വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും: മുഖ്യമന്ത്രി; സിബിഐ ആവാം

തിരുവനന്തപുരം: പരവൂരിലെ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം സംബന്ധിച്ച് ഏത് അന്വേഷണവും ആവാമെന്നും സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ഇന്നു ഹൈക്കോടതിയെ അറിയിക്കും.
പരവൂര്‍ വെടിക്കെട്ട് ദുരന്തംമൂലം സമീപപ്രദേശങ്ങളില്‍ ഉള്ള വീടുകള്‍ക്കും കൃഷികള്‍ക്കുമുണ്ടായ നാശനഷ്ടവും ജനങ്ങള്‍ക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും പഠിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.
മന്ത്രിമാരായ അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരുള്‍പ്പെട്ടതാണു സമിതി. മന്ത്രിമാര്‍ ഇന്നുതന്നെ സ്ഥലം സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ വിലയിരുത്തി അടിയന്തര റിപോര്‍ട്ട് നല്‍കും. അടിയന്തര പ്രശ്‌നങ്ങള്‍ക്ക് അവിടെത്തന്നെ പരിഹാരനടപടി സ്വീകരിക്കാനും ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ വീടും കിണറും കൃഷിയും നശിച്ചവര്‍ക്കു സഹായം നല്‍കും. കേള്‍വിക്കുറവടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും സഹായിക്കും.
ദുരന്തത്തില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് അനാഥരായ കൃഷ്ണ, കിഷോര്‍ എന്നിവരുടെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. അവരെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അവരുടെ പണിതീരാത്ത വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. വീടിനുവേണ്ടി ജില്ലാ സഹകരണബാങ്കില്‍ നിന്നെടുത്ത വായ്പാ കുടിശ്ശിക സര്‍ക്കാര്‍ അടച്ചുതീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരവൂര്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിച്ചതു ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്. ഇതിന്റെ പേരില്‍ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം. ഈ പ്രസ്താവന നടത്തിയ ആള്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ പുല്ലുമേട് ദുരന്തവും തേക്കടി ബോട്ട് അപകടവും ഉണ്ടായെങ്കിലും അദ്ദേഹം രാജിവച്ചോ? രാജിവയ്ക്കണമെന്ന് അന്നു തങ്ങള്‍ ആവശ്യപ്പെട്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വെടിക്കെട്ട് നിരോധിക്കണോ എന്ന കാര്യം ഇന്നുചേരുന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യും. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ വെടിക്കെട്ടും എഴുന്നള്ളിപ്പുമെല്ലാം വേണമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. തൃശൂര്‍ പൂരത്തിനു വെടിക്കെട്ടിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it