Idukki local

വെങ്ങല്ലൂര്‍ ബൈപാസ് മുല്ലയ്ക്കല്‍ ജങ്ഷനിലെ അപകടങ്ങള്‍ ; കെട്ടിടം പൊളിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം



തൊടുപുഴ: നിരന്തരം വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധം സംഘടിപ്പിച്ച നാട്ടുകാരും സ്ഥലം ഉടമസ്ഥരുമായി തര്‍ക്കവും വാക്കേറ്റവും സംഘര്‍ഷത്തിലെത്തി.സ്ഥിരം അപകട കേന്ദ്രമെന്ന് പരാതി ഉയര്‍ന്ന കോലാനി- വെങ്ങല്ലൂര്‍ ബൈപാസിലെ മുല്ലയ്ക്കല്‍ ജങ്ഷനിലെ കെട്ടിടം പൊളിക്കാനാണ്  നാട്ടുകാര്‍ സംഘടിച്ചെത്തിയത്. ഒടുവില്‍ പോ ലിസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ അഞ്ചുദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കാമെന്ന് ഉടമ രേഖാമൂലം എഴുതി നല്‍കിയതോടെ സംഘര്‍ഷം അയവു വന്നു. തൊടുപുഴ-രാമമംഗലം റോഡും കോലാനി-വെങ്ങല്ലൂര്‍ റോഡും ചേരുന്ന ജങ്ഷനിലെ കെട്ടിടം ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതിനാലാണ് അപകടം പെരുകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഏതാനും പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചു.തിരക്കേറിയ ബൈപാസിലേക്ക് വന്നു ചേരുന്ന, മണക്കാട് റോഡില്‍ നിന്നുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു. പോലിസുമായുണ്ടാക്കിയ ധാരണയില്‍ കെട്ടിടം പൊളിക്കാമെന്ന് ഉടമ സമ്മതിച്ചിരുന്നു. ഇത് പാലിക്കാത്തതാണ് വീണ്ടും പ്രശ്‌നത്തിന് ഇടയാക്കിയത്. തിങ്കളാഴ്ച രാവിലെ സംഘടിച്ച ജനങ്ങള്‍ ബൈപാസ് റോഡും തൊടുപുഴ-മണക്കാട് റോഡും ഉപരോധിച്ചു. ഇതോടെ ഗതാഗതം തടസപ്പെട്ടു. കെട്ടിടം പൊളിച്ചു നീക്കാന്‍ ചിലര്‍ സന്നാഹവുമായെത്തി. ഇതോടെ കെടിട ഉടമയും വീട്ടുകാരും ഇവരുമായി വാക്കേറ്റമായി. ജനപ്രതിനിധികളും വിവിധ പാര്‍ടി നേതാക്കളും ഇവിടെയെത്തിയിരുന്നു. കാഴ്ച മറയ്ക്കുന്ന ഭാഗം പൊളിച്ചു നീക്കിയാല്‍ മതിയെന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ചു. എന്നാല്‍,കെട്ടിടം പൊളിക്കില്ലെന്ന നിലപാടിലായിരുന്നു ഉടമ. ഇതിനിടെ ചിലര്‍ കെട്ടിടത്തിന്റെ കുറേഭാഗം ഇടിച്ച് നിലത്തിട്ടു. പോലിസ് എത്തി ഇത് തടഞ്ഞതോടെ അവര്‍ പിന്‍വാങ്ങി. ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന് പോലിസ് നിര്‍ദേശിച്ചു. തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണി സ്ഥലത്തെത്തി വീട്ടുകാരുമായി ചര്‍ച്ച നടത്തിയാണ് ഒടുവില്‍ ശാശ്വത പരിഹാരത്തിന് വഴിയൊരുക്കിയത്. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന കെട്ടിട ഭാഗം അഞ്ചു ദിവസത്തിനകം പൊളിച്ച് നീക്കാമെന്ന്  ഉടമ സമ്മതിച്ചു. ഇതിന് കരാര്‍ ഒപ്പിടാനും അവര്‍ സന്നദ്ധരായി. നാട്ടുകാര്‍ക്ക് വേണ്ടി ജനപ്രതിനിധികളും കരാറില്‍ ഒപ്പു വച്ചു. ബൈപാസ് റോഡില്‍ അപകടം ഒഴിവാക്കാന്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പരിഹാരമാവുന്നില്ല. അശാസ്ത്രീയമായാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. എതിരെ വാഹനങ്ങള്‍ വരുമ്പോഴും ശ്രദ്ധിക്കാതെ പലരും വേഗത്തില്‍ പോവുകയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it