Kollam Local

വെടിക്കെട്ട് ദുരന്തം: ക്ഷേത്ര പരിസരത്ത് ഇന്ന് പ്രത്യേക മെഡിക്കല്‍ ക്യാംപ്

കൊല്ലം: വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്ര പരിസരത്ത് ഇന്ന് കേള്‍വി തകരാറുള്ളവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപ് നടത്തും. രാവിലെ പത്തു മുതല്‍ നടത്തുന്ന ക്യാംപില്‍ ജില്ലാ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടര്‍മാര്‍ കേള്‍വി തകരാര്‍ സംഭവിച്ചവരെ പരിശോധിക്കും.
ഇന്നലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ നടത്തിയ ഭവനസന്ദര്‍ശനത്തില്‍ കേള്‍വി തകരാറുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് പ്രത്യേക മെഡിക്കല്‍ ക്യാംപ് നടത്തുന്നത്. ക്ഷേത്ര പരിസരത്തെ വീടുകളിലെ കിണര്‍വെള്ളം ശേഖരിച്ചത് രാസപരിശോധന നടത്തുന്നതിന് തിരുവനന്തപുരം പി എച്ച് ലാബിലേക്കും. അണുബാധ പരിശോധനയ്ക്കായി കൊല്ലത്തെ പി എച്ച് ലാബിലും എത്തിച്ചു. ലാബ് റിപോര്‍ട്ടുകള്‍ ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം ഉദേ്യാഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിലെ കിണര്‍ വെള്ളം ഉപയോഗിക്കരുതെന്ന് നേരത്തെതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കിണര്‍ ഉപയോഗശൂന്യമായ ഇടങ്ങളിലേക്ക് ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്.
പരവൂര്‍ മുനിസിപ്പാലിറ്റിയിലെ ഒന്‍പത് ഡിവിഷനുകളില്‍പെട്ട 6435 ഭവനങ്ങളില്‍ 60 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ 20 സംഘങ്ങളായാണ് സന്ദര്‍ശനം നടത്തിയത്. മരണം നടന്ന ആറു വീടുകളിലുള്ളവര്‍ക്കും ദുരന്തത്തിന് സാക്ഷികളായ 23 പേര്‍ക്കും മാനസികാരോഗ്യവിഭാഗം ഡോക്ടര്‍മാര്‍ കൗണ്‍സിലിങ് നടത്തും. പരുക്കേറ്റ് ചികില്‍സയിലുള്ള 30 പേരില്‍ ഒന്‍പതു പേരെ വിദഗ്ധ ചികില്‍സക്കായി ആശുപത്രിയിലേക്ക് അയച്ചു.
ഇന്ന് 30 ആരോഗ്യ വിഭാഗം ജീവനക്കാര്‍ 10 ടീമുകളായി ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, ചിറക്കര, പാരിപ്പള്ളി, നെടുങ്ങോലം, കലയ്‌ക്കോട്, പൂതക്കൂളം എന്നിവിടങ്ങളിലെ മരണം, പരിക്ക് സംഭവിച്ചത് ഉള്‍പ്പടെയുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തും. ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ നാരായണ നായിക്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജഗദീഷ്, ഡിഎംഒയുടെ ചുമതലയുള്ള ഡോ. ജയശങ്കര്‍, മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. രമേശ് ചന്ദ്രന്‍, കലയ്‌ക്കോട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ സാനി തോമസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു തോമസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം വിനോദ്, രാമചന്ദ്രന്‍ എന്നിവര്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it