വീഴ്ചകള്‍ക്കിടയിലും നേട്ട പട്ടിക നിരത്തി ഡിജിപിയുടെ പ്രോഗ്രസ് കാര്‍ഡ്

തിരുവനന്തപുരം: പോലിസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളില്‍ മൗനം പാലിച്ച് കേരള പോലിസ് രാജ്യത്തെ നമ്പര്‍ വണ്‍ എന്ന അവകാശവാദവുമായി ഡിജിപിയുടെ പ്രോഗ്രസ് റിപോര്‍ട്ട്. ലോക്‌നാഥ് ബെഹ്‌റ 2016 ജൂണ്‍ ഒന്നിനു ചുമതലയേറ്റതു മുതലുള്ള രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപോര്‍ട്ടിലാണ് ഈ അവകാശവാദം. ജിഷ വധം, നടിക്കെതിരായ അക്രമം, നന്ദന്‍കോട് കൊലപാതകം തുടങ്ങിയ കേസുകള്‍ നേട്ടങ്ങളായി ഉയര്‍ത്തുമ്പോള്‍ വരാപ്പുഴ കസ്റ്റഡി കൊലപാതകം അടക്കമുള്ള പോലിസ് വീഴ്ചകളെക്കുറിച്ച് പരാമര്‍ശമില്ല. അതേസമയം, അച്ചടക്കവും ശുഭാപ്തിവിശ്വാസവും പുലര്‍ത്തിയാല്‍ വീഴ്ചകള്‍ പരിഹരിക്കാമെന്ന ഉപദേശവും പോലിസ് മേധാവി നല്‍കുന്നു.
വരാപ്പുഴയില്‍ ശ്രീജിത്തിനെ പോലിസ് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം അതിഗുരുതര വീഴ്ചയായി നിലനില്‍ക്കെയാണ് ബെഹ്‌റയുടെ മാര്‍ക്കിടല്‍. കേസില്‍ എസ്പി അടക്കം സസ്‌പെന്‍ഷനിലാണ്.
വിദേശ വനിതയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ സഹോദരിയെ കളിയാക്കി വിട്ട പോലിസ് ഒരു മാസം കഴിഞ്ഞാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാത്ത പോലിസ് പ്രതികള്‍ക്കു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഒത്താശ ചെയ്തു. മലപ്പുറത്തു പെണ്‍കുട്ടി തിയേറ്ററില്‍ പീഡനത്തിനിരയായ പരാതി മുക്കിയ പോലിസ്, മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് നടപടിക്ക് തയ്യാറായത്. കസ്റ്റഡി മര്‍ദനങ്ങളും വര്‍ഗീയ നിലപാടുകളും പോലിസില്‍ വര്‍ധിച്ചുവരുന്നതായി ആരോപണവും ശക്തമാകവേയാണ് ഡിജിപിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.
Next Story

RELATED STORIES

Share it