thrissur local

വെങ്കിടങ്ങ് പഞ്ചായത്തില്‍ ഇടത്-വലത് മുന്നണികള്‍ അങ്കലാപ്പില്‍

കെ എം അക്ബര്‍

വെങ്കിടങ്ങ്: ഭരണാധികാരികളുടെ അവഗണന പേറുന്ന പഞ്ചായത്തിലെ വാര്‍ഡുകളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണ് എസ്ഡിപിഐ. മൂന്നു വാര്‍ഡുകളില്‍ മല്‍സരിക്കുന്ന പാര്‍ട്ടിയുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ അതിനു തെളിവാണ്. പഞ്ചായത്ത്് നിവാസികളുടെ നീറുന്ന പ്രശ്‌നങ്ങളായ കുടിവെള്ളക്ഷാമം, റോഡുകളുടെ ശോച്യാവസ്ഥ, നോക്കുകുത്തികളായ തെരുവു വിളക്കുകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടി എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഏറെ ചങ്കിടിപ്പേറുന്നത് ഇരു മുന്നണികളുടെയും നേതാക്കള്‍ക്കാണ്. ഒന്നാം വാര്‍ഡായ പാടൂര്‍ വെസ്റ്റില്‍ ഷഹര്‍ബാന്‍ അഷറഫും രണ്ടാം വാര്‍ഡ് പാടൂര്‍ ഈസ്റ്റിലെ പി ഐ ഷിഹാബും 11ാം വാര്‍ഡായ കരുവന്തല വെസ്റ്റില്‍ നാരായണന്‍ കോടോക്കിലുമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്.

രണ്ടാം വാര്‍ഡില്‍ ഇരു മുന്നണികളേയും വെള്ളം കുടിപ്പിക്കുന്ന പ്രചാരണമാണ് ഷിഹാബ് നടത്തുന്നത്. ഇടതു വലതു മുന്നണികള്‍ മാറി മാറി വിജയിക്കാറുള്ള വാര്‍ഡില്‍ യുഡിഎഫിലെ ലീഗ് അംഗമാണ് നിലവിലെ മെംബര്‍.

എന്നാല്‍, വാര്‍ഡിലെ അങ്കണവാടി നിര്‍മാണത്തിലെ അധികൃതരുടെ അനാസ്ഥയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാവാത്തതും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാത്തതും വാര്‍ഡില്‍ എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്് ആയുധമാക്കിയതോടെ മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ് നേതൃത്വം. പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ വാര്‍ഡിലെ മല്‍സരം എസ്ഡിപിഐയും എല്‍ഡിഎഫും തമ്മിലായി മാറിയ നിലയിലാണ്. എസ്ഡിപിഐ മല്‍സരിക്കുന്ന മറ്റു വാര്‍ഡുകളിലും സ്ഥിതി മറിച്ചല്ല.

ഗ്രാമസഭകളില്‍ തീരുമാനമെടുക്കാതെ തങ്ങളുടെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ നടത്തി പഞ്ചായത്ത്് നിയമങ്ങളെ അട്ടിമറിക്കുന്ന ഇടതു-വലതു മുന്നണികളുടെ തനിനിറം തുറന്നു കാട്ടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഇത്തവണ വെങ്കിടങ്ങ് പഞ്ചായത്തില്‍ അട്ടിമറി നടത്തുമെന്നു തന്നെയാണ് വോട്ടര്‍മാരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it