വൃന്ദ കാരാട്ടിനെഴുതുന്ന തുറന്ന കത്ത്

ഹാദിയ കേസിനെപ്പറ്റി ഹിന്ദു പത്രത്തില്‍ (30 നവംബര്‍) വന്ന താങ്കളുടെ ലേഖനം വായിച്ചപ്പോള്‍ എനിക്ക് ഉണ്ടായ സന്തോഷവും ആശ്വാസവും വിവരണാതീതമാണ്. ഫേസ്ബുക്കില്‍ സിപിഎം അനുയായികള്‍ ആ യുവതിക്കു നേരെ അഴിച്ചുവിട്ട സ്ത്രീവിരോധത്തിന്റെയും ഇസ്‌ലാംപേടിയുടെയും ഒട്ടും ദീര്‍ഘദൃഷ്ടിയില്ലാത്ത രോഷത്തിന്റെയും ലഹളയില്‍ ഏതാണ്ട് ബധിരയായിരുന്നു ഞാന്‍. അതിനിടയിലാണ് സഖാവേ, താങ്കളുടെ വിവേകത്തിന്റെ ശബ്ദം എനിക്കു വലിയ ആശ്വാസമാവുന്നത്. താങ്കളുടെ ലേഖനം ഇല്ലായിരുന്നുവെങ്കില്‍ സിപിഎം എന്നത് അധികാരദാഹമുള്ള, ദീര്‍ഘദൃഷ്ടിയില്ലാത്ത കുതന്ത്രശാലികള്‍ മാത്രമാണെന്നും, അവര്‍ ധാര്‍മികതയോ മൂല്യങ്ങളോ ഇല്ലാത്ത തങ്ങളുടെ സമീപനങ്ങള്‍ വിരസവും കാലഹരണപ്പെട്ടതുമായ യുക്തിവാദവും പ്രശ്‌നസങ്കുലമായ ഉദാരവാദവും കൊണ്ട് മൂടിവയ്ക്കുകയാണെന്നും ഒരാള്‍ കരുതിയേനെ. ഇസ്‌ലാം സ്വീകരിച്ചതിനു താങ്കള്‍ ഹാദിയയെ അധിക്ഷേപിക്കുന്നില്ല; അവള്‍ ധീരയാണെന്നു താങ്കള്‍ അംഗീകരിക്കുന്നു. പുരുഷമേധാവിത്വത്തിന്റെ പാദസേവകരായ ഹാദിയയുടെ പിതാവിനെയും മറ്റുള്ളവരെയും താങ്കള്‍ തിരസ്‌കരിക്കുന്നു. സുപ്രിംകോടതിയില്‍ കണ്ട പുരുഷമേധാവിത്വത്തെ വിമര്‍ശിക്കുന്നു. പല സിപിഎം അനുഭാവികളില്‍ നിന്നും വ്യത്യസ്തമായി നാം ജീവിക്കുന്ന കാലത്തെപ്പറ്റി താങ്കള്‍ക്കു മിഥ്യാധാരണകള്‍ ഒന്നുമില്ല. നല്ല കുട്ടികളായി നിന്നാല്‍ എന്‍ഐഎ നമ്മെ വെറുതെ വിടുമെന്നു താങ്കള്‍ കരുതുന്നില്ല. ഹാദിയയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വയ്ക്കുന്ന ഹൈക്കോടതിവിധി ലേഖനം പൊളിച്ചടുക്കുന്നു. സിപിഎമ്മുമായി ചേര്‍ന്നുനില്‍ക്കുന്ന ചില പൊതുപ്രവര്‍ത്തകര്‍ മതവിശ്വാസികളായ മുസ്‌ലിംകള്‍ക്കെതിരായി ഈ കോടതിവിധി ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ഹാദിയയുടെ നിയമവിരുദ്ധമായ കസ്റ്റഡിക്കെതിരേ മുമ്പ് ശബ്ദമുയര്‍ത്തിയപ്പോള്‍ സ്വന്തം അണികളില്‍ തന്നെയുള്ള താങ്കളെ ആക്രമിക്കാന്‍ വന്ന അമറുന്ന ഇസ്‌ലാംവിരുദ്ധരെ പരിഗണിക്കാതെ കാര്യങ്ങള്‍ നേരെ ചൊവ്വെ പറഞ്ഞതിനു സഖാവേ, ഒരിക്കല്‍ കൂടി നന്ദി. അതോടൊപ്പം ലഹള വയ്ക്കുന്ന സിപിഎം അനുയായികളില്‍ നിന്നുയര്‍ന്നുവരുന്ന ഇസ്‌ലാം വിരോധത്തിനു ലഭിക്കുന്ന, അനിയന്ത്രിതമായ അംഗീകാരത്തെപ്പറ്റി എനിക്കുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് ഞാനിത് എഴുതുന്നത്. പ്രത്യക്ഷത്തില്‍ അവര്‍ എസ്ഡിപിഐയെയാണ് ആക്രമിക്കുന്നതെങ്കിലും അവരുടെ വിഷം വന്നുവീഴുന്നത് വിശ്വാസികളായ, മതം ആചരിക്കുന്നവരുടെ ദേഹത്താണ്.  കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് ഹാദിയയുടെ പിതാവിന്റെ ഹിംസാത്മകതയെ അവര്‍ ന്യായീകരിച്ചു. (ഹാദിയ തന്നെ തന്റെ പിതാവ് ഒരു ക്രിമിനലാണെന്ന് പിന്നീട് വെളിപ്പെടുത്തി). അഫ്ഗാനിസ്താനില്‍ ബോംബിടുന്നതിനെ ന്യായീകരിച്ച അമേരിക്കന്‍ സ്ത്രീവിമോചനവാദികളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഇസ്‌ലാംവിരോധത്തിലേക്കു മാറ്റിച്ചവിട്ടിയിരിക്കുകയാണ് സിപിഎം അനുകൂലികള്‍. വേറെയും ഉദാഹരണങ്ങളുണ്ട്. എന്നെ കൂടുതല്‍ ആശങ്കയിലാക്കുന്നത് സിപിഎമ്മുമായി വളരെ അടുത്തുനില്‍ക്കുന്ന പല യുവതികളും യാതൊരു ശ്രദ്ധയുമില്ലാതെ ഈ കാഴ്ചപ്പാട് പ്രചരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, കേരളത്തിനു പുറത്ത് ഒരു സാങ്കേതിക സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന, സിപിഎമ്മിനെ പിന്തുണയ്ക്കുന്ന ഒരു യുവതി മുസ്‌ലിം ഗ്രൂപ്പുകളൊക്കെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരാണെന്ന് ഒരു സങ്കോചവുമില്ലാതെ പ്രചരിപ്പിക്കുന്നു. അവര്‍ ഇസ്‌ലാം ആചരിക്കാത്ത തന്റെ ജീവിതത്തില്‍ സംതൃപ്തയാണ്. എന്നാല്‍ അവര്‍ തന്റെ ജീവിതം മറ്റു മുസ്‌ലിം സ്ത്രീകളുടെ ജീവിതം വിലയിരുത്താനുള്ള വഴുവഴുപ്പന്‍ മാനദണ്ഡമായി ഉപയോഗിക്കുന്നു. ഹാദിയയുടെ വിദ്യാഭ്യാസം തുടരാന്‍ സുപ്രിംകോടതി വിധിച്ചെന്നു കേട്ട അവര്‍ 'അതിനെ എസ്ഡിപിഐ അനുകൂലിക്കുമോ' എന്ന് അദ്ഭുതം കൂറുന്നു. സ്ത്രീകള്‍ക്ക് ഒട്ടും വിദ്യാഭ്യാസം നല്‍കാത്തവരാണ് എസ്ഡിപിഐ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ആദ്യംതൊട്ടേ ഹാദിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നു വാദിക്കുന്നവരാണ് എസ്ഡിപിഐ എന്നോ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതില്‍ ഹാദിയക്ക് വളരെ നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നോ അവര്‍ക്ക് അറിയില്ല. യഥാര്‍ഥത്തില്‍ പിതാവ് അശോകനാണ് ഹാദിയയുടെ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമായി കൊണ്ടുപോയത്. കോടതി ഉത്തരവു കൊണ്ടാണ് അയാള്‍ അതു തിരിച്ചുനല്‍കിയത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ സംഘടനയുടെ പ്രവര്‍ത്തകയായ തിരുവനന്തപുരത്തുള്ള ഒരു യുവ അഭിഭാഷക ഹാദിയയുടെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായ തിരഞ്ഞെടുപ്പല്ലെന്ന് ഉറപ്പിച്ചു പറയുന്നു. ഇസ്‌ലാമിക ജീവിതം ഹാദിയ തിരഞ്ഞെടുത്തതാണത്രേ കാരണം. ഇപ്പോള്‍ അവര്‍, ഇസ്‌ലാം മാതാപിതാക്കളെ വെറുക്കുന്നുവോ എന്ന സംശയമാണ് ഉയര്‍ത്തുന്നത്. സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന ഒരു കാര്‍ട്ടൂണില്‍, നിഖാബ് ധരിച്ച ഒരു സ്ത്രീ ഹാദിയയെ മോചിപ്പിക്കുകയെന്ന പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്നു. നിഖാബും സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമാണെന്ന സങ്കല്‍പമാണ് അതിന്റെ അടിസ്ഥാനം. അഫ്ഗാനിസ്താനില്‍ യുഎസ് ഭടന്‍മാര്‍ സ്ത്രീകളുടെ പര്‍ദ അഴിപ്പിച്ചതിനെ ന്യായീകരിക്കുന്ന അമേരിക്കന്‍ സ്ത്രീവിമോചനവാദികളെയാണ് വീണ്ടും എനിക്ക് ഓര്‍മ വന്നത്. ഇസ്‌ലാം അടക്കമുള്ള എല്ലാ മതങ്ങളും ആഴത്തില്‍ പുരുഷമേധാവിത്വപരമാണ്. എല്ലാ മതങ്ങളിലുമുള്ള പുരുഷമേധാവിത്വത്തിനെതിരേ നാം വിശ്രമമില്ലാതെ പോരാടേണ്ടതുമുണ്ട്. എന്നാല്‍, മതവിശ്വാസികളായ സ്ത്രീകളൊക്കെ പാവകളല്ല. സ്വന്തം സമുദായങ്ങളില്‍ അവര്‍ അവകാശങ്ങള്‍ക്കായി കഠിനമായി ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങള്‍ ഇക്കാര്യം സൂക്ഷ്മതയോടെയാണ് ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ മതം ഉപേക്ഷിച്ച് നഗരങ്ങളിലെ നാസ്തികവൃത്തങ്ങളില്‍ ചേര്‍ന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ വിമോചിതരാവുമെന്നു നാമാരും കരുതുന്നില്ല. നമ്മെപ്പോലുള്ള അമുസ്‌ലിം സ്ത്രീവിമോചനവാദികള്‍ ആത്മപരിശോധനയുടെ അഭാവം തിളക്കം കൂടിയ ഒരു ഗുണമാണെന്നു കരുതാന്‍ മാത്രം ധിക്കാരമുള്ളവരല്ല. എന്നാല്‍, സിപിഎമ്മിനെ പിന്തുണയ്ക്കുന്ന പല സ്ത്രീകളും പ്രത്യക്ഷമായ ഇസ്‌ലാംവിരോധവും വൃത്തികെട്ട യുക്തിവാദവും 'പുരോഗമന'പരമായ ഇടതുപക്ഷ സ്വത്വത്തിന്റെ നിര്‍ബന്ധ ഘടകങ്ങളാണെന്നു കരുതുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ സംഘടന ഹാദിയയുടെ നിയമവിരുദ്ധമായ കസ്റ്റഡിക്കെതിരേ മുമ്പുതന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും അതാണ് സ്ഥിതി. ലിംഗനീതിയുടെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉപദേഷ്ടാവ് കുറേക്കൂടി മാനുഷികവും വിവേകപൂര്‍ണവുമായ സമീപനമാണ് ആദ്യം തന്നെ സ്വീകരിച്ചത്. പക്ഷേ, ആ കാഴ്ചപ്പാടുകള്‍ വിളുമ്പിലേക്ക് തള്ളിമാറ്റപ്പെട്ടു. കേരള വനിതാ കമ്മീഷന്റെ വക്കീല്‍ പി വി ദിനേശ് സമീപകാലത്ത് എഴുതിയ ലേഖനം തന്നെ പൂര്‍ണമായും ദാക്ഷിണ്യഭാവമുള്ളതും നീതി നിഷേധിക്കപ്പെട്ട യുവതിക്ക് നീതി നല്‍കുക എന്നതിനപ്പുറമുള്ള ഉദ്ദേശ്യങ്ങള്‍ സ്ഫുരിക്കുന്നതുമായിരുന്നു (ഔട്ട്‌ലുക്ക് വാരിക, നവം. 29- വിവ). ഹാദിയ വിഷയം പ്രാദേശിക പ്രശ്‌നമല്ലാതായി മാറുന്നതിലും എനിക്ക് ഉല്‍ക്കണ്ഠയുണ്ട്. അതൊരു ദേശീയ പ്രശ്‌നമായി മാറി. മതപരമായ വസ്ത്രം ധരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ശത്രുതാപരമായ വീക്ഷണങ്ങളുമായി സിപിഎമ്മിനു കാണ്‍പൂരിലും ലഖ്‌നോയിലും ഹൈദരാബാദിലും പര്‍ദ ധരിച്ച സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനൊക്കുമോ? ചെറിയ രാഷ്ട്രീയ ലാഭം കണക്കുകൂട്ടിക്കൊണ്ട് മുസ്‌ലിംകളോടും മുസ്‌ലിം സ്ത്രീകളോടുമുള്ള മൂല്യവത്തായ സമീപനത്തെ തട്ടിക്കൊണ്ടുപോവാന്‍ മുതിരരുതെന്ന് കേരളത്തിലെ സഖാക്കന്‍മാരെ സഖാവ് ബോധ്യപ്പെടുത്തുമോ? കേരള മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, മറ്റു സമുദായങ്ങളിലുമുള്ള സ്ത്രീവിരുദ്ധരില്‍ ഏറ്റവും ചീത്തയായ കാന്തപുരം ഗ്രൂപ്പുമായിട്ടാണ് സിപിഎമ്മിന് അടുത്ത ബന്ധം. മുസ്‌ലിംകള്‍ക്കിടയിലെ മറ്റു പരമ യാഥാസ്ഥിതിക വിഭാഗങ്ങളുമായും അവര്‍ക്കു ധാരണകളുണ്ട്. എസ്ഡിപിഐയുടെ നിലപാടുകള്‍ അത്ര യാഥാസ്ഥിതികമല്ല; നാഷനല്‍ വിമന്‍സ് ഫ്രണ്ടിനെ നയിക്കുന്നത് വെറും ബൊമ്മകളല്ല. അവരോടു പോരാടുന്നതിനു സിപിഎമ്മിനു മറ്റു കാരണങ്ങള്‍ കാണും. എന്നാല്‍, ഇസ്‌ലാംവിരോധത്തിന്റെ വിവേകശൂന്യമായ പ്രയോഗം ഇടതുപക്ഷത്തിന്റെ കാതല്‍മൂല്യങ്ങള്‍ ദുര്‍ബലമാക്കുകയേയുള്ളൂ. ഇപ്പോള്‍ തന്നെ ക്ഷീണാവസ്ഥയിലാണ് അവ. ഉദാരവാദ-സ്ത്രീവാദത്തിന്റെ ദരിദ്രമായ ഒരു പതിപ്പ് സിപിഎം അനുയായികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതില്‍ തന്നെ അതു വ്യക്തമാണ്. അവസാനമായി ഒരു വിശദീകരണം കൂടി ചോദിച്ചോട്ടെ. ലേഖനത്തില്‍, കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് പോലുള്ള തീവ്ര മുസ്‌ലിം ഗ്രൂപ്പുകള്‍, ഹിന്ദുക്കളെ വിവാഹം കഴിക്കുന്ന മുസ്‌ലിം സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് എഴുതുന്നു. ഈ അവകാശവാദത്തിന് എന്തു തെളിവാണ് താങ്കളുടെ കൈയിലുള്ളത്? കുറേക്കാലമായി വളരെയേറെ ആക്രമണത്തിനു വിധേയമാവുന്ന ഒരു വിഭാഗമാണത്. മുസ്‌ലിം തീവ്രവാദത്തെക്കുറിച്ചു വളരെ ജാഗ്രതയുള്ളവരാണ് കേരളത്തിലെ പൊതുസമൂഹം. ആ നിലയ്ക്ക് ഈ തെമ്മാടികള്‍ക്കെതിരേ പോലിസ് അനേകം കേസുകള്‍ എടുത്തിരിക്കുമല്ലോ? കുറച്ചു ദിവസമായി ഞാന്‍ അത്തരം കേസുകളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. നന്നെ കുറച്ചു കേസുകള്‍ മാത്രമാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവയില്‍ ഒന്നും പോപുലര്‍ ഫ്രണ്ടുമായി നേരിട്ടു ബന്ധപ്പെട്ടതല്ല. താങ്കളുടെ പക്കല്‍ കേസ് നമ്പര്‍, കേസെടുത്ത പോലിസ് സ്‌റ്റേഷന്‍ തുടങ്ങിയ വിവരങ്ങളുണ്ടെങ്കില്‍ ആ വിവരം പങ്കുവയ്ക്കുമോ? 2008നു ശേഷം ഇടതും വലതുമുള്ള വിഭാഗങ്ങളുടെ സ്ഥിരമായ പിശാചുവല്‍ക്കരണത്തിന്റെ ഇരകളാണ് പോപുലര്‍ ഫ്രണ്ട്. അതിനാല്‍ തന്നെ വ്യക്തമായ വസ്തുതകളെ ആശ്രയിക്കാന്‍ സമയമായി. അല്ലെങ്കില്‍ സിപിഎം നിഷ്‌കരുണമായി തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുന്നു എന്ന സംഘി ആവലാതി പോലെ അവസാനിക്കുമത്. ഉറച്ച സിപിഎംവിരുദ്ധര്‍ക്കു ശരിയാണെന്നു തോന്നുമെങ്കിലും വസ്തുതയുടെ പിന്‍ബലമില്ലാത്തതാണ് സിപിഎമ്മിനെതിരേയുള്ള സംഘി ആരോപണങ്ങള്‍. വിശ്വാസികളായ മുസ്‌ലിംകള്‍ക്കെതിരേ ഭയത്തിന്റെ ഒരന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം സംഭവങ്ങളെപ്പറ്റി പരാതികള്‍ സമര്‍പ്പിക്കേണ്ടതും അവയെപ്പറ്റി അന്വേഷിക്കേണ്ടതുമുണ്ട്. അല്ലെങ്കില്‍ താങ്കളുടെ ലേഖനത്തിലെ അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കേണ്ടതാണ്. കേരളത്തില്‍ എസ്എഫ്‌ഐ പിള്ളേര്‍ സദാചാരപ്പോലിസ് കളിക്കുന്നത് വളരെ സാധാരണമാണ്. എന്നാല്‍, ഒരു സംഘടനയെന്ന നിലയ്ക്ക് എസ്എഫ്‌ഐ അതിനെ അനുകൂലിക്കുകയില്ല. എസ്ഡിപിഐയെ പിശാചുവല്‍ക്കരിക്കുന്നതിലൂടെ ഭയചകിതരായ ഹിന്ദു വോട്ടര്‍മാരെ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞെന്നുവരാം. എന്നാല്‍, നിസ്സാരമായ തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി അതു  ചെയ്യുന്നത് വലിയ തെറ്റാണ്. ഹാദിയയുടെ കാര്യത്തിലുള്ള താങ്കളുടെ തത്ത്വാധിഷ്ഠിതമായ നിലപാട് ദുര്‍ബലപ്പെടുത്തുന്നതല്ല ഈ വിയോജിപ്പുകള്‍. ചില സിപിഎം അനുകൂലികള്‍ താങ്കളെ 'സുഡാപിനി' എന്നു വിളിക്കുന്നതായി കേള്‍ക്കുന്നു. പിതാവിന്റെ അവകാശം എന്ന സിദ്ധാന്തമോ മുസ്‌ലിം ഭീകരവാദം എന്ന ആഖ്യാനമോ സ്വീകരിക്കാത്തവരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന പദമാണത്. സാരമില്ല. അക്കണക്കില്‍ ഇന്ത്യന്‍ വനിതാ പ്രസ്ഥാനത്തിലെ നമ്മെപ്പോലുള്ള എല്ലാവരും സുഡാപിനികളാണ്. സ്‌നേഹാദരങ്ങളോടെ.                                                     ി

Next Story

RELATED STORIES

Share it