരവൂര്‍ കൂനയില്‍ പത്മവിലാസത്തില്‍ പി എസ് ജയലാല്‍, സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനില്‍ ജെ കൃഷ്ണന്‍കുട്ടി പിള്ള, ദേവസ്വം താക്കോല്‍ക്കാരായ കുറുമണ്ടല്‍ പൂവന്‍വിളയില്‍ ജെ പ്രസാദ്, പരവൂര്‍ കോങ്ങാല്‍ സുരഭി വീട്ടില്‍ വി സുരേന്ദ്രനാഥന്‍ പിള്ള , കമ്മിറ്റി അംഗങ്ങളായ പൊഴിക്കര കടകത്തു തൊടിയില്‍ ജി സോമസുന്ദരം പിള്ള, കോങ്ങാല്‍ കോട്ടപ്പുറം ചന്ദ്രോദയത്തില്‍ സി രവീന്ദ്രന്‍ പിള്ള, പൊഴിക്കര മണിയംകുളം ഫ്‌ളോര്‍കോ കമ്പനിക്കു സമീപം ജി മുരുകേശ് എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളി. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
വെടിക്കോപ്പു നിര്‍മിക്കാനാണ് സുരേന്ദ്രനൊപ്പം എത്തിയതെന്നാണ് ഇന്നലെ അറസ്റ്റിലായവര്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്. ആറ്റിങ്ങലിലെ റബര്‍തോട്ടത്തിലെ മൂന്ന് ഷെഡുകളിലാണ് വെടിക്കോപ്പുകള്‍ നിര്‍മിച്ചത്. പിന്നീട് ലോറിയിലും മറ്റ് വാഹനങ്ങളിലും കയറ്റി പരവൂരില്‍ എത്തിക്കുകയായിരുന്നു. കുറുമണ്ടല്‍ ശാര്‍ക്കര ക്ഷേത്രപരിസരത്ത് എത്തിച്ച ഇവ വെടിക്കെട്ടു ദിവസമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കി. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പുറ്റിങ്ങല്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയിലെ എട്ടുപേരെ കൂടി പിടികൂടാനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
സംഭവസമയം പോലിസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തമുണ്ടാവുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത് വിരലില്‍ എണ്ണാവുന്ന പോലിസുകാര്‍ മാത്രമായിരുന്നുവെന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തല്‍.
പോലിസുകാര്‍ രാത്രി എട്ടരയ്ക്കു മുമ്പ് സ്ഥലം വിട്ടു. ക്ഷേത്രപരിസരത്തു നിയോഗിച്ചിരുന്ന പകുതിയോളം പേര്‍ ആ പ്രദേശത്തുണ്ടായിരുന്നില്ല എന്നത് ഗുരുതര വീഴ്ചയായാണു വിലയിരുത്തല്‍.പതിനായിരങ്ങള്‍ എത്തുന്ന പുറ്റിങ്ങല്‍ ഉല്‍സവത്തിന് പരവൂര്‍ സിഐയുടെ ആവശ്യപ്രകാരമാണ് 98 പോലിസുകാരെ നിയോഗിച്ചത്.
പരവൂര്‍, കൊട്ടിയം, ചാത്തന്നൂര്‍ എആര്‍ ക്യാംപുകളില്‍ നിന്നാണ് പോലിസിനെ നിയോഗിച്ചത്. എട്ടരയോടെ മിക്കവരും സ്ഥലം കാലിയാക്കിയെന്നാണു കണ്ടെത്തല്‍.
Next Story

RELATED STORIES

Share it