വെടിക്കെട്ട് നടത്തിയത് മുന്നറിയിപ്പ് ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിന് നല്‍കിയ മുന്നറിയിപ്പ് ലംഘിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2016 മാര്‍ച്ച് 31ന് വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളടങ്ങുന്ന കത്ത് കൊല്ലം ജില്ലാ കലക്ടര്‍ക്കും പോലിസ് കമ്മീഷണര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ദുരന്തമുണ്ടാവുന്നതിന് പത്തു ദിവസം മുമ്പ് നല്‍കിയ ഈ കത്ത് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
എല്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പോലിസ് മേധാവികള്‍ക്കും ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് മുന്‍കരുതലെന്ന നിലയില്‍ മാര്‍ഗ നിര്‍ദേശങ്ങളടങ്ങുന്ന കത്തയച്ചിരുന്നു. 2008ലെ സ്‌ഫോടക വസ്തു നിയമത്തിലെ ഷെഡ്യൂള്‍ നാല് പാര്‍ട്ട് ഒന്ന് പ്രകാരം വെടിക്കോപ്പുകള്‍ കൈവശം വയ്ക്കാനും വെടിക്കെട്ട് നടത്താനും അനുമതി നല്‍കേണ്ടത് ജില്ലാ മജിസ്‌ട്രേറ്റാണ്. മുന്‍ വര്‍ഷങ്ങളില്‍ വെടിക്കെട്ടുകളുമായി ബന്ധപ്പെട്ട് അമ്പലങ്ങള്‍ക്കും സമീപ വീടുകള്‍ക്കും സാരമായ നാശനഷ്ടമുണ്ടായതാണ് കത്തിന് ആധാരമായി ചൂണ്ടിക്കാട്ടിയത്.
2008ലെ ചട്ടപ്രകാരം വെടിക്കെട്ടിന് ചീഫ് കണ്‍ട്രോളര്‍ നല്‍കിയ അനുമതി പ്രദര്‍ശിപ്പിക്കണം.സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയില്‍ വെടിക്കെട്ട് നടത്താന്‍ പാടില്ല. റൂള്‍ 19 പ്രകാരം അപകടം പ്രതിരോധിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കണം. ജനങ്ങളില്‍നിന്നു 100 മീറ്റര്‍ അകലം പാലിച്ചേ വെടിക്കെട്ട് നടത്താവൂവെന്നത് അടിസ്ഥാന നിര്‍ദേശമാണ്. കൂടാതെ, ലൈസന്‍സ് ഉള്ളവര്‍ മാത്രമേ വെടിക്കെട്ട് സാമഗ്രികള്‍ വാങ്ങുകയും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാവൂ. ക്ലോറൈറ്റും അതുപോലെ നിരോധിത വസ്തുക്കളും വെടിക്കെട്ടിന് ഉപയോഗിക്കരുത്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് മാത്രമേ ജിവനക്കാര്‍ സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടാവൂ. ആശുപത്രികള്‍, നഴ്‌സിങ് ഹോം, സ്‌കൂള്‍ തുടങ്ങിയവയുടെ 25 മീറ്റര്‍ പരിധിയില്‍ അനുവദിനീയമല്ല. ഫയര്‍ സര്‍വീസ് അതോറിറ്റിയുമായി കൂടിയാലോചന നടത്തണം. ഇതുള്‍പ്പെടെ വെടിക്കെട്ടുമായി ബന്ധപ്പെട്ടു പാലിക്കേണ്ട 27 കാര്യങ്ങള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് ജില്ലാ അധികൃതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്.
വെടിക്കെട്ട് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലൈസന്‍സിങ് അതോറിറ്റിയെ ഏഴു ദിവസം മുമ്പേ ലൈസന്‍സി അറിയിച്ചിരിക്കണം. അനുമതി പത്രത്തില്‍ കാണിച്ചിട്ടുള്ളിടങ്ങളില്‍ മാത്രമേ വെടിക്കോപ്പുകള്‍ സൂക്ഷിക്കാവൂ. വെടിക്കെട്ടിന് ഉപയോഗിക്കുന്ന കുറ്റികള്‍ ചരിയാത്ത വിധം പകുതിയോളമെങ്കിലും മണ്ണില്‍ ഉറപ്പിക്കുകയും പരസ്പരം കൂട്ടിക്കെട്ടുകയും വേണം. സുരക്ഷിത മേഖലയിലാണ് വെടിക്കെട്ടിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ വീഴുന്നതെന്ന് ഉറപ്പാക്കണം. ഉപയോഗിക്കുന്നതും കൈവശമുള്ളതും ശേഷിക്കുന്നതുമായ വെടിക്കോപ്പുകളുടെ കണക്ക് ലൈസന്‍സിയുടെ പക്കലുണ്ടാകണം തുടങ്ങിയവയാണ് കത്തിനൊപ്പം കേന്ദ്രം കൈമാറിയ മറ്റു ചില നിര്‍ദേശങ്ങള്‍. എന്നാല്‍, വെടിക്കെട്ട് നടത്തുന്നതിനും സ്‌ഫോടക സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും 2008ലെ സ്‌ഫോടക ചട്ടപ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കൊല്ലം ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും മറികടന്നാണ് വെടിക്കെട്ട് നടത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it