Idukki local

വൃക്ഷസംരക്ഷണ നിയമം: ഭേദഗതി വരുത്തും

ഇടുക്കി: സിഎച്ച്ആര്‍ പരിധിയിലുള്ള ഭൂമി പതിവ് ചട്ടം പ്രകാരം പതിച്ച് നല്കിയിട്ടുള്ള ഭൂമിയെ 1986 ലെ കേരളാ വൃക്ഷസംരക്ഷണ നിയമം വകുപ്പ് അഞ്ചില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിക്കായി ചീഫ്‌ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തിയതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് റോഷി അഗസ്റ്റിന്‍ എംഎല്‍എ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സിഎച്ച്ആര്‍ പരിധിയിലുള്ള ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുകൊടുത്തിട്ടുള്ള ഭൂമി കേരളാ വൃക്ഷസംരക്ഷണ നിയമം 1986 സെക്ഷന്‍ അഞ്ചു പ്രകാരമുള്ള വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു റോഷിയുടെ ആവശ്യം.
രാജഭരണകാലത്ത് 1887ല്‍ 15,720 ഏക്കര്‍ സ്ഥലമാണ് ഏലമലക്കാടുകളായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. എന്നാല്‍ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിനു ഏക്കര്‍ ഭൂമിയില്‍ ഇന്ന് ഏലംകൃഷിയുണ്ട്. 15,720 ഏക്കര്‍ സിഎച്ച്ആര്‍ സ്ഥലം അളന്നുമാറ്റിയാല്‍ വനസംരക്ഷണനിയമം സെക്ഷന്‍ അഞ്ചിന്റെ പരിധിയില്‍ നിന്ന് ഈ പ്രദേശം ഒഴിവാകുകയും കര്‍ഷകര്‍ക്ക് അവര്‍ നട്ടുപിടിപ്പിച്ച മരങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു. 1960 ലെ കേരളാ ലാന്റ് അസൈന്‍മെന്റും ആക്ടും അതിന്റെ കീഴിലുളള 1964 ലെ ചട്ടങ്ങള്‍ പ്രകാരവുമാണ് ഇടുക്കിയിലെ കര്‍ഷകര്‍ക്ക് പട്ടയം അനുവദിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് വായ്പയ്ക്കും മറ്റും അനുമതി നല്കുന്ന ഉദ്യോഗസ്ഥര്‍ ചട്ടം നാലിലെ ഉദ്ദേശം മനസിലാക്കാതെ ബില്‍ഡിംഗ് പെര്‍മിറ്റ്, കെട്ടിട നമ്പര്‍ ഉള്‍പ്പെടെയുള്ളവ നല്കാതിരിക്കുന്നു. 1977നുശേഷം നട്ടുപിടിപ്പിച്ചിട്ടുള്ള ചന്ദനം ഒഴികെയുള്ള വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം കര്‍ഷകര്‍ക്കു ലഭിക്കത്തക്കവിധത്തില്‍ പട്ടയവ്യവസ്ഥയില്‍ ഭേദഗതി വരുത്തുന്ന വിഷയം വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മന്ത്രി മറുപടി നല്‍കി.
ഏലം കര്‍ഷകര്‍ക്ക് ഇരുട്ടടി സമ്മാനിച്ചുകൊണ്ട് വര്‍ഷം തോറും കാര്‍ഡമം രജിസ്‌ട്രേഷന്‍ പുതുക്കണമെന്നുള്ള നിലപാടില്‍ മാറ്റംവരുത്തണമെന്ന ആവശ്യത്തിന് കാലപരിധി നിശ്ചയിക്കാതെ കാര്‍ഡമം രജിസ്‌ട്രേഷന്‍ നല്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്നു മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it