thiruvananthapuram local

വെഞ്ഞാറമൂട് ടൗണ്‍ വികസനത്തിന് വഴിയൊരുങ്ങുന്നു

വെഞ്ഞാറമൂട്: വര്‍ഷങ്ങളായി ജനങ്ങള്‍ കാത്തിരിക്കുന്ന വെഞ്ഞാറമൂട് ടൗണ്‍ വികസനത്തിനു വഴിയൊരുങ്ങി. ടൗണിലെ റോഡു പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനുവേണ്ടി ഇന്നലെ വെഞ്ഞാറമൂട് സ്‌കൂളില്‍ ഡി കെ മുരളി എംഎല്‍എ, കലക്ടര്‍ ഡോ. വാസുകി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പുറമ്പോക്ക് ഭൂമി വിട്ടു നല്‍കുന്നതിനു തീരുമാനമെടുത്തത്. വെഞ്ഞാറമൂട് ജങ്ഷന്‍ നവീകരിക്കുന്നതിനു നിലവിലുള്ള കെഎസ്ഡിപി ഭൂമി പരിശോധിച്ചപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് പുറമ്പോക്കു ഭൂമിയില്‍ കൈയേറ്റങ്ങളുണ്ടെന്ന് കണ്ടത്തി.
തുടര്‍ന്ന് റവന്യൂ അധികൃതരുടെ സഹായത്തോടെ താലൂക്ക് സര്‍വേയര്‍ ജങ്ഷനിലെ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും നെല്ലനാട് വില്ലേജ് ബ്ലോക്ക് നമ്പര്‍ 25,26 എന്നിവയില്‍ 45 കൈയേറ്റങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി കെഎസ്ഡിപിക്കു കൈമാറി. ഇത് 862.94 ച. മീറ്റര്‍ ഭൂമിയുണ്ടെന്നും കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയം, സഹകരണ സ്ഥാപനം, പാര്‍ട്ടി ഓഫിസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു.
ചിലര്‍ തങ്ങളുടെ വസ്തുവില്‍ കൈയേറ്റമില്ലെന്നും മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡികെ മുരളി എംഎല്‍എ വസ്തു ഉടമകള്‍, പോലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍, കലക്ടര്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സര്‍വകക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ എല്ലാവരും റോഡു വികസനം സാധ്യമാക്കാന്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു.
എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടര്‍ ഡോ. വാസുകി, എഡിഎം പി ആര്‍ വിനോദ്, നെടുമങ്ങാട് ആര്‍ഡിഒ ആര്‍ എസ് ബൈജു, കെഎസ്ടിപി കമ്മ്യൂണിറ്റി ലെയ്‌സണ്‍ ഓഫിസര്‍ ടി വി സതീഷ്, വൊഞ്ഞാറമൂട് പോലിസ് ഇന്‍സ്‌പെക്ടര്‍ ആര്‍ വിജയന്‍, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, നാട്പാക് ശാസ്ത്രജ്ഞന്‍ അരുണ്‍ ചന്ദ്രന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ് ദീപു സംസാരിച്ചു. വ്യാപാരികള്‍, വസ്തു ഉടമകള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ വികസനത്തിനു പിന്തുണ അറിയിച്ചു.
Next Story

RELATED STORIES

Share it