wayanad local

വൃക്ഷത്തൈകള്‍ സംരക്ഷിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുന്നു

കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനാചരണമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 'ഓര്‍മമരം' പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കിയ 'ഓര്‍മമരം' പദ്ധതിക്ക് ലഭിച്ച പിന്തുണയാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി സാമൂഹിക വനവല്‍ക്കരണ വിഭാഗം, എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, അമ്പലവയല്‍ ആര്‍എആര്‍എസ്, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ കൂടുതള്‍ തൈകള്‍ നടാനും അവ സംരക്ഷിക്കുന്നതിന് പ്രത്യേക കര്‍മ പദ്ധതിയാവിഷ്‌കരിക്കാനും പ്രേരണയായത്.
കാരാപ്പുഴ, ബാണാസുരസാഗര്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രത്യേക പരിഗണന നല്‍കി ഭൂപ്രദേശത്തിനനുയോജ്യമായ മരങ്ങള്‍ വച്ചുപിടിപ്പിക്കും. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തുകളില്‍ വനവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഓറിയന്റല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ ലക്കിടി മുതല്‍ കല്‍പ്പറ്റ വരെ എന്‍എസ്എസ് വോളന്റിയര്‍മാരുടെ സഹകരണത്തോടെ മരം വച്ചുപിടിപ്പിക്കുകയും ട്രീ ഗാര്‍ഡ് സ്ഥാപിച്ച് സംരക്ഷിക്കുകയും ചെയ്യും. ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വൃക്ഷത്തൈകള്‍ നടും.
നഗര വനവല്‍ക്കരണ വിഭാഗം പ്രധാന സ്ഥലങ്ങളില്‍ രണ്ടായിരം വൃക്ഷത്തൈകള്‍ നടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയുടെ പരിസരങ്ങളിലും പ്രകൃതിക്കനുയോജ്യമായ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ബൂത്തുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍, ലോ ഓഫിസര്‍ എന്‍ ജീവന്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഷജ്‌ന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനിതകുമാരി, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it