Kannur

വൃക്കയ്‌ക്കൊരു തണലുമായി ബോധവല്‍ക്കരണ പ്രദര്‍ശനം



കണ്ണൂര്‍: ജീവകാരുണ്യ സംരംഭമായ തണല്‍വീടിന്റെ പ്രവര്‍ത്തനങ്ങള്‍ മലബാറിലെ നിര്‍ധനര്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ പോലിസ് മൈതാനിയില്‍ സംഘടിപ്പിച്ച തണല്‍ ഫെയറില്‍ ജനത്തിരക്കേറി. വിനോദ റെയ്ഡുകള്‍, വാണിജ്യ പവലിയനുകള്‍ എന്നിവ കൂടാതെ മെഡിക്കല്‍ എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്. വൃക്കയ്‌ക്കൊരു തണല്‍ എന്ന പേരില്‍ സജ്ജീകരിച്ച മെഗാ പവലിയനാണ് പ്രധാന ശ്രദ്ധാകേന്ദ്രം. വൃക്കരോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തണല്‍വീട് നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികളുടെ തുടര്‍ച്ചയാണു എക്‌സിബിഷന്‍. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ ദിനേന പൊതുജനങ്ങളുടെ തിരക്കാണിവിടെ. സംശയനിവാരണത്തിന് പുറമെ പ്രാഥമിക പരിശോധനയ്ക്ക് വരെ സൗകര്യമുണ്ട്. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍, വൃക്കരോഗത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികില്‍സാരീതികള്‍, വൃക്കസംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്നതാണ് പ്രദര്‍ശനം. മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തനങ്ങളും, രോഗവും, രോഗസാധ്യതകളുമെല്ലാം വിശദീകരിക്കുന്നു. ഡയാലിസിസ് ഡെമോ, അവയവദാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പവലിയനുകളും പുത്തനറിവ് പകരും. ആരോഗ്യ മുന്‍കരുതലിന്റെ ജീവിതപാഠങ്ങള്‍ നല്‍കുന്ന ഡോക്യുമെന്ററി തിയേറ്ററും പ്രദര്‍ശന നഗരിയിലെ പ്രത്യേകതയാണ്. വൃക്കരോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള പരിശോധനയും ഒരുക്കിയിട്ടുണ്ട്. രോഗസാധ്യതയുണ്ടോ എന്നറിയാന്‍ മൂത്രത്തിലെ ആല്‍ബുമിന്‍ അളവ് നിര്‍ണയിക്കുന്നതാണ് ആദ്യഘട്ടം. ഇതില്‍ ആല്‍ബുമിന്‍ കണ്ടെത്തുന്നവര്‍ക്ക് രക്തപരിശോധനയ്ക്കും സൗകര്യമുണ്ട്. പ്രവേശനവും പരിശോധനകളും തികച്ചും സൗജന്യമാണ്. കൃത്യമായ മു ന്‍കരുതലുകളും ജീവിതക്രമീകരണങ്ങളും സ്വീകരിക്കാനും വൃക്കരോഗ ലക്ഷണങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനും ഇത്തരം പരിശോധനയിലൂടെ സാധിക്കും. അറിവിലൂടെ ആരോഗ്യം, ആരോഗ്യത്തിലൂടെ ആനന്ദം എന്ന സന്ദേശമാണ്  മെഡിക്കല്‍ എക്‌സിബിഷനിലൂടെ നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ ഏപ്രില്‍ ആദ്യവാരമാണ് പ്രദര്‍ശനം തുടങ്ങിയത്. വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പതുമണി വരെയാണ് പ്രവേശന സമയം. ഈ മാസം അവസാനവാരം പ്രദര്‍ശനം സമാപിക്കും.
Next Story

RELATED STORIES

Share it