Pathanamthitta local

വൃശ്ചികവാണിഭത്തിന് തെള്ളിയൂര്‍ക്കാവ് ഒരുങ്ങി

കോട്ടാങ്ങല്‍: പഴമയുടെ പെരുമയും ആചാരത്തിന്റെ പിന്തുടര്‍ച്ചയും തൊട്ടുണര്‍ത്തുന്ന തെള്ളിയൂര്‍ വൃശ്ചികവാണിഭത്തിന് തെള്ളിയൂര്‍ക്കാവ് ഒരുങ്ങി. വൃശ്ചികംഒന്നിനാരംഭിക്കുന്ന വാണിഭം ഒരാഴ്ച നീണ്ടുനില്‍ക്കും. തെള്ളിയൂര്‍ക്കാവ് ദേവീക്ഷേത്രത്തിന് സമീപത്തുള്ള ആല്‍ത്തറ മൈതാനിയില്‍ നടക്കുന്ന വാണിഭ മേളയിലേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തും.
ഗ്രാമീണകാര്‍ഷിക ഉപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും വന്‍ശേഖരം വില്പനയ്ക്കും പ്രദര്‍ശനത്തിനും എത്തും. പറ, നാഴി, ചങ്ങഴി, തൈര് ഉടയ്ക്കുന്ന മത്ത്, പിച്ചാത്തി, വെട്ടുകത്തി, ചിരവ, കല്‍ഭരണികള്‍, ആട്ടുകല്ല്, ഉലക്ക, ഉരല്‍, ഓട്അലുമിനിയംസ്റ്റീല്‍ചെമ്പ് പാത്രങ്ങള്‍, ഇരുമ്പില്‍ തീര്‍ത്ത പണിയായുധങ്ങള്‍, തൂമ്പാക്കൈ, മഴുക്കൈ തുടങ്ങി സംഗീതോപകരണങ്ങള്‍വരെ വിപണനത്തിനായി എത്താറുണ്ട്. വിലപേശി വാങ്ങാമെന്നതാണ് പ്രധാന സവിശേഷത. ഐതിഹ്യത്തിന്റെയും വിശ്വാസത്തിന്റെയും നിഴലിലാണ് തെള്ളിയൂര്‍ വാണിഭത്തിന്റെ തുടക്കം. അവര്‍ണര്‍ക്ക്‌ േക്ഷത്രദര്‍ശനം നിഷേധിച്ചിരുന്നകാലത്ത് തെള്ളിയൂര്‍ഭഗവതിക്ക് നേര്‍ച്ചയുംകാഴ്ചയും അര്‍പ്പിക്കാന്‍ ക്ഷേത്രം പുറംവേലിക്ക് അപ്പുറത്തുള്ള മൈതാനിയില്‍ ആണ്ടുതോറും ധാരാളംപേര്‍ തടിച്ചുകൂടിയിരുന്നു.
കാര്‍ഷേകാല്‍പ്പന്നങ്ങളുടെ ഒരുഭാഗമാണ് ദേവിക്ക് സമര്‍പ്പിച്ചിരുന്നത്. അരയസമുദായത്തില്‍പ്പെട്ട ആളുകള്‍ ഉണക്കസ്രാവാണ് സമര്‍പ്പിച്ചിരുന്നത്. ഉണക്കസ്രാവ് വ്യാപാരം ഇന്നും തെള്ളിയൂര്‍ വാണിഭത്തിന്റെ മാത്രം പ്രത്യേകതയാണ്. ക്ഷേത്രപ്രവേശനവിളംബരത്തോടുകൂടി അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍കയറി ദര്‍ശനം നടത്തുന്നതിനുള്ള വിലക്ക് ഇല്ലാതായെങ്കിലും പഴയ ആചാരത്തിന്റെ സ്മരണയ്ക്കായി ഒട്ടേറെപ്പേര്‍ ഇന്നും വൃശ്ചികംഒന്നിന് തെള്ളിയൂര്‍ക്കാവിലെത്തി പ്രത്യേക പന്തലില്‍ വഴിപാടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ഥന നടത്താറുണ്ട്. പുലയ സമുദായത്തില്‍പ്പെട്ട വിശ്വാസികള്‍ കാവിലമ്മയ്ക്ക് നെല്ലും കോഴിയും സമര്‍പ്പിക്കുന്നതോടെയാണ് വൃശ്ചികവാണിഭത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. ക്ഷേത്രകൊടിമരത്തിന് സമീപത്തെ ആനക്കൊട്ടിലില്‍ കുരുത്തോലപന്തല്‍ ഒരുക്കി വെള്ളിവരമ്പ് വിരിച്ചാണ് ധാന്യസമര്‍പ്പണവും കോഴിപറത്തലും നടത്തുക. സ്ഥാനീയ അവകാശിയും തെള്ളിയൂര്‍ സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ കൊച്ചുകുഞ്ഞ് അഴകന്റെ നേതൃത്വത്തില്‍ സമുദായാംഗങ്ങളുടെ വിളിച്ചുചൊല്ലിപ്രാര്‍ഥനയും ഉണ്ടാകും.
വൃശ്ചികം ഒന്നുമുതല്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുതിപ്പാട്ടും പാട്ടമ്പലത്തില്‍ ആരംഭിക്കും. 17, 18, 19 തിയ്യതികളില്‍ തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി ഡിപ്പോകളില്‍നിന്ന് കെ.—എസ്.—ആര്‍.—ടി.—സി. തെള്ളിയൂര്‍ക്കാവിലേക്ക് പ്രത്യേക ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it