Pathanamthitta local

വൃദ്ധയുടെ സ്വര്‍ണമാല അപഹരിച്ച യുവാവ് അറസ്റ്റില്‍

കോന്നി: കൂടലില്‍ നിന്ന് വൃദ്ധയുടെ രണ്ടര പവന്റെ സ്വര്‍ണമാല അപഹരിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി.തൊടുപുഴ തെക്കുംഭാഗം പുത്തന്‍പുരയ്ക്കല്‍ സോണിയെന്നു വിളിക്കുന്ന ജോബി ജോണ്‍ (37) ആണ് പിടിയിലായത്.  24 ന് രാവിലെ 6.30 ന് ബന്ധുവീട്ടിലേക്ക് പോകാന്‍ റോഡിലൂടെ നടക്കുമ്പോള്‍ സ്‌റ്റേഡിയം ജങ്ഷന്‍ ആശീര്‍വാദ് വീട്ടില്‍ ജാനകിയമ്മയു(72)ടെ മാലയാണ് പറിച്ചത്. ജാനകിയമ്മ വീട്ടില്‍ തിരികെയെത്തി ആളെ കൂട്ടി കാറില്‍ തെരച്ചല്‍ നടത്തിയ ശേഷം പരാതി നല്‍കാന്‍ പോയപ്പോള്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ വച്ച് ജോബിയെ കണ്ടു. ജാനകിയമ്മയെ തിരിച്ചറിഞ്ഞ ഇയാള്‍ ഓടി. നാട്ടുകാര്‍ പിന്നാലെ കൂടിയതോടെ ക്ഷേത്രത്തിനു സമീപത്തു കൂടി കുരങ്ങയം റോഡിലെത്തി റബര്‍ തോട്ടത്തില്‍ വച്ചു വേഷം മാറി രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച ബാഗില്‍ ഉണ്ടായിരുന്ന മൊബൈല്‍ സിം കാര്‍ഡ് വച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും വിലാസവും, ഫോട്ടോയും ലഭിച്ചു. ഈ ഫോട്ടോ ജാനകിയമ്മ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് വേറെ സിം കാര്‍ഡ് ഉള്ളതായി മനസിലായി. ഇതിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലിസ് നിരീക്ഷിച്ചു വരികയായിരുന്നു. എറണാകുളത്ത് ചെന്ന് മാല വിറ്റ ശേഷം കര്‍ണാടക, രാജസ്ഥാന്‍, മധുര, ചെങ്കോട്ട  എന്നിവിടങ്ങളിലൂടെ കറങ്ങി തിങ്കളാഴ്ച രാത്രി ഏഴരയോടെ കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയിലേക്ക് പോകാനായി വരുമ്പോള്‍ പത്തനാപുരത്തു വച്ചാണ് പോലിസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ രണ്ട് വാഹന മോഷണക്കേസിലും, ഉദയംപേരൂരില്‍ മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. ഒരോ പ്രദേശത്തും എത്തി മൂന്നു മാസം വാടകയ്ക്ക് താമസിച്ച ശേഷം മോഷണം നടത്തി മുങ്ങുകയാണ് പതിവ്. കൂടല്‍ എസ്‌ഐ. ശ്യാം മുരളി, എസ്‌ഐ കെ വി തോമസ്, എഎസ്‌ഐമാരായ ഷിബു, സജീവ്, സിപിഒമാരായ അജേഷ്, അശ്‌റഫ്, മനോജ്, രാജീവ്, റോയി മോന്‍  സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ജോബിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it