Idukki local

വൃദ്ധയുടെ തലയ്ക്കടിയേറ്റ സംഭവം; ലക്ഷ്യം മോഷണമല്ലെന്ന നിഗമനത്തില്‍ പോലിസ്

തൊടുപുഴ: വൃദ്ധയെ തലക്കടിച്ചു വീഴ്ത്തി മാല മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം മരവിച്ചു. പ്രതിയെ കുറിച്ച് നിര്‍ണായകമായ സൂചനകള്‍ ലഭിച്ചിട്ടും അറസ്റ്റിനു തയ്യാറാവാത്ത പോലിസ് നിലപാടാണ് പ്രശ്‌നമെന്നും ആക്ഷേപമുണ്ട്.
സംശയമുള്ള ചിലരെ ഇലക്ഷനു ശേഷം ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ഇപ്പോള്‍ പോലിസ്. ജയ്‌സമ്മയെ കുറ്റക്കാരിയെന്ന ചിത്രീകരിച്ച ശേഷം യഥാര്‍ഥ പ്രതിയെ പിടിച്ചാല്‍ ജനരോഷമുണ്ടാവുമെന്ന ഭയമാണ് പോലിസിന്റെ തണുപ്പന്‍ സമീപനത്തിനു പിന്നിലെന്നു സൂചനയുണ്ട്.
ഫെബ്രുവരി ആറിനാണ് ഇലപ്പളളി മുരിക്കനാനിക്കല്‍ അന്നമ്മ (96) വീട്ടുമുറ്റത്ത് അക്രമത്തിനിരയായത്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. ആശുപത്രിയിലെത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ ബന്ധുക്കള്‍ ആഭരണങ്ങള്‍ അഴിച്ചു മാറ്റിയിപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. എന്നാല്‍ അണിഞ്ഞിരുന്ന മറ്റ് ആഭരണങ്ങള്‍ നഷ്ടപ്പെടാത്തതാണ് പോലിസിനെ യഥാര്‍ഥ പ്രതി മോഷ്ടാവല്ലെന്ന നിഗമനത്തിലെത്തിച്ചത്. അന്നമ്മ ആഭരണം മാറ്റാര്‍ക്കെങ്കിലും നല്‍കിയോ എന്നും പോലിസ് അന്വേഷിച്ചിരുന്നു. അതുമുണ്ടായിട്ടില്ല. ഇതൊരു മോഷണമല്ല എന്ന നിഗമനത്തിലാണ് പോലിസ്. അന്നമ്മ വിണതാണോ എന്നും സംശയമുണ്ട്.
ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇലപ്പളളി പാത്തിക്കപ്പാറയില്‍ വിന്‍സന്റിന്റെ ഭാര്യ ജയ്‌സമ്മയെ പോലിസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ജെയ്‌സമ്മക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് ഭര്‍തൃപിതാവ് ജോസും പോലിസില്‍ മൊഴി നല്‍കിയിരുന്നു. പോലിസ് ചോദ്യം ചെയ്തതിന്റെ പിറ്റേന്ന് ജെയ്‌സമ്മ ഒന്നര വയസ്സുള്ള മകന്‍ ആഷിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ചെയ്യാത്ത കുറ്റം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ജെയ്‌സമ്മ കത്തെഴുതി വച്ചിട്ടായിരുന്നു ക്രൂരകൃത്യം ചെയ്തത്. ദാരുണ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it