വീരേന്ദ്രകുമാറിന് വിജയം

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്രകുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വീരേന്ദ്രകുമാര്‍ മല്‍സരിച്ചത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫിന്റെ ബി ബാബു പ്രസാദിന് 40 വോട്ട് ലഭിച്ചു. 41 വോട്ടാണ് യുഡിഎഫിന് ഉണ്ടായിരുന്നത്.
എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ടി എ അഹ്മദ് കബീര്‍ വോട്ട് ചെയ്യാനെത്തിയില്ല. ഇദ്ദേഹത്തിനു പുറമെ കേരളാ കോണ്‍ഗ്രസ്സിന്റെ ഒമ്പതംഗങ്ങളും ബിജെപിയുടെ ഒ രാജഗോപാലും പി സി ജോര്‍ജും വോട്ട് രേഖപ്പെടുത്തിയില്ല. 2017 ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തിരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികള്‍ തങ്ങളുടെ പോളിങ് ഏജന്റുമാരെ നിയമിച്ചില്ലെന്നു കാണിച്ച് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു. സിപിഐ, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ ഏജന്റുമാരെ നിയമിച്ചിട്ടില്ലെന്നും ഇവരുടെ വോട്ട് എണ്ണരുതെന്നുമായിരുന്നു ആവശ്യം.
ഓരോ അംഗവും ചെയ്യുന്ന വോട്ട് അതത് പാര്‍ട്ടികള്‍ ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായാണിത്. എന്നാല്‍, പോളിങ് ഏജന്റിനെ വയ്ക്കണമെന്ന് തിരഞ്ഞെടുപ്പു ചട്ടങ്ങളില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it