വെടിക്കെട്ട് നിരോധിക്കേണ്ടതില്ലെന്ന് സര്‍വകക്ഷി യോഗം; നിയന്ത്രണം മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള കരിമരുന്നുപ്രയോഗം നിരോധിക്കേണ്ടതില്ലെന്ന് സര്‍വകക്ഷി യോഗം. നിരോധനമല്ല, ഫലപ്രദമായ നിയന്ത്രണമാണു വേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ പൊതുവായി ഉണ്ടായത്. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.
പരവൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണു തീരുമാനം. ഉല്‍സവങ്ങളോടനുബന്ധിച്ച് മല്‍സരക്കമ്പം അനുവദിക്കില്ല. ഉഗ്രസ്‌ഫോടകവസ്തുക്കളുടെ ഉപയോഗം കര്‍ശനമായി തടയും. നിലവിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ അനുവദിക്കാനും തീരുമാനമായി.
ശക്തികൂടിയ പടക്കങ്ങള്‍ ഒഴിവാക്കി വര്‍ണശോഭയോടെയുള്ള കരിമരുന്നുപ്രയോഗം നടത്തണമെന്നാണ് സര്‍വകക്ഷിയോഗത്തിന്റെ അഭിപ്രായം. പരവൂര്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് പ്രത്യേക നിധി രൂപീകരിക്കും. വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്താന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി തെളിവെടുപ്പ് തുടരുകയാണ്. ഈ മാസം 19ന് റിപോര്‍ട്ട് സമര്‍പ്പിക്കും. 20ന് മന്ത്രിസഭായോഗം ഇതില്‍ തീരുമാനമെടുക്കും. വെടിക്കെട്ട് അപകടം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടക്കട്ടെ എന്നാണു സര്‍ക്കാര്‍ നിലപാട്. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ല.
ശബരിമല വെടിവഴിപാടിന് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ സി ജോസഫ്, വി എസ് ശിവകുമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി പി കെ മൊഹന്തി, പോലിസ് മേധാവി ടി പി സെന്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it