kannur local

വൃക്ക മാറ്റിവച്ചവര്‍ക്ക് സൗജന്യ മരുന്നു നല്‍കാന്‍ പദ്ധതി

കണ്ണൂര്‍: ജില്ലയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുക. വൃക്കരോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രത്യേക ഫാര്‍മസി തുടങ്ങും.
സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പാക്കുക. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
വൃക്ക മാറ്റിവച്ചവരില്‍ ചിലര്‍ അവരുടെ പ്രയാസങ്ങള്‍ പങ്കുവച്ചപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. മാസത്തില്‍ കഴിക്കുന്ന ശരാശരി 20,000 രൂപയുടെ മരുന്നുകളുടെ ബലത്തിലാണ് ശിഷ്ടജീവിതം. കാര്യമായ ജോലിയൊന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ.  ചികില്‍സാ ചെലവിനൊപ്പം വീട്ടുകാര്യങ്ങളും മക്കളുടെ പഠനം ഉള്‍പ്പെടെയുള്ള
മറ്റു ചെലവുകളും വേറെ. സമൂഹത്തില്‍നിന്ന് ലഭിക്കുന്ന ചെറിയ കൈത്താങ്ങ് ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായകമാവുമെന്ന് പി പി കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ചെറിയ അസുഖങ്ങള്‍ക്ക് പോലും കോഴിക്കോേേട്ടാ മംഗളൂരുവിലോ പോവേണ്ട സ്ഥിതിയാണെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രേമരാജന്‍ പുന്നാട്, കെ പി സഹദേവന്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
വൃക്കരോഗികളോട് ചില ആശുപത്രികളും ഫാര്‍മസികളും കാണിക്കുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.  ജില്ലയില്‍ വൃക്ക മാറ്റിവച്ചവരായി 2500ലേറെ പേര്‍ ഉണ്ടെന്നാണ് ലഭ്യമായ കണക്ക്. എന്നാല്‍ യഥാര്‍ഥ എണ്ണം ഇതിലേറെ വരും. ഇവരുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സൗജന്യമായി മരുന്ന് നല്‍കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് മുന്‍ണനേതര കാര്‍ഡ് തടസ്സമാവില്ല. വൃക്കരോഗം മൂലം ജീവിതം വഴിമുട്ടുന്നവരുടെ പുനരധിവാസത്തിന് സാധ്യമായ വഴികള്‍ ആലോചിക്കും.
ആഴ്ചയില്‍ ആറുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ വഴി ഇതിനകം 60,000 തവണ ഡയാലിസിസ് സേവനം ലഭ്യമാക്കിയതായും കെ.വി സുമേഷ് പറഞ്ഞു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സന്തോഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി പി രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it