wayanad local

വൃക്ഷത്തൈ സംരക്ഷിക്കല്‍: പദ്ധതികള്‍ കടലാസിലൊതുങ്ങി; സര്‍ക്കാരിന് കോടികളുടെ നഷ്ടം

മാനന്തവാടി: സാമൂഹിക വനവല്‍ക്കരണ വകുപ്പ് നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകള്‍ സംരക്ഷിക്കല്‍ പദ്ധതികള്‍ കടലാസിലൊതുങ്ങി. വര്‍ഷംതോറും ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപയുടെ വൃക്ഷത്തൈ വച്ചുപിടിപ്പിക്കല്‍ ലക്ഷ്യം കാണാതെ പാഴാവുകയാണ്.
എന്റെ മരം, നമ്മുടെ മരം, ഹരിതതീരം, വഴിയോര തണല്‍, ഹരിതകേരളം ഇങ്ങനെ നിരവധി പദ്ധതികളിലൂടെ സാമൂഹിക വനവല്‍ക്കരണ വിഭാഗം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിവരുന്ന വനവല്‍ക്കരണ പദ്ധതികളാണ് ലക്ഷ്യം കാണാതെ പോവുന്നത്. ഓരോ പദ്ധതികള്‍ നടപ്പാക്കുമ്പോഴും ഇവ സംരക്ഷിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും നടപ്പായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ദേശീയ വനനയത്തിന്റെ ആദ്യഘട്ടം വഴിയോര തണല്‍ പദ്ധതിയായിരുന്നു.
ചുമട്ടുതൊഴിലാളികളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും നടപ്പാക്കിയെന്ന് അവകാശപ്പെട്ട ഈ പദ്ധതിയില്‍ 1,22,000 തൈകള്‍ വച്ചുപിടിപ്പിച്ചതായാണ് കണക്കുകള്‍. 36 ശതമാനം ബാക്കിയായെന്ന് വനംവകുപ്പ് അവകാശപ്പെടുമ്പോഴും വഴിയോരങ്ങളിലൊന്നും തന്നെ ഇത്തരം മരങ്ങള്‍ കാണാനില്ല.
എന്റെ മരം, നമ്മുടെ മരം എന്നീ പദ്ധതികളിലൂടെ വിദ്യാര്‍ഥികള്‍ മുഖേനയായിരുന്നു തൈ വച്ചുപിടിപ്പിക്കല്‍ നടന്നത്. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ഥികളെ ഉപയോഗിച്ചായിരുന്നു 52,69,000 തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തത്.
ഇതില്‍ എത്ര ശതമാനം അതിജീവിച്ചുവെന്നതില്‍ വനംവകുപ്പിന് കൃത്യതയില്ല. ഹരിതതീരം പദ്ധതിയിലൂടെ 22,52,000 തൈകള്‍ കടലോരങ്ങളിലും നട്ടു. ഹരിതകേരളം പദ്ധതി പ്രകാരം പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു തൈകള്‍ നടീലും നടത്തിയത്. തൈകളുടെ പരിചരണം, പരിപാലനം എന്നീ പ്രവൃത്തികളുടെ ചുമതലയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായിരുന്നു.
എന്നാല്‍, പരിസ്ഥിതി ദിനത്തില്‍ തൈ നട്ടതൊഴിച്ചാല്‍ തുടര്‍പരിചരണമൊന്നും ഉണ്ടായില്ല. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരേതര ഭൂമി, പാതയോരങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍, പുഴ, തോട്, തടാകം പരിസരങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ആഞ്ഞിലി, വേപ്പ്, അശോകം, ബദാം, കണിക്കൊന്ന, കൂവളം, മഹാഗണി, മാവ്, നെല്ലി, ഞാവല്‍, പ്ലാവ്, തേക്ക്, താന്നി, വേങ്ങ തുടങ്ങിയ തൈകള്‍ നട്ടുപിടിപ്പിക്കുന്നത്.
ജില്ലയില്‍ ബേഗൂര്‍, ചുരുളി, മേപ്പാടി നഴ്‌സറികളില്‍ നിന്നാണ് തൈകള്‍ ഉല്‍പാദിപ്പിച്ച് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വിതരണം ചെയ്യുന്നത്.
എല്ലാ പരിസ്ഥിതി ദിനത്തിലും നട്ടുപിടിപ്പിക്കാന്‍ വിതരണം ചെയ്യുന്ന തൈകളില്‍ എത്രയെണ്ണം ശരിയാംവണ്ണം നട്ടുപിടിപ്പിച്ചെന്നോ സംരക്ഷിച്ചെന്നോ പരിശോധിക്കാന്‍ വനംവകുപ്പിന് സംവിധാനമില്ലാത്തതാണ് സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നത്.
Next Story

RELATED STORIES

Share it