Idukki local

വൃദ്ധയുടെ ദുരൂഹ മരണം; കൊലപാതകത്തിന് കേസെടുത്തു

തൊടുപുഴ: ഇലപ്പള്ളി മുരിക്കിനാനിക്കല്‍ അന്നമ്മ (96)യുടെ ദുരൂഹ മരണത്തില്‍ കൊലപാതകകുറ്റത്തിന് കേസെടുത്തു. ഫെബ്രുവരി ആറിനാണ് അന്നമ്മക്ക് വീട്ടുമുറ്റത്ത് വച്ച് ദുരൂഹമായ സാഹചര്യത്തില്‍ തലയ്ക്കും കൈയ്ക്കും പരിക്കേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് മരണം രണ്ടായതോടെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വൃദ്ധ പരിക്കേറ്റ ദിവസം മുതല്‍ മരണ ദിവസം വരെ അബോധാവസ്ഥയിലായിരുന്നു. വൃദ്ധക്ക് പരിക്കേറ്റത് മോഷണശ്രമത്തിനിടെയാണെന്ന ആരോപണത്തെക്കുറിച്ച് വ്യക്തതയില്ലാത്തതാണ് പോലിസിനെ കുഴക്കുന്നത്. അബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ വൃദ്ധയുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റിനും പോലിസിനും കഴിഞ്ഞില്ല. എന്നാല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ പുരോഹിതനോട് മാല മോഷണത്തെക്കുറിച്ച് വൃദ്ധ സൂചിപ്പിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പോലിസ് അറിയിച്ചു.
വീട്ടില്‍ വച്ച് അബോധാവസ്ഥയിലായിരുന്ന വൃദ്ധ 'മാലയുടെ കാര്യം പിറുപിറുത്തുവെന്ന് വീട്ടുകാര്‍ അന്നമ്മയുടെ മരണശേഷം പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. 96 വയസ്സായിരുന്നുവെങ്കിലും മുറ്റം വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള അത്യാവശ്യം ജോലികള്‍ അന്നമ്മ ചെയ്തിരുന്നു. മുറ്റത്ത് ഗ്രാമ്പു നിരത്തുന്നതിനിടെയാണ് അന്നമ്മയ്ക്ക് പരിക്കേല്‍ക്കുന്നത്.
മാല മോഷണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15ന് സമീപവാസിയായ ഇലപ്പള്ളി പാത്തിക്കപ്പാറ വിന്‍സന്റിന്റെ ഭാര്യ ജയ്‌സമ്മയെ പോലിസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ഒന്നര വയസ്സുള്ള മകന്‍ ആഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ജയ്‌സമ്മയെ വിശദമായി ചോദ്യം ചെയ്തിരുന്നുവെങ്കിലും മോഷണക്കുറ്റം നിഷേധിച്ചു.
നുണ പരിശോധനക്കും തയ്യാറാണെന്ന് ജയ്‌സമ്മ പോലിസിനെ അറിയിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും സംശയമുള്ളവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയും പോലിസ് ചോദ്യം ചെയ്‌തെങ്കിലും കുറ്റം തെളിയിക്കാനായില്ല.
ഇതിനിടെ സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറായെടുത്തു വരികയായിരുന്നു.
Next Story

RELATED STORIES

Share it