thrissur local

വെടിക്കെട്ടിനു ഭീഷണിയായി ഉത്തരവുകളും സര്‍ക്കുലറുകളും

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിനു ഭീഷണിയായി ഉത്തരവുകളും സര്‍ക്കുലറുകളും. കേന്ദ്ര എക്‌സ്‌പ്ലോസിവ്‌സ് വിഭാഗത്തിന്റെ കര്‍ശന നിയന്ത്രണ നോട്ടിസിനു പിറകേ, സംസ്ഥാന പോലിസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറാണ് പൂരം വെടിക്കെട്ടിനു പുതിയ ഭീഷണിയാകുന്നത്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിയമാനുസൃതമായ രേഖകളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണു സംസ്ഥാന പോലിസ് മേധാവി ജില്ലാ പോലിസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശം. വെടിക്കെട്ട് അപകടം ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടത് പോലിസായിരിക്കും. അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദത്തിനു വഴങ്ങി അവസരം നല്‍കരുത്. വെടിക്കെട്ടിന്റെ സാംപിളുകള്‍ പരിശോധന നടത്തി ഉഗ്ര പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. വെടിക്കെട്ടിന് കോടതിയോ ജില്ലാ കലക്ടറോ അനുമതി നല്‍കിയാലും നിയമവും നിബന്ധനകളും പാലിക്കപ്പെടണമെന്നാണ് ഉത്തരവിന്റെ കാതല്‍.
തൃശൂര്‍ പൂരം വെടിക്കെട്ട് അടക്കം കേരളത്തില്‍ ക്ഷേത്രോല്‍സവങ്ങളുടെ വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു മാസം മുമ്പ് സംസ്ഥാന സര്‍ക്കാരിനും ജില്ലാ കലക്ടര്‍മാക്കും നോട്ടിസ് അയച്ചിരുന്നു. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസിവ്‌സും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസിവിസ് സേഫ്റ്റി ഓര്‍ഗനൈസേഷനു(പെസോ)മാണ് നോട്ടിസ് അയച്ചത്. ഈ നോട്ടിസില്‍ നിര്‍ദേശിച്ചതനുസരിച്ച് നിയമവും മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. കഴിഞ്ഞ തവണ പ്രത്യേക അനുമതി നേടിയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയത്.
എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയാണ് തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള അനുമതി നേടിയെടുത്തത്. പൂരത്തിനു പൊട്ടിക്കാനുള്ള ഇനങ്ങളുടെ സാംപിള്‍ ചെന്നൈയില്‍ കൊണ്ടുപോയി പരിശോധന നടത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ടു നടക്കുമ്പോള്‍ വെടിക്കെട്ടു നടക്കുന്ന തേക്കിന്‍കാട് മൈതനിയോടു ചേര്‍ന്നുള്ള സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിച്ചിരുന്നില്ല.
വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിന് 250 മീറ്ററിനുള്ളില്‍ സ്‌കൂളോ ആശുപത്രിയോ ഉണ്ടാകാന്‍ പാടില്ല. തൃശൂരില്‍ സഹകരണ ആശുപത്രിയും സിഎംഎസ് സ്‌കൂളും ഈ നിബന്ധന പാലിക്കുന്നതിന് തടസമാകും. പൊട്ടിക്കുന്ന സ്ഥലത്തിന് നൂറു മീറ്റം അകലംവരെ സുരക്ഷാ മേഖലായിരിക്കണം. ഈ മേഖലയില്‍ കെട്ടിടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. നൂറുമീറ്റര്‍ പരിധിയിലേക്കു ജനങ്ങളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നു പോലിസ് കര്‍ശന നിലപാടെടുത്താല്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ ശോഭയും ഘോഷവും ഇല്ലാതാകും.
Next Story

RELATED STORIES

Share it