wayanad local

വൃദ്ധദമ്പതികളെ ദുരിതത്തിലാക്കി പനമരം പഞ്ചായത്ത്



മാനന്തവാടി: വീട് നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാതെ വൃദ്ധദമ്പതികള്‍ ദുരിതത്തില്‍. പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മാനാഞ്ചിറ മൊക്കത്തെ അന്ധനായ കല്ലങ്കോടന്‍ ഇബ്രാഹീ(70)മും ഭാര്യ സംസാരശേഷിയില്ലാത്ത മാമി(65)യുമാണ് വീട് പൂര്‍ത്തീകരിക്കാന്‍ കടം വാങ്ങിയ തുക നല്‍കാന്‍ കഴിയാതെ വിഷമത്തിലായത്. മക്കളില്ലാത്ത ഈ വൃദ്ധദമ്പതികള്‍ ഷീറ്റ് കൊണ്ട് മറച്ച വീട്ടിലായിരുന്നു താമസിച്ചത്. വാര്‍ഡില്‍ വീട് നല്‍കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ഇബ്രാഹീമിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ മറ്റൊരാളെ തിരുകിക്കയറ്റി. ഏറ്റവും അര്‍ഹനായിരുന്നിട്ടും ഈ വൃദ്ധനെ തഴഞ്ഞതില്‍ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയതൊടെ പഞ്ചായത്തിന്റെ മേല്‍ക്കൂര നിര്‍മാണ പദ്ധതിയില്‍ ഈ കുടുംബത്തെ ഉള്‍പ്പെടുത്തി. പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തുക നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതുപ്രകാരം നാട്ടുകാരുടെ സഹായത്തോടെ പലരില്‍ നിന്നും കടം വാങ്ങിയും മറ്റും 24,000 രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. എന്നാല്‍, പണത്തിനായി ദിവസങ്ങളായി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയാണെന്ന് ഇബ്രാഹീമിന്റെ സഹോദരന്‍ ഉമ്മര്‍ പറഞ്ഞു. അവശനും അന്ധനുമായ ഇബ്രാഹീം വീടിന് പുറത്തിറങ്ങിയിട്ടു തന്നെ വര്‍ഷങ്ങളായി. വാര്‍ധക്യസഹജമായ ചില മാനസിക അസ്വാസ്ഥ്യങ്ങളുമുണ്ട്. ഇതുവരെയായി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള യാതൊരു വിധ ആനുകൂല്യങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടില്ല. പൂര്‍ണമായി സംസാരശേഷി നഷ്ടപ്പെട്ട മാമിക്ക് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം.
Next Story

RELATED STORIES

Share it