kozhikode local

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മാത്രം പ്രകൃതിസംരക്ഷണമാവില്ല: മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: പരിസ്ഥിതി ദിനത്തിന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം അവ പരിപാലിക്കുകയും ചെയ്താലേ മരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് എക്‌സൈസ്- തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. വനം വന്യജീവി വകുപ്പിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നത് നാടിന്റെ തകര്‍ച്ചയ്ക്കു കാരണമാവുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യ സമൂഹത്തെയാകെ ഗ്രസിച്ചിട്ടുണ്ട്. പ്രകൃതിയെ തിരിച്ചു പിടിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനങ്ങള്‍ ആചരിക്കുന്നത്. ഇതോടൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി പറഞ്ഞു. മീഞ്ചന്ത രാമകൃഷ്ണമിഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് വൃക്ഷത്തെ നട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വനമിത്രാ പുരസ്‌കാരവിതരണവും മന്ത്രി നിര്‍വഹിച്ചു.ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള തൈ വിതരണ ഉദ്ഘാടനവും പ്രകൃതി മിത്രാ അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍ പ്രഖ്യാപനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും വനംവകുപ്പ് കോഴിക്കോട് വടക്കന്‍മേഖലാ അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ്കുമാര്‍ നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, അസി. പൊലിസ് കമ്മീഷണര്‍ സുബൈര്‍, പ്രഫ. ടി ശോഭീന്ദ്രന്‍, എന്‍ ടി സാജന്‍, വി സന്തോഷ്‌കുമാര്‍, രാമകൃഷ്ണമിഷന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശിധരന്‍, കെ വി ഉത്തമന്‍, കെ പി ഉദയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it