palakkad local

വെച്ചൂര്‍ പശുപരിപാലനത്തില്‍ ‘’ പുരസ്‌ക്കാരത്തിളക്കവുമായി ബ്രഹ്മദത്തന്‍

സികെ   ശശി  പച്ചാട്ടിരി

ആനക്കര : വെച്ചൂര്‍ പശുപരിപാലനത്തില്‍ ക്ഷീരവികസന ബോര്‍ഡിന്റെ കാമധേനു പുരസ്‌കാരം നേടിയതോടൊപ്പം തന്റെ തൊഴുത്തില്‍ പുതിയൊരു പശുകുട്ടി പിറന്നതിന്റെ സന്തോഷം കൂടി പങ്കുവെക്കുകയാണ് ഞാങ്ങാട്ടിരി മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍. കഴിഞ്ഞ ദിവസമാണ് നാടന്‍ പശുവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള കാമധേനു പുരസ്‌കാരം ബ്രഹ്മദത്തനെ തേടിയെത്തിയത്. അവാര്‍ഡ് ലഭിച്ചതിന്റെ പിറ്റേന്ന് തന്നെ തന്റെ അഞ്ചുവയസുകാരിയായ വെച്ചൂര്‍ ഇനം ഗംഗയ്ക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. കുട്ടിന് ‘കാമധേനു’ എന്നാണ് പേരിട്ടിട്ടുള്ളത്. 1997ലാണ് കോട്ടയത്ത് നിന്നും 3000 രൂപയ്ക്ക് ബ്രഹ്മദത്തന്‍ വെച്ചൂര്‍ പശുവിനെ വാങ്ങുന്നത്.  പിന്നീടിങ്ങോട്ട് മോഴിക്കുന്നത്ത് മനയിലെ തൊഴുത്തില്‍ വെച്ചൂര്‍ പശു ഒഴിഞ്ഞിട്ടില്ല. നിലവില്‍ 12 പശുക്കളാണ്  ഇവിടെയുള്ളത്.  പശു വളര്‍ത്തലിനൊപ്പം ഇവയുടെ കൃത്യമായ രേഖകള്‍ സൂക്ഷിച്ചുവെക്കാനും ബ്രഹ്മദത്തന്‍ സമയം കണ്ടെത്തുന്നു. ഓരോ പശു ജനിക്കുമ്പോഴും അവയുടെ ഉയരം, തൂക്കം, മറ്റ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കും.   ദഹനപ്രക്രിയക്ക് അനുയോജ്യമായ എവണ്‍ പാല്‍, ഔഷധഗുണമുള്ള ഗോമൂത്രം, ചാണകം എന്നിവയൊക്കെയാണ് വെച്ചൂര്‍ പശുവിന്റെ മേന്മകളെന്ന് ബ്രഹ്മദത്തന്‍ പറയുന്നു.ദിവസവും പുലര്‍ച്ചെ അഞ്ചരയോടെ ബ്രഹ്മദത്തന്‍ പശുപരിപാലനം തുടങ്ങും .ഇതിനായി കുടുംബാംഗങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. നിലവില്‍ പാല്‍ ഉപയോഗിച്ച് നെയ്യ് നിര്‍മിക്കുന്നുണ്ട്. വെച്ചൂര്‍ പശുവിന്റെ പാലുപയോഗിച്ചുള്ള നെയ്യിനായി  ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആവശ്യക്കാര്‍ എത്തുന്നുണ്ട്. കൂടാതെ തൊഴുത്തിലെ ഗോമൂത്രം നെല്‍കൃഷിയിലെ പുഴുശല്യത്തിന് തളിക്കാനും ഉപയോഗിക്കുന്നു. 2010ല്‍ നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ബ്രീഡ് സേവ് ഇയര്‍ അവാര്‍ഡ്, 2013ല്‍ സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി അവാര്‍ഡ്, ജൈവവൈവിധ്യ പുരസ്‌കാരം, 2015ല്‍ കപില പുരസ്‌ക്കാരവും, കാസര്‍കോട് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അവാര്‍ഡ് എന്നിവയും ബ്രഹ്മദത്തനെ തേടിയെത്തിയിട്ടുണ്ട്. പശുപരിപാലനത്തിന് അമ്മ ശ്രീദേവി അന്തര്‍ജനം, ഭാര്യ നെടുങ്ങോട്ടൂര്‍ എല്‍പി സ്‌കൂള്‍ അധ്യാപിക മഞ്ജു, മക്കളായ ശ്രീദേവി, നേത്രനാരായണന്‍ എന്നിവരും ഒപ്പമുണ്ട്.
Next Story

RELATED STORIES

Share it