Pathanamthitta local

വൃദ്ധ ദമ്പതികളുടെ കൊലപാതകം; ജാമ്യം നിന്ന രണ്ടുപേരെ കോടതി നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഇട്ടിയപ്പാറയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് വ്യാജരേഖ ചമച്ച് ജാമ്യം നിന്ന രണ്ടു പേരെ കോടതി നിര്‍ദ്ദേശപ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ലം പാച്ചന്നൂര്‍ നസീര്‍ ഹുസയ്ന്‍ (55), മണക്കാലാ സ്വദേശി സുധീഷ്‌കുമാര്‍ (46) എന്നിവരെയാണ് തിരുവല്ല ഡിവൈഎസ്പി കെ ജയകുമാറും, റാന്നി സിഐ എം എ അബ്ദുര്‍ റഹിമും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. ഇല്ലാത്ത വസ്തുവിന്റെ കരം തീര്‍ത്ത രസീത് ഹാജരാക്കിയാണ് ഇവര്‍ പ്രതികളെ ജാമ്യത്തിലെടുത്തതെന്നാണ് കണ്ടെത്തല്‍. ഇട്ടിയപ്പാറ ചുഴുകുന്നില്‍ ജോര്‍ജ് ജോണ്‍, ഭാര്യ കുഞ്ഞമ്മ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലെ രണ്ടു പ്രതികളെ ജാമ്യത്തില്‍ എടുത്തവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഡിസംബര്‍ 16 നു രാത്രിയിലാണ് വൃദ്ധ ദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരായ മൂന്നു പ്രതികളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഫിറോസാബാദ് സ്വദേശി ഫക്രൂദീന്‍, സുഹൃത്തുക്കളായ സമീര്‍ അലി, ഇല്യാസ് എന്നിവരാണ് കേസിലെ പ്രതികളെന്നു പോലീസ് കണ്ടെത്തിയിരുന്നു.
ഇതില്‍ സമീര്‍ അലി, ഇല്യാസ് എന്നിവര്‍ക്കു സോപാധിക ജാമ്യം ലഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി മുമ്പാകെ ഹാജരാകണമെന്നായിരുന്നു ഉപാധി. ഇവരെയാണ് നസീര്‍ ഹുസയ്ന്‍, സുധീഷ്‌കുമാര്‍ എന്നിവര്‍ ആഗസ്ത് 22ന് ജാമ്യത്തിലെടുത്തത്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മുങ്ങുകയും ഉപാധി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാതെ വരികയും ചെയ്തതിനെ തുടര്‍ന്ന് കോടതി ജാമ്യക്കാര്‍ക്ക് നോട്ടീസ് അയച്ചു. നോട്ടീസ് നടത്താന്‍ തിരുവനന്തപുരത്തിനു പോയ പോലീസുകാര്‍ക്ക് ഇവര്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജരേഖയാണെന്നു ബോധ്യപ്പെട്ടു. നേമം, കൊല്ലായില്‍ വില്ലേജുകളിലെ ഭൂമിക്ക് കരം തീര്‍ത്തതായി കാണിക്കുന്ന വ്യാജ രസീതാണ് ജാമ്യക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്. സുധീഷിനും നസീര്‍ ഹുസൈനും സ്വന്തമായി ഭൂമിയോ വീടോ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ഉപയോഗപ്പെടുത്തി മറ്റു ചിലര്‍ പ്രതികള്‍ക്കു വേണ്ടി ജാമ്യം നേടുകയായിരുന്നുവെന്നാണ് കരുതുന്നത്. നോട്ടീസ് പ്രകാരം ഹാജരായ ജാമ്യക്കാരെ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it