വൃക്കരോഗമുള്ളവര്‍ക്ക് ഖത്തറില്‍ വിസ ലഭിക്കില്ല

ദോഹ: പുതുതായി ഖത്തറിലെത്തുന്നവര്‍ക്കുള്ള വൈദ്യപരിശോധനയില്‍ കിഡ്‌നി രോഗവും ഉള്‍പ്പെടുത്തും. കിഡ്‌നിക്ക് രോഗബാധയുള്ളതായി കണ്ടെത്തിയാല്‍ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കില്ലെന്നും നാട്ടിലേക്കു തിരിച്ചയക്കുമെന്നും ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഇബ്രാഹിം അല്‍ശാര്‍ അറിയിച്ചു.
പ്രവാസികള്‍ക്കുള്ള വൈദ്യപരിശോധനയില്‍ ക്ഷയം, ഹെപറ്റൈറ്റിസ് സി(കരള്‍ രോഗം) എന്നിവയ്ക്കുള്ള പുതിയ പരിശോധനകളും ഉള്‍പ്പെടുത്തുന്നുണ്ട്. പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍ പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. ഡയാലിസിസ് ആവശ്യമാവുന്ന വിധത്തിലുള്ള വൃക്ക തകരാര്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് റസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതിനു പുതിയ പരിശോധന ഉള്‍പ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം എച്ച്എംസി പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം രാജ്യത്തെ 13 ശതമാനം പേര്‍ വൃക്ക രോഗബാധിതരാണ്. വര്‍ഷം 250-300 പേര്‍ ഡയാലിസിസിന് വിധേയരാവുന്നുണ്ട്. നിലവില്‍ എയ്ഡ്‌സ്, ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ പരിശോധനകളാണ് റസിഡന്‍സ് പെര്‍മിറ്റ് നല്‍കും മുമ്പ് നടത്തുന്നത്.
സിഫിലിസിനുള്ള(പറങ്കിപ്പുണ്ണ്) പരിശോധനയും കൂട്ടിച്ചേര്‍ത്തതായി ഉന്നത ആരോഗ്യസമിതി അറിയിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും രോഗം ഉള്ളതായി മെഡിക്കല്‍ കമ്മീഷന്‍ പരിശോധനയില്‍ സംശയം തോന്നിയാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് വിവരം പ്രവാസിയുടെ സ്‌പോണ്‍സറെ അറിയിക്കും. കൃത്യമായ ഫലം ലഭിക്കുന്നതിന് തുടര്‍ പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും.
Next Story

RELATED STORIES

Share it