വൃക്കദാനം സ്വജീവിതത്തില്‍ പകര്‍ത്താനൊരുങ്ങി ക്രിസ്തീയ പുരോഹിതന്‍

കോട്ടയം: ദാനത്തേയും ധര്‍മത്തേയും കുറിച്ചു പഠിപ്പിക്കുന്ന മതപുരോഹിതന്‍ വൃക്ക ദാനം ചെയ്യാനൊരുങ്ങി മാതൃക തീര്‍ക്കുന്നു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച നിയമപരമായ നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലെ ജീവനക്കാരനായ ഇ സൂരജിനാണ് ബിഷപ് വൃക്ക നല്‍കുന്നത്. ജീവിച്ചിരിക്കെ ഒരു ബിഷപ് വൃക്ക ദാനം ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മേല്‍ പറഞ്ഞു. ജൂണ്‍ ഒന്നിന് എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലിലാണു വൃക്കമാറ്റ ശസ്ത്രക്രിയ. ഇതു സംബന്ധിച്ച പരിശോധനകള്‍ ബിഷപ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വളരെ നിര്‍ധന കുടുംബത്തിലെ അംഗമാണ് സൂരജ്. അദ്ദേഹത്തിന്റെ ശസ്ത്രക്രിയക്കു വേണ്ട തുക സുമനസ്സുകളില്‍നിന്നു സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ബിഷപ് മാര്‍ ജേക്കബ് മുരിക്കലും ഇന്നലെ രാവിലെ മെഡിക്കല്‍ കോളജില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്തിയിരുന്നു. മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തോടു ചേര്‍ന്നു നിന്നുള്ള പ്രവൃത്തി എന്ന നിലയിലാണ് താന്‍ ഇതിനെ കാണുന്നതെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it